- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി പിയുടെ ബാഡ്ജിന് മുന്നിലും തോറ്റ് സിപിഎം ഹുങ്ക്! ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ.രമ എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാകില്ല; പുതിയ അംഗമായതിനാൽ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം; സഭാനാഥന്റെ പിന്തിരിയൽ നടപടി എടുത്താൽ അതും വിവാദമാകുമെന്ന് ഭയന്ന്
തിരുവനന്തപുരം: ടി പി ചന്ദ്രശേഖറന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ കെ രമ എംഎൽഎക്കെതിരെ നടപടി ഉണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജുകളും മറ്റു ഹോൾഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാൽ നടപടിയെടുക്കേണ്ടതില്ലെന്നാണ് സ്പീക്കർ എം ബി രാജേഷിന്റെ തീരുമാനം.
നിമയഭയിൽ രമ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ബാഡ്ജ് ധരിച്ചിരുന്നത്. ഇത് ചട്ടംലഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് അന്നു തന്നെ പരാതി ലഭിച്ചിരുന്നു. സഭയിൽ എന്തെങ്കിലും തരത്തിലുള്ള പ്രദർശനങ്ങൾ ചട്ടലംഘനമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു. ചട്ടലംഘനമുണ്ടായെങ്കിലും പുതിയ അംഗമായതിനാൽ മറ്റ് നടപടിക്ക് ആലോചന ഇല്ലെന്നാണ് പുറത്തുവ വരുന്ന വിവരം.
വടകരയിൽ നിന്ന് യുഡിഎഫ് പിന്തുണയോടെയാണ് രമ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. നേരത്തെ ഇത് സംബന്ധിച്ച പരാതി ലഭിച്ചതോടെയാണ് സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കിയത്. പ്രോ ടൈം സ്പീക്കർ അഡ്വ. പിടിഎ റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെകെ രമ എടുത്തത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നൽകാനാണ് ടി പിയുടെ ബാഡ്ജ് ധരിച്ചു വന്നതെന്ന് സത്യപ്രതിജ്ഞാ ദിവസം കെ കെ രമ പറഞ്ഞിരുന്നു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനമെന്നും കെ കെ രമ അറിയിച്ചിരുന്നു.
അതേസമയം, വിഷയം വിവാദമായതോടെ അതിനെതിരെ രമ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സ്പീക്കർ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടേയെന്നും കെ കെ രമ പ്രതികരിച്ചത്. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്നും രമ ചോദിക്കുകയുണ്ടായി. എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ആ ബാഡ്ജ് ധരിച്ചെത്തിയതെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
തനിക്കെതിരായ നടപടി ശ്രമത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും രമ വ്യക്തമാക്കുകയുണ്ടായി. സഭയിൽ പ്ലക്കാർഡ് ഉയർത്തിപ്പിടിക്കാറുണ്ട്, കറുത്ത തുണി പ്രദർശിപ്പിക്കാറുണ്ട്, കെ.എം.മാണിയുടെ ബജറ്റ് അവതരണ ദിനത്തിൽ കണ്ടതു പോലെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാൻ കഴിയാത്ത ഒരു പാട് പ്രകടനങ്ങൾ കേരള നിയമസഭയിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള പല സന്ദർഭങ്ങളിലും ഇത്തരം അച്ചടക്ക നടപടികൾക്ക് മുതിർന്നതായി തോന്നുന്നില്ല. ആ ബാഡ്ജ് എന്റെ സാരിയിലാണ് ഉണ്ടായിരുന്നത്. ശരീരത്തിന്റെ ഭാഗമായാണ് കുത്തിക്കൊണ്ടു പോയത്. അത് എങ്ങനെയാണ് അച്ചടക്ക ലംഘനമായി മാറുന്നത്? അവർക്ക് അതു ശ്രദ്ധിക്കാതെ ഇരിക്കാമായിരുന്നു. ശ്രദ്ധിച്ചു എന്നതിൽനിന്നു മനസ്സിലാകുന്നത് ഇതു രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് എന്നു തന്നെയാണ്. ഇനി സഭയും സ്പീക്കറും തീരുമാനിക്കട്ടെ. എന്തു തീരുമാനിച്ചാലും എനിക്ക് പ്രശ്നമില്ല. അതുകൊണ്ട് ഇതിൽനിന്നെല്ലാം പിന്നോട്ടു പോകുന്ന പ്രശ്നവുമില്ലെന്നും രമ വ്യക്തമാക്കിയിരുന്നു.
ടിപിയുടെ കൂടെയാണ് ഞാൻ സത്യ പ്രതിജ്ഞ ചെയ്തത്. സഭയിൽ എത്തിയത് ടിപിയാണ്. വടകരയിലെ വോട്ടർമാർ സഖാവ് ടി.പി. ചന്ദ്രശേഖരനെ കൂടിയാണ് വിജയിപ്പിച്ചത്. അതിക്രൂരമായി ആ മനുഷ്യനെ കൊന്നത് അവരുടെ മനസ്സിൽ എന്നും നീറുന്ന സങ്കടമാണ്. ആ മുഖം അവർക്ക് ആർക്കും മറക്കാൻ കഴിയില്ലെന്നും രമ വ്യക്തമാക്കുകയുണ്ടായി. അതേസമയം ഇപ്പോൾ രമക്കെതിരെ നടപടി കൈക്കൊണ്ടാൽ അതും വിവാദമാകുമെന്ന് കണ്ടാണ് സ്പീക്കറും നടപടിയിൽ നിന്നും പിന്തിരിയുന്നത്് എന്നതും വ്യക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ