കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം, തൃശൂർ ജില്ലകളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായതിന്റെ പേരിലുണ്ടായ ബഹളങ്ങൾ ആരും മറന്നിട്ടുണ്ടാവില്ല. 300ൽപരം വോട്ടുയയന്ത്രങ്ങൾ ഒറ്റയടിക്ക് തകരാറിലായെന്ന് കണ്ടത്തെിയതോടെ സംഭവത്തിൽ അസ്വാഭവികയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനും വ്യക്തമാക്കി.

അപ്പോഴേക്കും ചില ചാനലുകളും ബിജെപി നേതാക്കളും ചേർന്ന് മുഴുവൻ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം തീവ്രവാദ സംഘടനകളിൽ ചാർത്തി. എന്നാൽ ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നും ഈർപ്പം കാരണം ബാലറ്റ് യൂനിറ്റ് സർക്യൂട്ട് ബോർഡ് തകരാറായതാണ് പ്രശ്‌നകാരണമെന്നും ഇത് സംബന്ധിച്ച് അന്വേഷിച്ച് ഉന്നതതല അന്വേഷണ കമ്മിഷൻ കണ്ടത്തെി.

ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റി മുൻ പ്രോവൈസ്ചാൻസലർ പ്രഫ. കെ.ആർ. ശ്രീവത്സൻ, സീഡാക് ഡയറക്ടർ ജനറൽ പ്രഫ. രജത് മൂന, സീഡാക് എക്‌സിക്യൂട്ടിവ് ഡയറക്ടർ ബി. രമണി എന്നിവരടങ്ങിയ സമിതിയാണ് പരിശോധന നടത്തിയത്. കൺട്രോൾ യൂനിറ്റുകൾക്ക് തകരാറില്‌ളെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിരുന്നു. 300ൽപരം ബാലറ്റ് യൂനിറ്റുകളാണ് തകരാറിലായത്. ഇതുമൂലം ചില ബൂത്തുകളിൽ പോളിങ് വൈകുകയും തടസ്സപ്പെടുകയും ചെയ്തിരുന്നു. 114 ബൂത്തുകളിൽ റീപോളിങ്ങും ആവശ്യമായി വന്നു.

ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇവ നിർമ്മിച്ചുനൽകിയത്. ആകെയുള്ള 1.12 ലക്ഷം ബാലറ്റ് യൂനിറ്റുകളിൽ ഒരു ബാച്ചിൽപെട്ട 20000ത്തോളം യൂനിറ്റുകളിലെ സർക്യൂട്ട് ബോർഡ് ഈർപ്പമുള്ള കാലാവസ്ഥയിൽ പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ടെന്ന അന്വേഷണ കമീഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ആ ബാച്ചിലെ മുഴുവൻ ബാലറ്റ് യൂനിറ്റുകളുടെയും സർക്യൂട്ട് ബോർഡിൽ ആവശ്യമായ ക്രമീകരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ട്രോണിക് കോർപറേഷന് നിർദ്ദേശം നൽകി.

വോട്ടുയന്ത്രത്തിനുള്ളിൽ കടലാസും സെല്ലാടേപ്പും കുത്തിത്തിരുകി. ചില ഭാഗത്ത് എണ്ണയൊഴിച്ച് ബോധപൂർവം തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയതായാണ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ ജില്ലാ കലക്ടറടക്കമുള്ളവർ അന്വേഷിച്ചിട്ടും ഇത്തരത്തിലുള്ള ഒരു വസ്തുവും കേടായ വോട്ടിങ്ങ് യന്ത്രത്തിന്റെ അടുത്തുനിന്ന് കിട്ടിയിട്ടില്ല. വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിലും വോട്ടുയന്ത്രത്തൽ പുറമെനിന്നുള്ള എന്തെങ്കിലും വസ്തുക്കൾ തിരുകിയതായി കണ്ടത്തൊൻ കഴിഞ്ഞിട്ടില്ല.