മസ്‌ക്കറ്റ്: വാഹനങ്ങളുടെ മേൽ പോസ്റ്ററുകളും സ്റ്റിക്കറുകളും പതിപ്പിക്കുന്നതിനെതിരേ റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. വാഹനങ്ങളുടെ മേൽ പോസ്റ്ററുകൾ പതിപ്പിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്നും ഇതു ലംഘിക്കുന്നവർക്ക് പിഴ നൽകേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പു നൽകി.

ഈദ്, ദേശീയ ദിനം തുടങ്ങിയ ആഘോഷവേളകളിൽ വാഹനഉടമകൾ തങ്ങളുടെ വാഹനം മുഴുവൻ പോസ്റ്ററുകൾ ഒട്ടിച്ച് അലങ്കരിക്കുന്ന പതിവുണ്ട്. ഇതു പുതിയ നിയമമല്ലെന്നും ഒമാന്റെ നിലവിലുള്ള ട്രാഫിക് നിയമങ്ങളിൽ ഇതും പെടുന്നുണ്ടെന്നും ഇതൊരു ഓർമപ്പെടുത്തലാണെന്നും ഒമാൻ പൊലീസ് വക്താവ് വ്യക്തമാക്കി. ദേശീയ ദിനവും ബക്രീദും അടുത്തു വരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ജനങ്ങളെ ഓർമപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും പറയുന്നു.

ചില സന്ദർഭങ്ങളിൽ മാത്രം വാഹനഉടമകൾക്ക് വാഹനം അലങ്കരിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും എന്നാൽ അത് എല്ലാ സന്ദർഭങ്ങളിലും പ്രാവർത്തികമാക്കാൻ സാധിക്കുകയില്ല. 43-ാം ദേശീയ ദിനത്തിലും ഗൾഫ് കപ്പ് നേടിയതിനു ശേഷവുമാണ് മുമ്പ് ഇത്തരത്തിൽ വാഹനം അലങ്കരിക്കാൻ റോയൽ ഒമാൻ പൊലീസ് അനുവാദം നൽകിയത്. വാഹനത്തിൽ പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, ഗ്രാഫിക്‌സ്, ഉദ്ധരണികൾ, ദേശീയ ചിഹ്നം, കിരീടം തുടങ്ങിയവയൊന്നും ആലേഖനം ചെയ്യാൻ പാടില്ലെന്നാണ് നിയമം.