- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിപുരയിലും നാഗാലാൻഡിലും വട്ടപ്പൂജ്യമായി കോൺഗ്രസ്; മേഘാലയയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ വിഷമ വൃത്തത്തിൽ; എന്തു ചെയ്യണമെന്നറിയാതെ ഷില്ലോങ്ങിലെത്തിയ ദേശീയ നേതാക്കൾ; നാഗാലാൻഡിൽ ഒപ്പത്തിനൊപ്പമെങ്കിലും എൻപിപിയെ ഒപ്പം കൂട്ടി ബിജെപി സഖ്യം അധികാരം ഉറപ്പിച്ചു; വോട്ടെണ്ണൽ കഴിഞ്ഞതോടെ മന്ത്രിസഭ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ദേശീയ നേതാക്കൾ
അഗർത്തല/ഷില്ലോങ്ങ്: സിപിഎമ്മിനെ നിലംപരിശാക്കി ബിജെപി നേടിയ വിജയത്തിന്റെ അലയൊലികൾ രാജ്യമെങ്ങും ഇനിയും അടങ്ങിയിട്ടില്ല. ബിജെപിയുടെ മുന്നേറ്റത്തിൽ രാജ്യം മുഴുവൻ കോൺഗ്രസ് അപ്രസക്തമാകുന്ന കാഴ്‌ച്ചയാണ് കാണാനുള്ളത്. ത്രിപുരയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ലീഡ് ബിജെപി നേടിയിട്ടുണ്ടെങ്കിലും മറ്റ് രണ്ട് സംസ്ഥാനങ്ങളിലും കുഴഞ്ഞു മറിഞ്ഞ അവസ്ഥയാണുള്ളത്. വോട്ടെണ്ണൽ കഴിഞ്ഞതോടെ ഇവിടേക്ക് ദേശീയ നേതാക്കളെ ഇറക്കി മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുകയാണ്. ത്രിപുരയിൽ സിപിഎം ഇനി പ്രതിപക്ഷത്ത്, വട്ടപ്പൂജ്യമായി കോൺഗ്രസ് മൂന്നിൽ രണ്ട് സീറ്റും നേടി വൻ അട്ടിമറി ജയത്തോടെ ബിജെപി സഖ്യം ഭരണത്തിലേക്ക്. തെരഞ്ഞെടുപ്പു നടന്ന 59 സീറ്റിൽ 43ഉം നേടിയാണ് ബിജെപി-പീപ്ൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) സഖ്യം 20 വർഷത്തെ മണിക് സർക്കാർ ഭരണത്തെ കടപുഴക്കിയത്. 2013ൽ 49 സീറ്റ് നേടിയ സിപിഎം 16 സീറ്റിലൊതുങ്ങി. 10 സീറ്റുണ്ടായിരുന്ന കോൺഗ്രസ് വട്ടപ്പൂജ്യമായി. 35 സീറ്റുള്ള ബിജെപിക്ക് ഒറ്റക്ക് ഭരിക്കാം. കേവല ഭൂരിപക്ഷത്തിന് 31 സീറ
അഗർത്തല/ഷില്ലോങ്ങ്: സിപിഎമ്മിനെ നിലംപരിശാക്കി ബിജെപി നേടിയ വിജയത്തിന്റെ അലയൊലികൾ രാജ്യമെങ്ങും ഇനിയും അടങ്ങിയിട്ടില്ല. ബിജെപിയുടെ മുന്നേറ്റത്തിൽ രാജ്യം മുഴുവൻ കോൺഗ്രസ് അപ്രസക്തമാകുന്ന കാഴ്‌ച്ചയാണ് കാണാനുള്ളത്. ത്രിപുരയിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ലീഡ് ബിജെപി നേടിയിട്ടുണ്ടെങ്കിലും മറ്റ് രണ്ട് സംസ്ഥാനങ്ങളിലും കുഴഞ്ഞു മറിഞ്ഞ അവസ്ഥയാണുള്ളത്. വോട്ടെണ്ണൽ കഴിഞ്ഞതോടെ ഇവിടേക്ക് ദേശീയ നേതാക്കളെ ഇറക്കി മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമായി നടക്കുകയാണ്.
ത്രിപുരയിൽ സിപിഎം ഇനി പ്രതിപക്ഷത്ത്, വട്ടപ്പൂജ്യമായി കോൺഗ്രസ്
മൂന്നിൽ രണ്ട് സീറ്റും നേടി വൻ അട്ടിമറി ജയത്തോടെ ബിജെപി സഖ്യം ഭരണത്തിലേക്ക്. തെരഞ്ഞെടുപ്പു നടന്ന 59 സീറ്റിൽ 43ഉം നേടിയാണ് ബിജെപി-പീപ്ൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) സഖ്യം 20 വർഷത്തെ മണിക് സർക്കാർ ഭരണത്തെ കടപുഴക്കിയത്. 2013ൽ 49 സീറ്റ് നേടിയ സിപിഎം 16 സീറ്റിലൊതുങ്ങി. 10 സീറ്റുണ്ടായിരുന്ന കോൺഗ്രസ് വട്ടപ്പൂജ്യമായി. 35 സീറ്റുള്ള ബിജെപിക്ക് ഒറ്റക്ക് ഭരിക്കാം. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. സിപിഎം സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നിരുന്നില്ല. രാജ്യത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇടതുപക്ഷവും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയത്
സിപിഎമ്മിന്റെ ഉരുക്കുകോട്ട തകർത്ത ബിജെപിക്ക് 2013ൽ ഒരു സീറ്റുപോലും നേടാനായിരുന്നില്ല. കഴിഞ്ഞതവണ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന പാർട്ടി ഇത്തവണ 43 ശതമാനം വോട്ടുനേടിയപ്പോൾ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസിന്റെ വോട്ടുശതമാനം 36.53 ശതമാനത്തിൽ നിന്ന് 1.8ലേക്ക് കൂപ്പുകുത്തി. തകർന്നടിഞ്ഞിട്ടും സിപിഎം 42.6 ശതമാനം വോട്ട് നിലനിർത്തി. 2013ൽ മത്സരിച്ച 50 സീറ്റിൽ 49ലും കെട്ടിവെച്ച പണം നഷ്ടമായ ബിജെപി ഇത്തവണ 50 സീറ്റിലാണ് മത്സരിച്ചത്. ഗോത്രവർഗ പാർട്ടിയായ ഐ.പി.എഫ്.ടിയുടെ സഹായത്തോടെ ബിജെപി ആദിവാസി മേഖല തൂത്തുവാരി. ഒമ്പതു സീറ്റിൽ മത്സരിച്ച ഐ.പി.എഫ്.ടി എട്ടിലും ജയിച്ചു.
തലസ്ഥാനമായ അഗർതലയിലെ ബനമാലിപുർ മണ്ഡലത്തിൽനിന്ന് 9500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് 48 കാരനായ ബിപ്ലവ് കുമാർ ദേബ് ആയിരിക്കും മുഖ്യമന്ത്രി. സർക്കാറുണ്ടാക്കാനുള്ള നീക്കം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. എക്‌സിറ്റ് പോളുകളിൽ ബിജെപി മുന്നേറ്റമാണ് പ്രവചിച്ചിരുന്നതെങ്കിലും മുഖ്യമന്ത്രി മണിക് സർക്കാറിന്റെ പ്രതിച്ഛായയിൽ നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജയിച്ചുകയറാമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. എന്നാൽ, അദ്ദേഹംപോലും ബിജെപി സ്ഥാനാർത്ഥിയോട് വിയർത്താണ് 2,200 വോട്ടിന്റെ ഭൂരിപക്ഷത്തിന് ധൻപുർ മണ്ഡലത്തിൽനിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം മരിച്ച മന്ത്രിയും സിപിഎം സ്ഥാനാർത്ഥിയുമായിരുന്ന ഖഗേന്ദ്ര ജമതിയ കൃഷ്ണപുർ മണ്ഡലത്തിൽ തോറ്റു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഒപ്പത്തിനൊപ്പം പൊരുതിയ സിപിഎം ഇടക്ക് 33 സീറ്റിൽ ലീഡ് നേടി വീണ്ടും ഭരണം പിടിക്കുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ബിജെപി കുതിപ്പിൽ താഴോട്ടുപോയി. 1963ൽ രൂപവത്കൃതമായ ത്രിപുര സംസ്ഥാനത്ത് നൃപൻ ചക്രവർത്തി (197888), ദശരഥ് ദേബ് (199398), മണിക് സർക്കാർ (19982018) എന്നിവരിലൂടെ 35 വർഷവും സിപിഎമ്മിനായിരുന്നു ഭരണം.
ത്രിപുരയിലെ അഗർത്തല മണ്ഡലത്തിൽ നിന്ന് സ്ഥിരമായി ജയിച്ചുവന്നിരുന്ന മുൻ കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ ആറ് എംഎൽഎമാരോടൊപ്പം തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കമായത്. ഇവർ പിന്നീട് ബിജെപിയിലേക്കെത്തുകയും അങ്ങനെ ബിജെപി മുഖ്യ പ്രതിപക്ഷമാവുകയും ചെയ്തു.
കോൺഗ്രസ് നേതാക്കളായ സുധീപ് റോയ് ബർമൻ, ആശിശ് കുമാർ സാഹ, ദീലീപ് സർക്കാർ, പരൻജിത് സിങ് റോയ്, ദിബാ ചന്ദ്ര, ഹർഗ്വാൾ, ബിശ്വ ബന്ധു സെൻ എന്നിവരായിരുന്നു കോൺഗ്രസിൽ നിന്ന് തൃണമൂലിലെത്തുകയും പിന്നെ ബിജെപിയുടെ ഭാഗമാവുകയും ചെയ്തത്. ഇവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയിലേക്കെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 15000 ബിജെപി അംഗങ്ങൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴേക്കും രണ്ടു ലക്ഷം അംഗങ്ങൾ കവിഞ്ഞു.
59 സീറ്റിലാണ് ഇത്തവണ ആരുമായും സഖ്യമില്ലാതെ കോൺഗ്രസ് മത്സരിച്ചത്. കഴിഞ്ഞ തവണ 36 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു. എന്നാൽ മോദി പ്രഭാവത്തിൽ കോൺഗ്രസ് പൂർണമായും ഇല്ലാതാവുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണലിന്റെ ആദ്യം ഘട്ടം മുതൽ കാണാൻ കഴിഞ്ഞത്. കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയി 1.54 ശതമാനം മാത്രം വോട്ട് നേടിയ ബിജെപിയാണ് അട്ടിമറി വിജയത്തിലൂടെ ത്രിപുര പിടിച്ചെടുത്തത് എന്നതും ശ്രദ്ധേയമാണ്.
മേഘാലയയിൽ തൂക്കുസഭ, കരുക്കൾ നീക്കാൻ സാധിക്കാതെ കോൺഗ്രസ്.
ഷില്ലോങ്: മേഘാലയയിൽ അവസാനവട്ട ഫലം വരുമ്പോൾ ചിത്രം അവ്യക്തം. ഭരണകക്ഷിയായ കോൺഗ്രസ് 21 സീറ്റ് നേടി മുന്നിലാണെങ്കിലും ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായിട്ടില്ല. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾസ്ഥലത്തുണ്ടെങ്കിലും ചിത്രം വ്യക്തമായിട്ടില്ല. ആരെ ഒപ്പം കൂട്ടും എന്നറിയാതെ ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.
കേവല ഭൂരിപക്ഷമായ 31 സീറ്റിന് 10 കുറവാണ് കോൺഗ്രസിന്. ലോക്‌സഭാ മുൻ സ്പീക്കർ പി.എ. സാങ്മയുടെ മകൻ കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) 19 സീറ്റ് നേടി തൊട്ടുപിന്നിലുണ്ട്. കേന്ദ്രത്തിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ഇവർ. ബിജെപി രണ്ട് സീറ്റ് നേടി. യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിക്ക് ആറ് സീറ്റ് ലഭിച്ചപ്പോൾ പീപ്ൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് നാല് സീറ്റും സ്വതന്ത്രന്മാർ മൂന്ന് സീറ്റും നേടിയിട്ടുണ്ട്. ആകെ 60ൽ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എൻ.സി.പി സ്ഥാനാർത്ഥി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതിനെതുടർന്ന് വില്യംനഗർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.
ഭരണകക്ഷിയായ കോൺഗ്രസ്, നാഷനൽ പീപ്ൾസ് പാർട്ടി(എൻ.പി.പി), പുതുതായി രൂപവത്കരിച്ച പീപ്ൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവ തമ്മിലായിരുന്നു പ്രധാന മത്സരം. 2013ൽ 28 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ ഏഴ് സീറ്റ് കുറഞ്ഞു. രണ്ട് സീറ്റുണ്ടായിരുന്ന എൻ.പി.പി 17 സീറ്റ് അധികം നേടി 19 ആക്കി ഉയർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റ സീറ്റും നേടിയിരുന്നില്ല.
നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രി മുകുൾ സാങ്മ അംപതി, സോങ്‌സാക് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2010 മുതൽ സംസ്ഥാന മുഖ്യമന്ത്രിയായ അദ്ദേഹം ബിജെപി സ്ഥാനാർത്ഥി ഹജോങ്ങിനെ 6000 വോട്ടിനാണ് അംപതിയിൽ പരാജയപ്പെടുത്തിയത്. സോങ്‌സാകിൽ നാഷനൽ പീപ്ൾസ് പാർട്ടിയുടെ(എൻ.പി.പി) നിഹിം ഡി. ഷിറയെ 1300 വോട്ടിനും തോൽപിച്ചു. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തായി. സാങ്മയുടെ ഭാര്യ ദിക്കാൻചി ഷിറ മഹേന്ദ്രഗഞ്ച് സീറ്റിൽ നിന്ന് 6000 വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ പ്രേമാനന്ദ കൊച്ചിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെയല്ലെങ്കിലും സർക്കാർ രൂപവത്കരണത്തിന് പരമാവധി ശ്രമിക്കുമെന്ന് മുകുൾ സാങ്മ പറഞ്ഞു. 2003 മുതൽ കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനത്ത് 2010 ലാണ് സാങ്മ മുഖ്യമന്ത്രിപദത്തിലെത്തിയത്.
നാഗാലാൻഡിൽ ബിജെപി സഖ്യം അധികാരത്തിലേക്ക്
നാഗാലാൻഡിൽ ഭരണപക്ഷവും ബിജെപി സഖ്യവും ഒപ്പത്തിനൊപ്പം. എന്നാൽ, ജനതാദൾ-യുവിന്റെ ഏക അംഗത്തിന്റെയും ഒരു സ്വതന്ത്രന്റെയും പിന്തുണ ബിജെപി സഖ്യം ഉറപ്പിച്ചതോടെ അവർ അധികാരത്തിലേക്ക് നീങ്ങുകയാണ്.
ബിജെപിക്കും സഖ്യകക്ഷിയായ നാഗാലാൻഡ് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിക്കും (എൻ.ഡി.പി.പി) 29 സീറ്റുണ്ട്. ഭരണകക്ഷിയായ നാഗാ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) 27 സീറ്റാണ് നേടിയത്. രണ്ട് സീറ്റുള്ള നാഷനൽ പീപ്ൾസ് പാർട്ടിയെ (എൻ.പി.പി) എൻ.പി.എഫ് കൂടെക്കൂട്ടിയെങ്കിലും കേവല ഭൂരിപക്ഷത്തിന് മതിയാകില്ല. 60 അംഗ സഭയിൽ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ബിജെപിക്ക് ഒറ്റക്ക് 11 സീറ്റുണ്ട്. മൂന്നു തവണ മുഖ്യമന്ത്രിയായ നെയ്ഫ്യു റിയോ ആണ് എൻ.ഡി.പി.പിയുടെ അമരക്കാരൻ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട റിയോ ഇത്തവണയും മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കസേര തിരിച്ചുപിടിക്കാനുള്ള തന്ത്രവുമായാണ് ഇത്തവണ ബിജെപിക്കൊപ്പം നിന്നത്. എന്നാൽ, എൻ.പി.എഫ് നേതാവും മുഖ്യമന്ത്രിയുമായ ടി.ആർ. സെലിയാങ് പുതിയ സർക്കാറിൽ പങ്കാളിയാകാൻ ബിജെപിയെ ക്ഷണിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പു ബഹിഷ്‌കരണ ചർച്ചകൾ ഇത്തവണയും സജീവമായിരുന്നു. അതിനിടെ എൻ.പി.എഫ് വിട്ട റിയോയുടെ നീക്കങ്ങളാണ് ബിജെപി ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കിയത്. എൻ.ഡി.എ മുന്നണിയിലെ എൻ.പി.എഫിനെ തഴഞ്ഞ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപി റിയോയുടെ പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയത്. 40 സീറ്റിൽ റിയോയുടെ പാർട്ടിയും 20 മണ്ഡലങ്ങളിൽ ബിജെപിയുമാണ് മത്സരിച്ചത്. എൻ.പി.എഫിന് നേതൃത്വം നൽകിയാണ് നെയ്ഫ്യൂ റിയോ 15 വർഷം നാഗാലാൻഡ് ഭരിച്ചത്.
ബിജെപി തരംഗത്തിൽ ത്രിപുരയിലും നഗാലാൻഡിലും ഒരു സീറ്റ് പോലും ലഭിക്കാതെ നാമാവശേഷമായി കോൺഗ്രസ്. കഴിഞ്ഞ തവണ പത്ത് സീറ്റ് നേടിയ ത്രിപുരയിലും എട്ട് സീറ്റ് നേടിയ നാഗാലാൻഡിലും ഒരു സീറ്റ് പോലും നേടാൻ ഇത്തവണ കോൺഗ്രസിനായില്ല. ത്രിപുരയിൽ 59 സീറ്റിലും, നാഗാലാൻഡിൽ 18 സീറ്റിലുമായിരുന്നു ഇത്തവണ കോൺഗ്രസ് മത്സരിച്ചത്. 23 പേർ പത്രിക സമർപ്പിച്ചുവെങ്കിലും അഞ്ചു പേർ പിൻവലിക്കുകയായിരുന്നു.
നാഗാ പീപ്പീൾസ് ഫ്രണ്ടുമായി ചേർന്ന് മത്സരിക്കാനായിരുന്നു ഇവിടെ കോൺഗ്രസ് ആദ്യം തീരുമാനിച്ചതെങ്കിലും ഇവരുമായുള്ള സഖ്യ ചർച്ച വിജയിച്ചില്ല. എന്നാൽ ബിജെപി നാഗാലാൻഡ് ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാർട്ടിയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടതോടെ കോൺഗ്രസിന് കാഴ്ചക്കാരായി നിൽക്കേണ്ടി വരികയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ ചർച്ച നടത്തി നാഗാ പീപ്പീൾസ് ഫ്രണ്ടുമായി സഖ്യത്തിലേർപ്പെടാനായിരുന്നു ധാരണ. എന്നാൽ ബിജെപി, എന്.ഡി.പി.പി സഖ്യം വിജയം കൊയ്തതോടെ കോൺഗ്രസിന് ഒന്നും ചെയ്യാനില്ലാതായി.