തിരുവല്ല: എസ്.സി.എസ് ജങ്ഷനിൽ അപകടത്തിൽപ്പെട്ട വാഹനം മാറ്റുന്നതിനിടെ ജീപ്പിടിച്ച് പരുക്കേറ്റ സിഐ വി. രാജീവിന് ഒരു പൈസ പോലും ഇൻഷ്വറൻസ് ക്ലെയിം കിട്ടാനുള്ള സാധ്യതയില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കെതിരേ ചുമത്തിയ വകുപ്പുകളാണ് നഷ്ടപരിഹാരം കിട്ടുന്നതിന് തടസമാകുന്നത്.

ഗുരുതരമായി പരുക്കേറ്റ സി.ഐയ്ക്ക് തുടർചികിൽസയ്ക്ക് വൻതുക തന്നെ വേണ്ടിവരും. ദീർഘനാളത്തെ ചികിത്സയും വേണ്ടിവരും. ഞായറാഴ്ച രാത്രി 11.35 നായിരുന്നു അപകടം. സംഭവത്തിൽ ജീപ്പോടിച്ചിരുന്ന മഞ്ഞാടി കാഞ്ഞിരക്കാട്ട് ജാക്കി സാം വർക്കിയെ(25) പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

യഥാർത്ഥത്തിൽ സംഭവിച്ചത് എം.സി റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയ വാഹനം നീക്കം ചെയ്യാൻ നേതൃത്വം നൽകിക്കൊണ്ടിരുന്ന സി.ഐയെ അമിതവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചു വീഴ്‌ത്തി എന്നതായിരുന്നു. ഇതു മറച്ചു വച്ച് കേസിന് ബലം കൂട്ടാൻ വേണ്ടി പൊലീസ് എഴുതിച്ചേർത്ത കഥയാണ് തിരിച്ചടിയായിരിക്കുന്നത്. 307(വധശ്രമം) വകുപ്പ് ചുമത്തിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഇതിനായി പൊലീസ് പുതിയ കഥ മെനഞ്ഞു. വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന സിഐ കൈ കാണിച്ചിട്ടും നിർത്താതെ പോയ ജീപ്പ് മടങ്ങി വന്ന് അദ്ദേഹത്തെ ഇടിച്ചുവീഴ്‌ത്തി എന്നാണ് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്. 307-ാം വകുപ്പിട്ട് കേസെടുത്താൽ പരുക്കേറ്റയാൾക്ക് വാഹനഅപകട ഇൻഷുറൻസ് കിട്ടില്ലെന്ന് നിയമ വിദഗ്ധരും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു.

വധശ്രമം കോടതിയിൽ തെളിയിക്കണമെങ്കിൽ പ്രിപ്പറേഷൻ(മുന്നൊരുക്കം), മെൻസ്രിയ(മെന്റൽ ഇന്റൻഷൻ), മുൻവൈരാഗ്യം എന്നിവ തെളിയിക്കണം. വ്യക്തമായ മുൻധാരണയോടെ കൊലപാതകത്തിന് ശ്രമിച്ചുവെന്ന വാദം വന്നാൽ, ഇൻഷുറൻസ് കമ്പനി ക്ലെയിം കൊടുക്കില്ല. 279, 337, 338 എന്നിങ്ങനെ മോട്ടോർ വാഹനാപകടം സംബന്ധിച്ച വകുപ്പുകൾ ചുമത്തിയിരുന്നെങ്കിൽ സി.ഐയ്ക്ക് നഷ്ടപരിഹാരം കിട്ടുമായിരുന്നു. ഇതിപ്പോൾ 307 വകുപ്പു മാത്രമാണ് ചുമത്തിയിരിക്കുന്നത്. നല്ലൊരു അഭിഭാഷകൻ കൈയിലുണ്ടെങ്കിൽ പ്രതിക്ക് നിഷ്പ്രയാസം രക്ഷപ്പെടാൻ കഴിയും.

സിഐ രാജീവിന്റെ നില അതീവഗുരുതരമായിരുന്നു. നട്ടെല്ലിന് നല്ല ക്ഷതമേറ്റിട്ടുണ്ട്. 43 വയസാണ് സി.ഐയ്ക്ക് ഇപ്പോഴുള്ളത്. പ്രായവും ജോലിയിൽ കിട്ടാവുന്ന പ്രമോഷനും ശമ്പളസ്‌കെയിലുമെല്ലാം കൂട്ടി നോക്കിയാൽ ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും ക്ലെയിം ലഭിക്കാവുന്ന അപകടമാണിത്. ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന വകുപ്പ് എഴുതിച്ചേർത്താലും ക്ലെയിം കിട്ടാൻ സാധ്യതയില്ല. ഇതൊക്കെ അറിയാവുന്ന പൊലീസ് തന്നെയാണ് ഇത്തരമൊരു അനീതി സഹപ്രവർത്തകനോട് കാട്ടിയിരിക്കുന്നത്. മദ്യലഹരിയിൽ വാഹനമോടിച്ച് വന്ന് സി.ഐയെ ഇടിച്ചിട്ടതിന്റെ പ്രതികാരം മാത്രമാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തുകയാണ്.

കുറച്ചു നാൾ കൂടുതൽ പ്രതി ജയിലിൽ കിടക്കേണ്ടി വരുമെന്നതു മാത്രമാണ് പൊലീസ് ലക്ഷ്യമിട്ടിരിക്കുന്നത്. ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ചു സി.ഐ സാധാരണ നിലയിലേക്ക് മടങ്ങണമെങ്കിൽ ഏറെ നാൾ വേണ്ടി വരും. നടൻ ജഗതി ശ്രീകുമാറിനുണ്ടായതിന് തുല്യമായ മുറിവുകളും പരുക്കുകളുമാണ് സി.ഐയ്ക്കുള്ളത്. അതുകൊണ്ടു തന്നെ പഴയ നിലയിലേക്ക് തിരികെ എത്താൻ ഏറെ കാലതാമസം വരും. തുടർചികിത്സയ്ക്ക് വലിയ തുക ചെലവാകുകയും ചെയ്യും. സ്ഥിതി ഇതായിരിക്കേയാണ് വെറും പ്രതികാരത്തിന്റെ പേരിൽ ക്ലെയിം കിട്ടുന്ന വകുപ്പുകൾ ഒഴിവാക്കി കേസ് എടുത്തിരിക്കുന്നത്. ഉയർന്ന ഉദ്യോഗസ്ഥർ ഈ മണ്ടത്തരം തിരുവല്ല പൊലീസിനെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എങ്കിലും തെറ്റു തിരുത്താൻ അവർ തയാറായിട്ടില്ല.

ടൗണിലെ പ്രമുഖ ഹോട്ടൽ ഉടമയായ വിക്‌ടോറിയ കൊച്ചുമോന്റെ മകനാണ് അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചിരുന്ന ജാക്കി സാംവർക്കി. ഇയാൾ മദ്യലഹരിയിലായിരുന്നു. പൊലീസ് ഡിപ്പാർട്ട്‌മെന്റ് കണ്ടം ചെയ്യുന്ന ജീപ്പുകൾ ലേലത്തിലെടുത്ത് ഓൾട്ടർ ചെയ്ത് ഉപയോഗിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി. അടുത്തിടെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്ന് ലേലത്തിൽ പിടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. വാഹനം വാങ്ങിയ ശേഷം ഇതിന്റെ ടോപ് കവറിങ് മുഴുവൻ അഴിച്ചു മാറ്റി പഴയ വില്ലീസ് ജീപ്പ് പോലെ ആക്കുകയാണ് ഇയാൾ ചെയ്യുന്നത്. ഇത്തരം നിരവധി ജീപ്പുകൾ ഇയാളുടെ ശേഖരത്തിലുണ്ട്. അപകടം നടന്ന ജീപ്പ് ഉപേക്ഷിച്ചു പോയ ഇയാളെ ആർ.സി. ബുക്ക് പരിശോധിച്ചാണ് കണ്ടെത്തിയത്. രാഷ്ട്രീയസാമുദായിക മേഖലയിലെ പ്രമാണിയാണ് വിക്‌ടോറിയ കൊച്ചുമോൻ.

അപകടത്തെ തുടർന്ന് വാഹനം നിർത്താതെ ഓടിച്ചുപോയ ജാക്കി സാം വർക്കിയെ വീടിനു സമീപത്ത് നിന്നും സംഭവ ദിവസം രാത്രിതന്നെ പൊലീസ് പിടികൂടി. അപകടത്തിന് ഇടയാക്കിയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.