കൊച്ചി: യുഡിഎഫ് സർക്കാറിന്റെ ഭരണ നേട്ടങ്ങളിൽ ഏറ്റവും അധികം കൊട്ടിദ്‌ഘോഷിക്കപ്പെട്ട പദ്ധതിയാണ് കൊച്ചി സ്മർട്ട് സിറ്റിയുടേത്. കമ്പനികൾ ഒന്നു പോലും പ്രവർത്തനം തുടങ്ങിയില്ലെങ്കിലും ഉദ്ഘാടനം വിപുലമായി നടത്തി സർക്കാർ അതിന്മേൽ അവകാശവാദവും ഉന്നയിച്ചു. സ്മാർട്ട് സിറ്റിയിൽ തുടങ്ങുന്ന കമ്പനികൾ മിക്കതു തട്ടിക്കൂട്ട് കമ്പനികളാണെന്നും അന്താരാഷ്ട്ര ഐടി കമ്പനികളൊന്നും ഇല്ലെന്നുള്ള വിവരം ഉദ്ഘാടനം കഴിഞ്ഞ വേളയിൽ പുറത്തുവന്നിരുന്നു. ആദ്യഘട്ടത്തിൽ 27 കമ്പനികൾ പ്രവർത്തനം തുടങ്ങുമെന്നും ഇതുവഴി 5000 പേർക്ക് തൊഴിൽ എന്നതുമാണ് ഒന്നാംഘട്ടത്തിലെ വാഗ്ദാനം. എന്നാൽ, ആകെ എത്തിയത് 22 കമ്പനികൾ മാത്രവും. ഈ കമ്പനികൾ ആകട്ടെ ഐ ടി കമ്പനികൾ പോലും അല്ലെന്നതും പകൽ പോലെ വ്യക്തമായിരുന്നു.

ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത് 'ലോകം കേരളത്തിലേക്ക് വരുമെന്നും, കേരളത്തിന്റെ വാതിൽ ലോകത്തിനു മുൻപിൽ തുറക്കുന്ന പദ്ധതിയാണ് സ്മാർട്ട് സിറ്റി' എന്നുമായിരുന്നു. ഫെബ്രുവരി 20 നു ഉദ്ഘാടനം ചെയ്ത ശേഷം രണ്ട് മാസം തികയാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കുമ്പോൽ മറുനാടൻ മലയാളി അന്വേഷിച്ചത് സ്മാർട്ട് സിറ്റിയിൽ ഏതെങ്കിലും ഐടി കമ്പനി പ്രവർത്തനം തുടങ്ങിയോ എന്നതാണ്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായതാകട്ടെ ഏവരും കൊട്ടിദ്‌ഘോഷിച്ച സ്മാർട്ട് സിറ്റി ഇപ്പോഴും വെറും കോൺക്രീറ്റ് കെട്ടിടം മാത്രമായി അവശേഷിക്കുന്നു എന്നതാണ്.

കാക്കനാടുള്ള സ്മാർട്ട് സിറ്റി കെട്ടിടത്തിന് പുറത്തുള്ള വാശാലത ഇപ്പോഴും അകത്തില്ല, പകുതി പണികഴിഞ്ഞു, അകത്തുള്ള മുറികൾ പലതും പൂട്ടി ഇട്ടിരിക്കുന്നു. പുറത്തു മോടികുട്ടി അന്ന് വലിയ പരിപാടിയായി കാണിച്ചു. ഉദ്ഘാടനം ചെയ്ത സ്മാർട് സിറ്റി അത്ര സ്മാർട്ടല്ല എന്ന് തെളിവ് സഹിതം ആദ്യം പുറത്തു വിട്ടത് മറുനാടൻ മലയാളി ആയിരുന്നു. അന്ന് കേരളത്തിലെ പത്രമാദ്ധ്യമങ്ങൾ ചടങ്ങിന്റെ വാർത്തകൾ കൊട്ടിഘോഷിച്ചപ്പോൾ പണി ഒന്നും പൂർത്തിയാവാതെ പുറം മാത്രം മോട് പിടിപ്പിച്ചു ചടങ്ങൊപ്പിച്ചു സർക്കാർ നടത്തിയ ഉദ്ഘാടനമാണ് സാമാർട് സിറ്റി. പിന്നീട് കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങൾ ഇത് ചർച്ചയാക്കി ഉമ്മൻ ചാണ്ടി അതിനു ശേഷം ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളം ഉൾപ്പടെയുള്ള പദ്ധതികളെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നു ആരോപണം ഉയർന്നു.

കേരളം ഒരു പതിറ്റാണ്ടായി കാത്തിരിക്കുന്ന പദ്ധതിയായ സാമാർട് സിറ്റിയുടെ ഉദ്ഘാടനത്തിന് മുൻപ് തന്നെ 25 ഓളം ലോകത്തിലെ മുൻനിര ഐടി കമ്പനികൾ ഇതിനോടകം സ്ഥലമേറ്റെടുത്തു എന്നും 27 ഇന്ത്യൻ കമ്പനികൾ ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞു രണ്ടു മാസം ആകുന്ന ഈ വേളയിലും ഒരു കമ്പനി പോലും കൊച്ചിയുടെ ഉപഗ്രഹ നഗരമായ കൊച്ചിയിലെ കാക്കനാട്ടുള്ള ഇൻഫോപാർക്കിന്റെ എതിർവശത്തുള്ള സാമാർട് സിറ്റി കെട്ടിടത്തിൽ പ്രവർത്തിക്കുന്നില്ല . ഇപ്പോഴും പണികൾ പൂർത്തിയായിട്ടില്ല എന്നതാണ് സത്യം. ഇതിന്റെ നിജസ്ഥിതി അറിയാൻ എത്തിയപ്പോൾ കണ്ട കാഴ്ചകളും അങ്ങനെയാണ്. ബിൽഡിങ്ങിന്റെ അകത്തുള്ള പല മുറികളും ഇപ്പോഴും പണി തീരാതെ കിടക്കുന്നു.

ആറര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സാമാർട് സിറ്റി ഒന്നാം ഘട്ടം എന്ന് പറഞ്ഞ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഉടൻ ആരംഭിക്കുമെന്നു പറഞ്ഞിട്ടും ഒരു കമ്പനി പ്രവർത്തനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. സാമാർട് സിറ്റിയുടെ അകത്തു പ്രവർത്തിക്കാൻ പോകുന്നുവെന്ന് പറയുന്ന ജെംസ് ഇന്റർനാഷണൽ സ്‌കൂൾ അഡ്‌മിഷൻ ആരംഭിച്ചു എന്നല്ലാതെ യാതൊരു മാറ്റവും ഇവിടെ ഇല്ലെന്നു പറയാം. മോടി കാണിക്കാൻ ഒപ്പിച്ചു വച്ച് അന്ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ പുറം ഭാഗങ്ങളൂം പണികൾ പൂർത്തിയായിട്ടില്ല.

246 ഏക്കറിൽ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാവുമെന്നുപറയുന്ന സാമാർട് സിറ്റിയുടെ ഒന്നാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്തപ്പോൾ സമാർട് സിറ്റി അധികൃതരും, സർക്കാരും പറഞ്ഞതെല്ലാം വോട്ടുകൾ ലക്ഷ്യമാക്കിയായിരുന്നുവെന്നും പ്രചാരത്തിനായുള്ള മരുന്നായിരുന്നു സാമാർട് സിറ്റി പോലുള്ള വലിയ പദ്ധതികൾ എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടന കർമങ്ങൾ എന്നുള്ള ആരോപണങ്ങൾക്കു ശക്തി പകരുന്നതാണ് ഇപ്പോഴും ഒന്നും എത്താതെ നിൽക്കുന്ന സമാർട് സിറ്റി എന്നുള്ളത് സത്യം. എന്നാൽ പണി പൂർത്തിയാക്കുന്ന കെട്ടിടത്തിൽ ലോകത്തെ പ്രമുഖ കമ്പനികളുടെ ഒരു ബോർഡ് പോലും ഈ പരിസരത്തു കാണാൻ കഴിഞ്ഞില്ലെന്നുള്ളതും സത്യമാണ്.

സ്മാർട്ട് സിറ്റിയോട് മിക്ക പ്രമുഖ കമ്പനികൾക്കും അകൽച്ചയുണ്ടെന്നതും വ്യക്തമാക്കുന്നതാണ് ഇപ്പോഴും പദ്ധതിയിൽ അധികമാരും താൽപ്പര്യം പ്രകടിപ്പിക്കാത്തതിൽ നിന്നും വ്യക്തമാകുന്നത്. പദ്ധതിയുടെ ആഘോഷപൂർവ ഉദ്ഘാടനം നടന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ലതന്നെ പദ്ധതി പ്രദേശത്ത് പ്രവർത്തനം ആരംഭിക്കുമെന്നു പ്രഖ്യാപിച്ച പല കമ്പനികളും പിന്മാറിയെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര ഐടി കമ്പനികൾ ഒന്നുംതന്നെ ഇതുവരെ ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പോടെ ഇപ്പോഴുള്ള പല കമ്പനികളും കളംവിടുമെന്ന പ്രതീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്ത് അന്താരാഷ്ട്ര കമ്പനികളുമായി സ്മാർട്ട് സിറ്റി അധികൃതർ ചർച്ച നടത്തിയെങ്കിലും ടീകോമിനോടു വിശ്വാസ്യത ഇല്ലാത്തതിനാൽ നിലവിൽ ചർച്ച നടത്തിയിരുന്ന കമ്പനികൾ പിന്മാറി. മാൾട്ടയിൽ ടീകോമിന്റെ സ്മാർട്ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായതും അന്താരാഷ്ട്ര കമ്പനികളെ കൊച്ചി സ്മാർട്ട് സിറ്റിയിൽ നിന്നു പിന്നോട്ടടിച്ചു. സ്മാർട്ട് സിറ്റിയിൽ പ്രവർത്തനം തുടങ്ങുമെന്ന് അറിയിച്ച ചിലത് അടുത്തകാലത്ത് രജിസ്റ്റർ ചെയ്തതുമാണ്. കാര്യമായ നിക്ഷേപമോ വ്യക്തമായ ആശയമോ പല കമ്പനികൾക്കും ഇല്ല. ഐടി മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യുവാൻ ഇവയ്ക്ക് സാധിക്കാതെ വരും. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുംവരെ പദ്ധതിയുമായി സഹകരിക്കാനാണ് സ്മാർട്ട് സിറ്റി അധികൃതരും സർക്കാരും ഈ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

രാജ്യത്ത് ശക്തമായ വേരോട്ടമുള്ള അന്താരാഷ്ട്ര ഐടി കമ്പനികളായ ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികൾ കേരളത്തിന്റെ സ്വപ്ന പദ്ധതിയോട് ഇതുവരെ അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും തൊണ്ണൂറായിരം പേർക്ക് തൊഴിലും നൽകുമെന്ന വാഗ്ദാനവുമായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാവി ഇതോടെ ആശങ്കയിലായിരിക്കുകയാണ്. വിദേശകമ്പനികൾ ഉൾപ്പെടെയുള്ള ഐടി വ്യവസായ ഭീമന്മാർ നിക്ഷേപം ഇറക്കുമെന്ന് പ്രതീക്ഷിച്ച പദ്ധതിയിൽ മുതൽമുടക്കാൻ എത്തിയതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള ചെറുകിട കമ്പനികൾ മാത്രമാണ്.

ആലപ്പുഴയിലും തൊടുപുഴയിലും രജിസ്റ്റർ ചെയ്ത ചെറുകിട കമ്പനികളും 22 കമ്പനികളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. 2005ൽ യുഡിഎഫ് ഭരണകാലത്താണ് സ്മാർട് സിറ്റി ആദ്യം പരിഗണിച്ചത്. പിന്നീട് വർഷങ്ങളോളം പദ്ധതി മുടങ്ങിക്കിടന്നു. എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് 2011 ഫെബ്രുവരിയിലാണു ടീകോമുമായി സർക്കാർ കരാർ ഒപ്പുവച്ചത്. യുഡിഎഫ് അധികാരത്തിലേറിയതിനു പിന്നാലെ 2011 ഒക്‌റ്റോബറിൽ ഓഫിസ് (എക്‌സ്പീരിയൻസ് പവിലിയൻ) നിർമ്മാണോദ്ഘാടനം നടന്നു. 2012 ജൂണിലാണു പവിലിയൻ ഉദ്ഘാടനവും ആദ്യ ഐടി മന്ദിര നിർമ്മാണോദ്ഘാടനവും നടന്നത്.