- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് കടുത്ത അവഗണന; ആശ്രിത നിയമനത്തിന് അർഹത ഉണ്ടായിട്ടും കനിയാതെ അധികൃതർ; എംഎൽഎമാരുടെ മക്കൾക്കും ആശ്രിതനിയമനം നൽകുമ്പോഴും ധീരജവാന്റെ കുടുംബത്തോട് മുഖം തിരിച്ച് സർക്കാർ; നിയമനം ഉറപ്പാക്കണമെന്ന കോടതി ഉത്തരവുകൾക്കും പുല്ലുവില
പത്തനംതിട്ട: കാർഗിൽ യുദ്ധത്തിന് മുന്നോടിയായി കാശ്മീർ താഴ്വരയിൽ ഭീകരർക്കെതിരെ നടന്ന ഓപ്പറേഷനിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്റെ കുടുംബത്തോട് അവഗണനയെന്ന് പരാതി. മരണാനന്തരം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായ അടൂർ പള്ളിക്കൽ തെങ്ങമത്തിൽ എസ് സഹദേവന്റെ മകൻ കഴിഞ്ഞ ആറ് വർഷമായി അർഹതപ്പെട്ട ജോലിക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. ആശ്രിതനിയമനത്തിന് അർഹതയുണ്ടെന്നും ഉടനടി നിയമനം ഉറപ്പാക്കണമെന്നുമുള്ള ഹൈക്കോടതിയുടെയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും വിധികൾക്ക് പോലും വില നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് സഹദേവന്റെ കുടുംബം ആരോപിക്കുന്നു.
1999 ഫെബ്രുവരി 19 ന് ശ്രീനഗറിലെ ബാരമുള്ള ജില്ലയിൽ സമ്പാസെക്ടറിൽ വച്ച് 15 ആസാം റെജിമെന്റ് എന്ന ആർമി യൂണിറ്റും 28 സിആർപിഎഫും സംയുക്തമായി നടത്തിയ 14 മണിക്കൂർ തീവ്രവാദ വിരുദ്ധ ഓപ്പറേഷനൊടുവിലാണ് സഹദേവൻ കൊല്ലപ്പെടുന്നത്. അദ്ദേഹം മരണപ്പെടുമ്പോൾ വിവാഹം കഴിഞ്ഞിട്ട് ഏതാനും വർഷങ്ങൾ മാത്രമെ ആയിരുന്നുള്ളു. മകന് മൂന്ന് വയസും മകൾക്ക് രണ്ട് മാസവും മാത്രമായിരുന്നു പ്രായം. മകന് 18 വയസ് തികഞ്ഞപ്പോൾ 2014 ലാണ് സഹദേവന്റെ വിധവ ഗിരിജയും മകൻ അഭിദേവും ആശ്രിതനിയമനത്തിനായി ആദ്യമായി സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 110/2002/ജിഎഡി ഉത്തരവ് പ്രകാരമാണ് ആശ്രിതനിയമനത്തിനായി സഹദേവന്റെ കുടുംബം അപേക്ഷ സമർപ്പിച്ചത്. ഈ ഉത്തരവ് പ്രകാരം അർദ്ധസൈനികരുടെ ആശ്രിതനിയമനത്തിനായുള്ള മൂന്ന് വ്യവസ്ഥകളും സാധൂകരിക്കുന്നതാണ് സഹദേവന്റെ മരണം.
അർദ്ധസൈനികനായ ജവാൻ വീരമൃത്യു വരിക്കുന്നത് യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ ആയിരിക്കണം, പ്രസ്തുത ജവാന്റെ മരണത്തെ 'ഡെത്ത് ഈസ് ആട്രിബ്യൂട്ടബിൾ ടു മിലിട്ടറി സർവീസ്' എന്ന് ആട്രിബ്യൂട്ടബിൾ അനക്സ് കകക സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസ് അഥോറിറ്റി സാക്ഷ്യപ്പെടുത്തിയിരിക്കണം, ഈ അർദ്ധസൈനികൻ ഏതെങ്കിലും ആർമി യൂണിറ്റുമായി ചേർന്നുനടത്തിയ ഓപ്പറേഷനിൽ ആയിരിക്കണം വീരമൃത്യു വരിച്ചത്:- എന്നിവയാണ് ഉത്തരവ് പ്രകാരമുള്ള മൂന്ന് വ്യവസ്ഥകൾ.
ഈ മൂന്ന് വ്യവസ്ഥകളും സഹദേവന്റെ വീരമൃത്യുവിന് ബാധകമാണ്. അദ്ദേഹത്തിന്റെ മരണത്തെ 'ഡെത്ത് ഈസ് ആട്രിബ്യൂട്ടബിൾ ടു മിലിട്ടറി സർവീസ്' എന്ന് ആട്രിബ്യൂട്ടബിൾ അനക്സ് കകക സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസ് അഥോറിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സൈനികക്ഷേമനിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ച ഉത്തരവിലും 'ഡെത്ത് ഈസ് ആട്രിബ്യൂട്ടബിൾ ടു മിലിട്ടറി സർവീസ്' എന്നാണ് സംസ്ഥാന പൊതുഭരണവകുപ്പും രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല വിവിധ കാലങ്ങളിൽ ജമ്മു കാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വിവിധ കാരണങ്ങളാൽ മരണപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്ത ജവാന്മാരുടെ ആശ്രിതർക്കും ഈ ഉത്തരവ് പ്രകാരം നിയമനം നൽകിയ ചരിത്രമുള്ളപ്പോഴാണ് ഭീകരവാദികൾക്കെതിരായ ഓപ്പറേഷനിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തോട് ഈ അവഗണന.
എന്നാൽ 110/2002/ജിഎഡി ഉത്തരവ് 2018 ന് ശേഷം മാത്രമാണ് സിആർപിഎഫിന് ബാധകമായിട്ടുള്ളതെന്നാണ് അധികൃതരുടെ പക്ഷം. ഇതിന്റെ പേരിലാണ് സഹദേവന്റെ കുടുംബത്തിന് ആശ്രിതനിയമനം നിഷേധിക്കുന്നത്. എന്നാൽ ഈ ആനുകൂല്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന അർദ്ധസൈനികവിഭാഗമായ ബിഎസ്എഫിന് നൽകുകയും സിആർപിഎഫിന് നിഷേധിക്കുകയും ചെയ്യുന്നത് അന്യായമാണെന്ന് സഹദേവന്റെ കുടുംബം ആരോപിക്കുന്നു. ആ കാലയളവിൽ രോഗം വന്ന് മരിച്ചവർക്കും മുങ്ങി മരിച്ചവർക്കുമടക്കം സ്പെഷ്യൽ ഓർഡർ ഇറക്കി നിയമനം നൽകുമ്പോൾ 14 മണിക്കൂർ തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു മരിച്ച ജവാന്റെ കുടുംബത്തെ അവഗണിക്കുകയാണെന്നും ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തെളിവുകൾ സഹിതം പറയുന്നു.
ഇതിനിടെ നിയമനം നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ൽ ഹൈക്കോടതിയേയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനേയും സഹദേവന്റെ കുടുംബം സമീപിച്ചു. രണ്ടിടത്ത് നിന്നും നിയമനം സംബന്ധിച്ച പരാതി ഉടനടി പരിഹരിക്കണമെന്ന ഉത്തരവ് ഉണ്ടായി. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പൊതുഭരണസെക്രട്ടറിക്കും അപേക്ഷ നൽകിയെങ്കിലും കോടതി ഉത്തരവ് തള്ളിക്കൊണ്ടുള്ള മറുപടിയാണ് അവർക്ക് ലഭിച്ചത്. സിആർപിഎഫ് പ്രതിരോധ സേനാംഗമല്ലാത്തതിനാൽ ആശ്രിതനിയമനം നൽകാനാവില്ലെന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. എന്നാൽ അതേസമയം ഇവരുടെ അപേക്ഷകളും ഇവർക്കനുകൂലമായ കോടതി ഉത്തരവുകളും നിലനിൽക്കെ തന്നെ മറ്റൊരു സിആർപിഎഫ് ജവാന്റെ ഭാര്യയ്ക്ക് ആശ്രിതനിയമനം നൽകിയതിന് രേഖകളുണ്ട്.
35 വർഷം മുമ്പ് ഹൃദ്രോഗം വന്നുമരിച്ച ജവാന്റെ ബന്ധുക്കൾക്ക് പോലും ആശ്രിതനിയമനം നൽകുന്ന നാട്ടിൽ അർഹതയുണ്ടായിട്ടും സഹദേവന്റെ കുടുംബം തഴയപ്പെടുന്നത് രാഷ്ട്രീയബന്ധങ്ങളില്ല എന്ന ഒറ്റകാരണത്താലാണ്. അത് ആ ധീരജവാനോടുള്ള അനാദരവാണ്. മരിച്ചുപോയ എംഎൽഎമാരുടെ മക്കൾക്ക് വരെ നിയമം മറികടന്ന് ആശ്രിതനിയമനം നൽകുന്ന അധികാരികളാണ് രാജ്യത്തിന് വേണ്ടി പ്രാണൻ നൽകിയ ജവാന്റെ കുടുംബത്തെ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് വലയ്ക്കുന്നതെന്നതാണ് വിരോധാഭാസം.