- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമണ്ണിൽ മുഴങ്ങുന്നത് ചരമഗീതം; മൊട്ടുക്കുന്നിന് തീയിട്ടാലും സംരക്ഷണം; മുതലാളിമാർക്കായി 95 കോടിയുടെ കേന്ദ്ര പദ്ധതി അട്ടിമറിക്കുന്നു; ടൂറിസം പ്രമോഷൻ കൗൺസിൽ ആയാൽ ഇങ്ങനെ വേണം
ഇടുക്കി:ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുന്ന വാഗമൺ ടൂറിസം മേഖലയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വാഗമണ്ണിന് ചരമഗീതം പാടുന്നു. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ കൗൺസിൽ, അലംഭാവം കൈവിടാതെ മുറുകെപ്പിടിക്കുന്നത് സഞ്ചാരികൾക്ക് നിരാശ പകരുകയാണ്. വാഗമണ്ണിന്റെ ഭ്രമിപ്പിക്കുന്ന സൗകുമാര്യമാ
ഇടുക്കി:ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുന്ന വാഗമൺ ടൂറിസം മേഖലയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വാഗമണ്ണിന് ചരമഗീതം പാടുന്നു. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ കൗൺസിൽ, അലംഭാവം കൈവിടാതെ മുറുകെപ്പിടിക്കുന്നത് സഞ്ചാരികൾക്ക് നിരാശ പകരുകയാണ്. വാഗമണ്ണിന്റെ ഭ്രമിപ്പിക്കുന്ന സൗകുമാര്യമായ മൊട്ടക്കുന്നുകൾ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ച സാമൂഹ്യവിരുദ്ധരെ സംരക്ഷിച്ചതാണ് ഏറ്റവും ഒടുവിലുണ്ടായത്. വാഗമണ്ണിലെ വിനോദസഞ്ചാര സാധ്യതകളുടെ പ്രയോജനം സ്വകാര്യ മേഖലക്ക് ലഭിക്കുംവിധം പദ്ധതികൾ രൂപപ്പെടുത്തുന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കോടികളുടെ വൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയരുന്നു. സഞ്ചാരികളുടെ സുരക്ഷക്ക് യാതൊരു വിലയും കൽപിക്കാതെ ഡി. ടി. പി. സി വാഗമണ്ണിൽ കാഴ്ചക്കാരന്റെ റോളിലേക്കു മാത്രമായി ചുരുങ്ങി.
വാഗമൺ ടൂറിസം മേഖലയുടെ നടത്തിപ്പ് ചുമതല പൂർണമായും ഡി. ടി. പി. സിക്കാണ്. എന്നാൽ ഇവിടെ അധികരിച്ചുവരുന്ന സാമൂഹ്യ വിരുദ്ധ ശല്യത്തിന് അറുതിയുണ്ടാക്കാൻ നടപടിയില്ലെന്നു മാത്രമല്ല, ഇത്തരക്കാരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഏതാനും ദിവസം മുമ്പ് വാഗമൺ സൂയിസൈഡ് പോയിന്റിലെ പുൽമേട് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച ആലുവയിൽനിന്നുള്ള യുവാക്കളെ സംരക്ഷിച്ച് രക്ഷപെടുത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ്. നാല് ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് പുൽമേടിന് തീയിട്ടത്. വേനലായതിനാൽ തീ അതിവേഗം പടർന്നു പിടിച്ചു. ഈ സമയം തൊട്ടടുത്ത മൊട്ടക്കുന്നിലുണ്ടായിരുന്ന ചെറുതോണിയിലെ മാദ്ധ്യമപ്രവർത്തകൻ ടിൻസ് ജെയിംസ് ദൃശ്യങ്ങൾ കാമറയിൽ പകർത്തി.
പൂൽമേടിന് തീയിട്ടശേഷം ഓടിരക്ഷപെടാൻ ശ്രമിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ രണ്ട് കിലോമീറ്ററോളം അകലെയുള്ള ഡി. ടി. പി. സി പ്രവേശന കവാടത്തിലെ ജീവനക്കാരെയും ചില പ്രദേശവാസികളെയും അറിയിക്കുകയും ചെയ്തു. സഞ്ചാരികളും നാട്ടുകാരും ചേർന്ന് തീയണച്ചത് വാഗമണ്ണിലെ മൊട്ടക്കുന്നുകളുടെ ജീവൻ നിലനിർത്തി. തുടർന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും കൂടി യുവാക്കളെ പ്രവേശന കവാടത്തിൽ തടഞ്ഞുവച്ചു പൊലിസിനെയും ഇടുക്കി ഡി. ടി. പി. സി സെക്രട്ടറിയെയും വിവരമറിയിച്ചു. പൊലിസ് ഉടൻ സംഭവസ്ഥലത്തെത്തിയെങ്കിലും പ്രശ്‌നത്തെ ഗൗരവത്തോടെ കാണാൻ സെക്രട്ടറി തയാറായില്ല. കേസെടുക്കുന്നതിന് പരാതി എഴുതി നൽകാൻ പൊലിസ് ആവശ്യപ്പെട്ടെങ്കിലും ഡി. ടി. പി. സി സെക്രട്ടറി തയാറായില്ല.
ഭരണകക്ഷിയുമായി ബന്ധമുള്ള ചിലരുടെ മക്കൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്നതിനാലാണ് പരാതി നൽകാൻ സെക്രട്ടറി വിസമ്മിച്ചതെന്നു വാഗമണ്ണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ യുവാക്കൾ കുറ്റം സമ്മതിച്ചെങ്കിലും പരാതി എഴുതി നൽകാത്തതിനാൽ പൊലിസും ഇളിഭ്യരായി. എങ്കിലും പെറ്റിക്കേസ് എടുത്താണ് യുവാക്കളെ വിട്ടയച്ചത്. തീയിട്ട വിവരം മാദ്ധ്യമപ്രവർത്തകൻ യഥാസമയം മറ്റുള്ളവരെ അറിയിച്ചതിനാലാണ് പെട്ടെന്നു തന്നെ കെടുത്താനായത്. ഇല്ലെങ്കിൽ വാഗമൺ പുൽമേടുകളുടെ സിംഹഭാഗവും കത്തിയമരുകയും സഞ്ചാരികളെ ഇവിടെനിന്നകറ്റുകയും ചെയ്യുമായിരുന്നുവെന്നു ജീവനക്കാർ തന്നെ പറയുന്നു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമാണ് വാഗമൺ. ഗവി, തേക്കടി, വാഗമൺ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന 150 കിലോമീറ്റർ മേഖലയുടെ വികസനത്തിന് 95 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി മുതൽ വാഗമൺ വരെയാണ് പദ്ധതി. ഇതിൽ 65 കോടിയും വാഗമൺ-തേക്കടി മേഖലയുടെ വികസനത്തിനാണ് വകയിരുത്തിയിരിക്കുന്നത്. ഇത് നടപ്പാകുന്നതോടെ വാഗമൺ ടൂറിസം വികസനത്തിൽ വൻകുതിപ്പുണ്ടാകും. സാഹസിക വിനോദസഞ്ചാരം അടിസ്ഥാന ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുക. ബർമ ബ്രിഡ്ജ്, ബഗ്ഗി വാക്ക് വേയ്‌സ്, സൈക്കിൾ ട്രാക്ക്, റോക്ക് ക്ലൈമ്പിങ്, മൾട്ടി വൈൻ വാക്ക്, എർത്‌ക്വേക്ക് വാക്ക്, ട്രാംപൊലിൻ വാക്ക്, ആംഫി തീയേറ്റർ, താഴ്‌വാരത്തിലൂടെ നടപ്പാത, വൈദ്യുതിയും വെള്ളവും പ്രാഥമിക സൗകര്യങ്ങളും തുടങ്ങി വമ്പൻ പദ്ധതിക്കാണ് സർക്കാർ തുക അനുവദിച്ചിരിക്കുന്നത്.
എന്നാൽ സ്വകാര്യ മേഖലക്കായി ഈ പദ്ധതികളെ അട്ടിമറിക്കുകയെന്ന ലക്ഷ്യം ഡി. ടി. പി. സി വച്ചുപുലർത്തുന്നതായി തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിന്റെ അധീനതയിലാണ് വാഗമൺ പ്രദേശമെങ്കിലും മിക്ക ടൂറിസം പദ്ധതികളും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. മൂൺമല ഉൾപ്പെടയെുള്ള പ്രദേശങ്ങളിലേക്കുള്ള ട്രക്കിങ് ഇപ്പോൾ സ്വകാര്യ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. പൈന്മരക്കാടുകളിലൂടെയുള്ള സവാരിക്കും അഡ്വഞ്ചർ മോട്ടോർ റേസിനും സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഇവയുടെ നേട്ടം കൊയ്യുന്നത് സ്വകാര്യ ഏജൻസികൾ തന്നെയാണ്. സ്വകാര്യ ടൂറിസം സംരംഭകർ മാത്രം നേട്ടം കൊയ്യുന്നിടത്ത് പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ മടിക്കും. സ്വകാര്യ സംരംഭകരെ വളർത്തുന്നതിലൂടെ കേന്ദ്രപദ്ധതി അട്ടിമറിക്കുകയെന്ന ഹിഡൻ അജണ്ടയും ഡി. ടി. പി. സിക്കുണ്ടെന്നാണ് ആരോപണം.
മദ്യപാനവും സാമൂഹ്യവിരുദ്ധ ശല്യവും വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിൽ പതിവാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കിടെ പൊലിസിനു നേരെ പോലും അക്രമമുണ്ടായ സംഭവങ്ങളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാഗമണ്ണിൽ അടുത്ത നാളിൽ പൊലിസ് സ്റ്റേഷൻ ആരംഭിച്ചത്. എന്നിട്ടും പുൽമേടുകൾ അഗ്നിക്കിരയാക്കിയവരെ പരാതിയില്ലാതെ വിട്ടയയ്ക്കാൻ ഡി. ടി. പി. സി നടത്തിയ നീക്കം സ്വന്തം കടയ്ക്കൽ കത്തിവയ്ക്കലായി. സുരക്ഷാ കാര്യത്തിൽ വൻവീഴ്ചയാണ് വാഗമണ്ണിൽ ഡി. ടി. പി. സി കാട്ടുന്നത്. അനധികൃതമായി ഇപ്പോഴത്തെ സെക്രട്ടറി നടത്തിയ 18 നിയമനങ്ങളിൽപെട്ടവരടക്കം നാല് ജീവനക്കാർ ഡ്യൂട്ടിയിലുള്ള കുളത്തിലാണ് കഴിഞ്ഞ വർഷം രണ്ട് കുട്ടികൾ മുങ്ങിമരിച്ചത്. ചങ്ങനാശേരിയിൽനിന്നും വിനോദ സഞ്ചാരത്തിനെത്തിയ സൺഡേ സ്‌കൂളിലെ കുട്ടികളാണ് മരണപ്പെട്ടത്.
രണ്ടര വർഷം മുമ്പ് മൊട്ടക്കുന്നിലെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേർ ഇടിമിന്നലേറ്റു മരിച്ചിരുന്നു. വാഗമൺ മലമേഖലകൾ അതീവ പ്രഹരശേഷിയുള്ള മിന്നൽ സാധ്യതാ പ്രദേശങ്ങളാണെന്നു ശാസ്ത്രീയപഠനങ്ങളിൽ തെളിയുകയും ചെയ്തതാണ്. അടിയന്തിരമായി ഇവിടെ മിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഡി. ടി. പി. സിയെപ്പോലെ പ്രഖ്യാപനവും വെറുതെയായി.