- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യക്കാരില്ല, ചെത്തുകാർ കള്ള് ഒഴുക്കിക്കളയുന്നു; ഒരോദിവസവും നശിപ്പിക്കുന്നത് നാലുലക്ഷത്തിലധികം ലിറ്റർ കള്ള്; വഴിമുട്ടി 25,000ത്തിലധികം തൊഴിലാളികളുടെ ജീവിതം; പ്രതിസന്ധി രൂക്ഷമായത് ലോക്ഡൗണിനെത്തുടർന്ന് കള്ള് ഷാപ്പുകൾ അടച്ചതോടെ
ആലപ്പുഴ: ആവശ്യക്കാരില്ലാത്തതിനാൽ ചെത്തുകാർ കള്ള് ഒഴുക്കിക്കളയുന്നു. ചെത്തിയിറക്കിയ നാലുലക്ഷത്തിലധികം ലിറ്റർ കള്ളാണ് ഒരോദിവസവും ഇങ്ങനെ മറിച്ചുകളയുന്നത്. ഈ മേഖലയിലെ 25000ത്തിലധികം വരുന്ന തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്.
കോവിഡ് വ്യാപനം തീവ്രമായതിനെത്തുടർന്ന് കള്ളുഷാപ്പുകളെല്ലാം ഏപ്രിൽ 26 മുതൽ അടച്ചിരിക്കുകയാണ്. പിന്നീട് ലോക്ഡൗണും പ്രഖ്യാപിച്ചു. ഇതോടെ ചെത്തുതൊഴിലാളികൾ ശരിക്കും പ്രതിസന്ധിയിലായി. മൂന്നുനേരം തെങ്ങിൽക്കയറി ചെത്തുനടത്തുന്ന പതിവ് മാറ്റാനാവില്ല. നിർത്തിയാൽ കള്ള് കുലയിൽനിന്ന് പുറത്തുചാടി തെങ്ങ് നശിച്ചുപോകും. ലോക് ഡൗൺ ഒരാഴ്ചത്തേക്കുമാത്രമായി പ്രഖ്യാപിച്ചതിനാൽ കുല അഴിച്ചുവിട്ടിട്ടുമില്ല. കുല അഴിച്ച് മാട്ടം (കള്ളുവീഴുന്ന കുടം) മാറ്റിയാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ. പക്ഷേ, പുതിയതായി ഒരുതെങ്ങ് കള്ളുവീഴുംവിധം പരുവത്തിലാക്കിയെടുക്കാൻ ഒരു മാസത്തോളം വേണമെന്നതിനാലാണ് ഇവർ കുലയഴിച്ചുവിടാത്തത്.
നിലവിൽ തൊഴിലാളികൾ തെങ്ങിൽനിന്ന് കള്ളെടുക്കുന്നുണ്ടെങ്കിലും ഷാപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഉടമകൾ വാങ്ങുന്നില്ല. ചെത്തുകാർക്ക് വിൽപ്പന നടത്താനുള്ള അവകാശവും ഇല്ല. അതിനാൽ ഒഴുക്കിക്കളയുകയല്ലാതെ നിവൃത്തിയില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ തൊഴിലാളികൾ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നതു പാലക്കാട്ടാണ്. ഇവിടെനിന്നാണ് മിക്കജില്ലകളിലേക്കും കള്ള് പോവുന്നത്. വിവിധ സ്ഥലങ്ങളിൽനിന്ന് പാലക്കാട്ടെത്തി വാടകയ്ക്ക് താമസിച്ച് കള്ളുചെത്തിനല്കുന്ന തൊഴിലാളികളുണ്ട്. തൊഴിലാളികൾക്കൊപ്പം ഷാപ്പുടമകളും പ്രതിസന്ധിയിലാണ്.
തൊഴിലാളികളുടെ ആനുകൂല്യം, വൃക്ഷക്കരം, ലൈസൻസ് ഫീസ് എന്നിവയെല്ലാം മുൻകൂറായി നൽകിയിരിക്കുന്നതിനാൽ പെട്ടെന്നുള്ള വരുമാനസ്തംഭനം ഇവരെയും ബാധിച്ചു. നല്കിയപണംപോലും തിരിച്ചുകിട്ടുമോയെന്ന ആശങ്കയാണിവർക്കിപ്പോൾ. കള്ളുഷാപ്പുകളുടെ പ്രവർത്തനസമയം 12 മണിക്കൂറാണ്. ഇത് ആറു മണിക്കൂറാക്കി ചുരുക്കി ടോക്കൺ നൽകി വിൽപ്പന നടത്താൻ അനുവദിച്ചാൽ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാമെന്നു കള്ളുഷാപ്പ് ലൈസൻസീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജിത് ബാബു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ