തിരുവനന്തപുരം: നിങ്ങളുടെ കെട്ടിടത്തിന് സർക്കാരിന്റെ അനുമതി ആവശ്യമാണോ? മുടങ്ങിക്കിടക്കുന്ന റിയൽ എസ്‌റ്റേറ്റ് പ്ലാനുകൾ അംഗീകരിക്കേണ്ടതുണ്ടോ ? വേഗത്തിൽ തിരുവനന്തപുരത്തേക്ക് എത്തുക. ഏക ജാലകത്തെ വെല്ലുന്ന സംവിധാനങ്ങൾ ഇവിടയുണ്ട്. അൽപ്പം കാശ് ചെലവാക്കിയാൽ വയലുകളെ നികത്തി കരഭൂമിയുമാക്കാം. പാറ പൊട്ടിക്കാനും മണ്ണ് എടുക്കാനുമൊക്കെ അനുമതികൾ ഇപ്പോൾ സെക്രട്ടറിയേറ്റിലെത്തിയാൽ കിട്ടും. വർഷങ്ങളായി സർക്കാരിൽ താൽകാലിക ജോലി ചെയ്യുന്നവർക്കും ആശ്വാസ കാലമാണ്. നിങ്ങളുടെ ജോലിയും ഈ സർക്കാർ തന്നെ സ്ഥിരമാക്കിത്തരും. എല്ലാത്തിനും കൂടി ഇനി കുറച്ചു നാളെ ബാക്കിയുള്ളൂ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും മുമ്പ് എല്ലാം ശരിയാകും. തട്ടിപ്പും വെട്ടിപ്പും ഇവിടെയില്ല. പണം നൽകുക അനുമതികൾ വാങ്ങുക.

തലസ്ഥാനം കേന്ദ്രീകരിച്ച് ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ പ്രത്യേക സംവിധാനം തന്നെ സജീവമാണ്. ബാർ മുതലാളിമാർ ആയിരുന്നു മുമ്പ് രാഷ്ട്രീയക്കാരുടെ പ്രധാന വരുമാന സ്‌ത്രോതസ്. എന്നാൽ ബാർ പൂട്ടലോടെ ഈ സാമ്പത്തിക മാർഗ്ഗം അടഞ്ഞു. ബാർ മുതലാളിമാരിൽ നിന്ന് തെരഞ്ഞെടുപ്പിനുള്ള ഫണ്ട് സ്വരൂപീകരണം നടക്കാതെയായി. ഈ സാഹചര്യത്തിലാണ് പുതിയ മാർഗ്ഗങ്ങൾ തേടുന്നത്. സംസ്ഥാന ഭരണം അവസാനിക്കാനിരിക്കെ അനധികൃത നിർമ്മാണ പ്രവർത്തികൾക്ക് അംഗീകാരം നൽകി ഫണ്ട് തരപ്പെടുത്താനാണ് പ്രധാന നീക്കം. ഇതിനൊപ്പമാണ് താൽകാലിക ജീവനക്കാരുടെ സ്ഥിരം നിയമനം അടക്കമുള്ള വിഷയങ്ങളുമെത്തുന്നത്. പണമുണ്ടെങ്കിൽ എന്തും നേടിയെടുക്കാനുള്ള ലോബി സജീവമാണ്.

ഇതിനായി തലസ്ഥാന നഗരി കേന്ദ്രീകരിച്ച് ഏജന്റുമാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒത്തുചേർന്നുള്ള സംയുക്ത ഓപ്പറേഷനിൽ മറിയുന്നത് കോടികളാണ്. ബാർ മുതലാളിമാർ പിണങ്ങി നിൽക്കേ നിയമസഭ തെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലാത്ത അവസ്ഥ വരും. അധികാരത്തിലെത്തിയാൽ ബാർ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ഇടതു മുന്നണി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബാറുടമകൾ ഇടതു മുന്നണിക്കായി പണം ഒഴുക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ ധനാഗമമാർഗ്ഗങ്ങളിലേക്ക് കടക്കുന്നത്. വി എം സുധീരന്റെ കേരള യാത്രയ്ക്കും ബാറുടമകളിൽ നിന്ന് പണം കിട്ടിയിരുന്നില്ല. മണൽ ലോബിയുടെ സഹായമാണ് ആവോളം കിട്ടിയത്. ഇതും മനസ്സിൽ വച്ചാണ് പുതിയ നീക്കം.

നിയമ തടസ്സങ്ങൾ മൂലം മാസങ്ങളും വർഷങ്ങളുമായി അനുമതി ലഭിക്കാതിരിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തി ഉടമകളുമായി ബന്ധപ്പെട്ട് പിൻവാതിലിലൂടെ അംഗീകാരം വാങ്ങിക്കൊടുക്കാൻ പാലക്കാട്, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനമുണ്ടെന്നാണ് സൂചന. ചീഫ് ടൗൺ പ്ലാനറുടെ ഓഫീസിലെ പല ഉദ്യോഗസ്ഥരും ഇടനിലക്കാരാകുന്നു. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ നിയമാനുസൃതമാക്കാൻ ചീഫ് ടൗൺ പ്ലാനിങ് ഓഫീസിനെ സമീപിക്കുന്നവരുടെ മുന്നിലേക്ക് ഇടനിലക്കാരെത്തും. ഭൂമിയുടെ വിസ്തൃതിക്കനുസൃതമല്ലാത്ത രീതിയിൽ നിർമ്മിച്ച ഫ്‌ളോർ ഏരിയ റേഷ്യോയിലെ (എഫ്എആർ) അപാകതകൾ, കെട്ടിടത്തിലേക്ക് ആവശ്യമായ വീതിയിൽ വഴിയില്ലാതിരിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് പല വൻകിട നിർമ്മാണങ്ങളും നിയമക്കുരുക്കിൽപ്പെട്ടിരിക്കുന്നത്.

മുമ്പ് വളഞ്ഞവഴിയിലൂടെ നേടിയെടുത്ത അനുമതിപ്രകാരം നിർമ്മിച്ച കെട്ടിടങ്ങളിൽ ചിലതിന് പിന്നീട് ഉദ്യോഗസ്ഥർ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് നമ്പർ ലഭിക്കാത്ത സ്ഥിതിയുണ്ട്. എൽഎസ്ജിഡി വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ പരിശോധന നടത്തി ഇത്തരത്തിലുള്ള ധാരാളം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ നിയമാനുസൃതമാക്കാനും സംവിധാനമുണ്ട്. മണൽ വാരലിലും ഇളവുകൾ നൽകും. ഏതായാലും തെരഞ്ഞെടുപ്പ് കാലത്ത് പരിശോധനകൾ ഒഴിവാക്കാമെന്ന ഉറപ്പാണ് ക്വാറി മാഫിയയ്ക്കും മണൽ ലോബിക്കും നൽകുന്നത്. ഇതിനൊപ്പം പെർമിറ്റുകളും അനുമതിയും സ്ഥിരമായി നൽകാനും ശ്രമിക്കും. ഇത്തരം അനുമതികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് എല്ലാത്തിനും മൗനാനുവാദമെന്ന രീതി വരുന്നത്.

പാടം നികത്തലാണ് മറ്റൊരു വിഷയം. നിശ്ചിത കാലപരിധി വരെയുള്ള പാടം നികത്താൻ അനുമതിയുണ്ട്. ഇതിന്റെ മറവിലെ കള്ളക്കളികൾക്കാണ് നീക്കം. പാടം നികത്തിയ ശേഷം പഴയ തെങ്ങുകളും മറ്റും വച്ച് വളരെ നേരത്തെ കരഭൂമിയായെന്ന് വരുത്തുകയാണ് പ്രതിവിധി. അതിന് ശേഷം പാടത്തെ കരഭൂമിയായി അംഗീകരിച്ച് ഉത്തരവുകളും നൽകും. ഇതും കെട്ടിടമാഫിയയ്ക്ക് അനുകൂലമാണ്. ത്വരിതാനുമതിയാകും ഇക്കാര്യത്തിൽ ഉറപ്പാക്കുക. ഇതും ഉപോയഗപ്പെടുത്താൻ പരമാവധിപേർ റവന്യൂവകുപ്പിലെത്തുന്നുണ്ട്.

ഇതിനൊപ്പമാണ് വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. ജീവനക്കാരിൽ നിന്ന് പണം വാങ്ങി നിയമനം ശരിയാക്കാനാണ് നീക്കം. ഇതിനും സെക്രട്ടറിയേറ്റിൽ പ്രത്യേക സംവിധാനമുണ്ട്.