- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഗതിക്ക് 5.9 കോടി ലഭിച്ചപ്പോൾ ഡ്രൈവർക്ക് ഒന്നും നൽകിയില്ല; അപകടത്തിൽ പരിക്കേറ്റ അനിലിന് പറയാൻ ദുരിതകഥകൾ മാത്രം
കൊച്ചി: ജഗതി ശ്രീകുമാറിനൊപ്പം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ഡ്രൈവർ പി.പി. അനിൽകുമാറിന് നഷ്ടപരിഹാരമില്ല. പകരം അവഗണനയും. ജഗതിക്ക് കോടികൾ നൽകിയ ഇൻഷുറൻസ് കമ്പനി അനിലിന്റെ ദുരിതം കാണുന്നില്ല. അപകടത്തിൽ നെഞ്ചിനും കാലിനും പരുക്കേറ്റു രണ്ടു വർഷത്തോളം ചികിത്സയിലായിരുന്ന അനിൽകുമാറിന് ഇൻഷുറൻസ് കമ്പനി നീതി നിഷേധിച്ചിരിക്കുകയാണ്. പരുക്
കൊച്ചി: ജഗതി ശ്രീകുമാറിനൊപ്പം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ഡ്രൈവർ പി.പി. അനിൽകുമാറിന് നഷ്ടപരിഹാരമില്ല. പകരം അവഗണനയും. ജഗതിക്ക് കോടികൾ നൽകിയ ഇൻഷുറൻസ് കമ്പനി അനിലിന്റെ ദുരിതം കാണുന്നില്ല.
അപകടത്തിൽ നെഞ്ചിനും കാലിനും പരുക്കേറ്റു രണ്ടു വർഷത്തോളം ചികിത്സയിലായിരുന്ന അനിൽകുമാറിന് ഇൻഷുറൻസ് കമ്പനി നീതി നിഷേധിച്ചിരിക്കുകയാണ്. പരുക്കിൽ നിന്നു മോചിതനായെങ്കിലും ഇപ്പോഴും ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ് അനിൽകുമാർ. വാഹനമോടിക്കുമ്പോൾ കടുത്ത വയറുവേദന അനുഭവപ്പെടുന്നതുകൊണ്ട് ജോലി ചെയ്യാനുമാകുന്നില്ല. നടക്കാൻ 18 മാസത്തെ ചികിത്സ വേണ്ടിവന്നു. അപകടത്തിൽ ശ്വാസകോശം പൊട്ടി ശ്വാസം കിട്ടാതായിരുന്നു. കാൽ മുറിഞ്ഞുപോയതിനാൽ റാഡ് ഇട്ടുവെന്നും പെരുമ്പാവൂർ സ്വദേശിയായ അനിൽകുമാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും സർക്കാരും സിനിമാസംഘടനകളും തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയുമുണ്ട്.
ഇരുപതു ദിവസം കോഴിക്കോട് മിംസ് ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കുമാത്രം രണ്ടുലക്ഷത്തോളമായി. പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ. അവിടെനിന്നു ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ. ഏഴുമാസം എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. പിന്നീട് വീൽചെയറിൽ. ജോലിക്കു പോകാനാകാതെ വന്നതോടെ കടം കൂടി. പത്തു ലക്ഷത്തോളം രൂപ കടമുണ്ട്. ഇൻഷുറൻസിനത്തിൽ വണ്ടിക്കു കിട്ടിയതു രണ്ടുലക്ഷം രൂപയാണ്. ചെലവു നാലു ലക്ഷത്തോളം വന്നു. വാഹനത്തിന്റെ ഉടമയും ഡ്രൈവറും ഒരാളായതുകൊണ്ട് ഇൻഷുറൻസ് തുകയ്ക്ക് അർഹനല്ലെന്നാണു കമ്പനി അറിയിച്ചത്. വിദ്യാർത്ഥികളായ രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാണ് ഇതോടെ അടഞ്ഞത്.
2012 മാർച്ച് പത്തിനു പുലർച്ചെ അഞ്ചു മണിക്കാണു നടൻ ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ കാർ അപകടത്തിൽപ്പെട്ടത്. തിരുവമ്പാടി തമ്പാൻ സിനിമയുടെ ലൊക്കേഷനിൽ നിന്നു കുടകിലേക്കുള്ള യാത്രയിൽ കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത് തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ നിയന്ത്രണംവിട്ട കാർ മീഡിയനിൽ ചെന്നിടിക്കുകയായിരുന്നു.അപകടത്തിൽ പരുക്കേറ്റ ജഗതിക്ക് 5.9 കോടി രൂപ തിരുവനന്തപുരം ലീഗൽ സർവിസ് അഥോറിറ്റി നഷ്ടപരിഹാരം വിധിച്ചിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കാട്ടിയാണ് ജഗതിയുടെ കുടുംബം കോടതിയെ സമീപിച്ചത്. ഇതുകൊണ്ടാണ് ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനുള്ള കാരണം. എന്നാൽ ജഗതിയുടെ അലർച്ചയാണ് അപകടമുണ്ടാക്കിയതെന്ന് ഡ്രൈവറും പറയുന്നു. ഓർമ്മയില്ലാത്ത ജഗതി താൻ ഉറങ്ങിയതാണ് അപകടമുണ്ടാക്കിയതെന്ന് എങ്ങനെ പറയുമെന്നാണ് അനിലിന്റെ ചോദ്യം. അപകടമുണ്ടായ ദിവസം അനിൽ കുമാർ പുലർച്ച ഒരുമണിക്കാണ് തിരുവമ്പാടി തമ്പാന്റെ ലൊക്കേഷനിൽ നിന്ന് ലെനിൻ രാജേന്ദ്രന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കുടകിലേക്ക് യാത്ര തിരിച്ചത്.
നാലരയോടെ പാണമ്പ്ര എത്തിയപ്പോൾ പിറകിൽ നിന്ന് ജഗതിയുടെ അലർച്ച കേട്ട് താൻ തിരിഞ്ഞു നോക്കുകയും അതേ നിമിഷത്തിൽ തന്നെ വണ്ടി റിഫ് ളക്റ്റർ സ്ഥാപിച്ചിട്ടില്ലാത്ത ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നെന്നാണ് അനിൽ കുമാർ പറയുന്നത്. യാത്രയ്ക്കിടയിലുള്ള ഉറക്കത്തിൽ വർത്തമാനം പറയുന്ന ശീലം ജഗതിക്കുണ്ടായിരുന്നെന്നും എന്നാൽ നിലവിളിക്കുന്നത് ആദ്യമായാണെന്നും ഡ്രൈവർ ഓർക്കുന്നു. സ്വബോധം ഉണ്ടായിരുന്നെങ്കിൽ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തില്ലെന്നും അനിൽ കുമാർ പറഞ്ഞു.
പണമില്ലാത്തതിനാൽ ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന തന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും അപകടം നടന്നപ്പോൾ പറഞ്ഞ വാക്ക് പാലിക്കാൻ പോലും ആരും തയ്യാറായില്ലെന്നും അനിൽകുമാർ വിശദീകരിക്കുന്നു.