തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിട്ട കേരളത്തെ കരകയറ്റാൻ സാലറി ചാലഞ്ചും മലയാളികളുടെ സഹായവും നിരവധിയാണ് ലഭിച്ചത്. പ്രളയബാധിതരല്ലാത്തവരും പ്രവാസികളും പോലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തങ്ങളാലാവുന്ന സഹായങ്ങൾ ചെയ്തിരുന്നു. നിരവധിപേരാണ് ഇല്ലായ്മയും ദാരിദ്ര്യവും മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. എന്നാൽ ഇതിനൊന്നും കൃത്യമായി കണക്കുകളില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്

പ്രളയ ദുരിതാശ്വാസമായി വരുന്ന തുകയുടെ പൂർണ വിവരങ്ങൾ ലഭ്യമല്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. സാലറി ചാലഞ്ചിലൂടെ ലഭിക്കുന്ന തുകയുടെ കണക്കും ലഭ്യമല്ല. വിവരാവകാശ നിയമപ്രകാരം ദുരിതാശ്വാസ നിധിലേക്കുള്ള സംഭവനകളുടെ എല്ലാ വിവരങ്ങളും ആർക്കും പരിശോധിക്കാമെന്നു മുഖ്യമന്ത്രി മുൻപു ചൂണ്ടിക്കാട്ടിയിരുന്നു.

സാലറി ചാലഞ്ച് മുഖേന സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ എന്നിവയിൽനിന്നു ലഭിച്ച തുക, മറ്റു വിവരങ്ങൾ എന്നിവയ്ക്കായി അതാത് ഓഫിസുകളിൽ ചോദിക്കണമെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ വാഗ്ദാനം ചെയ്തതു സംബന്ധിച്ച വിവരങ്ങളും ഈ ഓഫിസിൽ ലഭ്യമല്ല. ദുരിതാശ്വാസമായി ലഭിച്ച സാധനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കണമെങ്കിൽ അതാത് ജില്ലാ കലക്ടർമാർക്ക് അപേക്ഷ നൽകി ശേഖരിക്കണമെന്നും മറുപടിയിൽ പറയുന്നു.

വിവിധ സംസ്ഥാന സർക്കാരുകൾ, സംഘടനകൾ, വിദേശികൾ, കേന്ദ്ര സർക്കാർ, മുഖ്യമന്ത്രി, മന്ത്രിമാർ, രാഷ്ട്രീയ പാർട്ടികൾ, സിനിമ താരങ്ങൾ തുടങ്ങിയവർ നൽകിയ തുകയുടെ വിവരങ്ങൾക്കായി അപേക്ഷ ധനകാര്യ വകുപ്പിലേക്കു കൈമാറുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ മറുപടിയിൽ പറയുന്നു. ചോദിച്ച വിവരങ്ങളിൽ ഒന്നിനുപോലും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമായ മറുപടി നൽകിയില്ല.