- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിംവിഭാഗത്തോട് വിവേചനമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷേമപദ്ധതികളിൽ 35 ശതമാനം വരെ ആനുകൂല്യം കൈപ്പറ്റുന്നത് മുസ്ലിംജനത; പ്രതികരണം മുസ്ലിംവിവേചനമുണ്ടെന്ന ആരോപണത്തിനെതിരെ
ലഖ്നൗ: സംസ്ഥാനത്തെ ആകെ ജനസംഖ്യയിൽ മുസ്ലിം മതവിഭാഗത്തിന്റെ അനുപാതത്തിനുപരിയാണ് സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് മതവിഭാഗം അനുഭവിക്കുന്ന ആനുകൂല്യങ്ങളെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം മതവിഭാഗത്തിന് നേരെ സംസ്ഥാനസർക്കാർ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
ആകെ ജനസംഖ്യയുടെ 17 മുതൽ 19 ശതമാനം വരെയാണ് മുസ്ലിം മതവിഭാഗക്കാരുള്ളത്, എന്നാൽ ക്ഷേമപദ്ധതികളുടെ പ്രയോജനത്തിന്റെ 30 മുതൽ 35 ശതമാനം വരെ മുസ്ലിങ്ങളാണ് അനുഭവിക്കുന്നത്- ബുധനാഴ്ച നിയമസഭാ സമിതിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു. ഭവനപദ്ധതി, സൗജന്യ വൈദ്യുതി കണക്ഷൻ, ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള സൗജന്യ പാചകവാതക കണക്ഷൻ, ആയുഷ്മാൻ ആരോഗ്യപദ്ധതി എന്നിവയെല്ലാം യോഗി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദമോദി വിഭാവനം ചെയ്ത 'സബ്കാ സാഥ്, സബ്കാ വികാസ്(എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും പുരോഗതി)'എന്ന നയം പിന്തുടരുന്ന സർക്കാരിന്റെ പ്രവർത്തനം അങ്ങേയറ്റം ആത്മാർഥവും സുതാര്യവുമാണെന്ന് യോഗി വ്യക്തമാക്കി. സർക്കാർ ആരോടും വിവേചനപരമായി പെരുമാറിയിട്ടില്ലെന്നും ആരെയും പ്രീതിപ്പെടുത്താറില്ലെങ്കിലും ക്ഷേമപദ്ധതികളുടെ നേട്ടങ്ങൾ ഗുണഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കാൻ സംസ്ഥാനസർക്കാർ ജാഗ്രത പുലർത്താറുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.
രാജ്യത്തെ മികച്ച സമ്പദ്ഘടനകളിലൊന്നായിരുന്നു ഉത്തർപ്രദേശിന്റേതെന്നും എന്നാൽ കുറച്ചുകാലമായി സാമ്പത്തികസ്ഥിതിയിൽ കോട്ടമുണ്ടായിട്ടുണ്ടെന്നും മുൻകാലസർക്കാരുകളെ കുറ്റപ്പെടുത്തി യോഗി പറഞ്ഞു. സാമ്പത്തിക സ്ഥിതിയിൽ 2016 ഓടെ സംസ്ഥാനം ദേശീയതലത്തിൽ അഞ്ചും ആറും സ്ഥാനത്തെത്തിയതായും എന്നാൽ സമീപകാലത്ത് വികസനമാതൃകകളായി ഉയർത്തിക്കാട്ടുന്ന സംസ്ഥാനങ്ങളെ പിന്തള്ളി അത് രണ്ടാം സ്ഥാനത്തേക്കുയർന്നതായും യോഗി പറഞ്ഞു.