ന്യൂഡൽഹി: ഉത്തരേന്ത്യയിൽ സ്‌കൂൾ ആരുടേതായാലും സരസ്വതീ ദേവിയുടെ ചിത്രം തൂക്കണം. അല്ലെങ്കിൽ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവില്ല. വിശ്വഹിന്ദു പരിഷത്താണ് ഇടപെടൽ ശക്തമാക്കുന്നത്. ഇതിന് കത്തോലിക്കാ സ്‌കൂളുകൾ പോലും വഴങ്ങി തുടങ്ങി. കത്തോലിക്കാ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരായി പള്ളിയിലെ അച്ചന്മാരെ നിയമിക്കാം. പക്ഷേ കുട്ടികളെകൊണ്ട് അച്ചനെന്ന് വിളിപ്പിക്കരുതെന്നും വിഎച്ച്്പി വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി എത്തിയതിന് ശേഷമാണ് വിദ്യാഭ്യാസ മേഖലയിലെ ഹൈന്ദവവൽക്കരണ ലക്ഷ്യത്തോടെ സംഘപരിവാർ സംഘടന രംഗത്ത് എത്തുന്നത്.

ഛത്തിസ്ഗഢിലെ കത്തോലിക്ക സ്‌കൂളുകളിൽ സരസ്വതീ ദേവിയുടെ ചിത്രങ്ങൾ തൂക്കണമെന്നും മറ്റു സമുദായങ്ങളെ വേദനിപ്പിച്ചതിൽ മാപ്പുപറയണമെന്നുമുൾപ്പെടെയുള്ള കൽപനകളടങ്ങിയ ധാരണപത്രവും വിശ്വഹിന്ദു പരിഷത്ത് ഒപ്പുവെപ്പിച്ചു. സ്‌കൂളിനെതിരെ പ്രതിഷേധം ഉയർത്തുകയും സമരം തുടങ്ങുകയും ചെയ്തിരുന്നു. തുടർന്നാണ് ധാരണാ പത്രത്തിലേക്ക് കാര്യങ്ങളെത്തിയത്. ഒരാൾക്ക് ഒരു പിതാവ് ഉണ്ടായിരിക്കെ അദ്ധ്യാപകനെ പിതാവെന്നു വിളിക്കുന്നത് അനുചിതമാണെന്നും ഇനിമേൽ പ്രചാര്യ എന്നോ ഗുരുജി എന്നോ വിളിച്ചാൽ മതിയെന്നുമാണ് വി.എച്ച്.പി നേതാക്കൾ നിർദേശിച്ചത്.

പള്ളിയിലെ അച്ചന്മാരെ കുട്ടികളെ കൊണ്ട് ഫാദർ എന്ന് വിളിപ്പിക്കില്ലെന്നും കത്തോലിക്കാ സ്‌കൂൾ മാനേജ്‌മെന്റ് വ്യക്താക്കിയിട്ടുണ്ട്. ധാരണ പ്രകാരം ബസ്തറിലെ കത്തോലിക്കാ സ്‌കൂളുകളുടെ നോട്ടീസ് ബോർഡിൽ പുതിയ തീരുമാനം പ്രദർശിപ്പിക്കും. വി.എച്ച്.പി. ബസ്തർ ജില്ലാ പ്രസിഡന്റ് സുരേഷ് യാദവ്, ജഗദൽപൂർ രൂപത വക്താവ് ഫാ. അബ്രഹാം കണ്ണമ്പാലയും നടത്തിയ ചർച്ചക്കു ശേഷമാണ് ഈ തീരുമാനങ്ങൾ അടിച്ചേൽപിച്ചത്.

വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ചാവറയച്ചൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കിനെക്കുറിച്ച് കഴിഞ്ഞ ദിവസം ബസ്തറിലെ നിർമൽ ഹയർസെക്കൻഡറി സ്‌കൂൾ വാർഷിക ചടങ്ങിൽ ജഗ്ദൽപൂർ ബിഷപ് ഡോ. ജോസഫ് കൊല്ലമ്പിൽ പ്രസംഗിച്ചിരുന്നു. അദ്ദേഹത്തിന്റെ മാർഗം പിൻപറ്റി സി.എം.ഐ സഭ ബസ്തറിലെ എല്ലാ ഗ്രാമങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പ്രസംഗം വർഗീയത പരത്തുന്നതാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്‌കൂളിനെതിരെ വിഎച്ച്പി പ്രതിഷേധം ഉയർത്തിയത്.

എന്നാൽ, ഏതെങ്കിലും സമുദായത്തിന്റെ വികാരം ഹനിക്കുന്ന പ്രവൃത്തികൾ സഭ നടത്തിയിട്ടില്‌ളെന്നും ഫാദർ എന്നു വിളിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചിട്ടില്‌ളെന്നും ബസ്തറിലെ കത്തോലിക്ക വക്താവ് വ്യക്തമാക്കി. ബസ്തറിലെ ആദിവാസി മേഖലയിൽ കത്തോലിക്കാ സഭയ്ക്ക് 22 സ്‌കൂളുകളാണ് ഉള്ളത്. ഈ മേഖലയിൽ വലിയ സാമൂഹിക ഇടപെടലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കത്തോലിക്കാ സഭ നടത്തുന്നത്. എന്നാൽ മതപരിവർത്തനം അടക്കമുള്ള വർഗ്ഗീയ ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ടെന്നാണ് വിഎച്ച്പിയുടെ ആക്ഷേപം. ഇതു തന്നെയാണ് പുതിയ പ്രതിഷേധത്തിന്റേയും പ്രധാന കാരണം.

കേന്ദ്രത്തിൽ മോദി സർക്കാർ അധികാരമേറ്റതിനു തൊട്ടുപിന്നാലെ ഹിന്ദു സമുദായത്തിനു പുറത്തുനിന്നുള്ള മിഷിനറിമാർ ഈ മേഖലയിൽ പ്രവേശിക്കുന്നത് സംഘ്പരിവാർ ഇടപെട്ട് വിലക്കിയിരുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികളെ തിരിച്ചു മതം മാറ്റിക്കുന്ന ഘർ വാപ്‌സി പദ്ധതിയും അവർ ആരംഭിച്ചു. ഇത്തരം നീക്കങ്ങളുടെ തുടർച്ചയാണ് വി.എച്ച്.പി സ്‌കൂളുകളിൽ അടിച്ചേൽപിച്ച ധാരണപത്രം. എന്നാൽ മറ്റ് മതങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്ന ആരോപണം ബസ്തറിലെ കത്തോലിക്കാ സഭ തള്ളിക്കളഞ്ഞിട്ടുണ്ട്.