തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് ഉൾപ്പെടെ ജിഎസ്ടി ഏർപ്പെടുത്തിയ തീരുമാനത്തിൽ വിശദീകരണവുമായി സംസ്ഥാന ജി എസ് ടി വകുപ്പ്. പാക്കറ്റിൽ വിൽക്കുന്ന ഉൽപന്നങ്ങൾക്ക് മാത്രമാണ് നികുതിയെന്ന് സർക്കാർ വ്യക്തമാക്കി. ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോൽപന്നങ്ങൾക്ക് നികുതി ബാധകമാകില്ലെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. ജിഎസ്ടി ബാധകമല്ലാത്ത ഉത്പന്നങ്ങൾക്ക് വില കൂട്ടിയാൽ കർശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചു.

എന്നാൽ ആശങ്ക പൂർണമായി ഒഴിയണമെങ്കിൽ കേന്ദ്ര ജിഎസ്ടി മന്ത്രാലയം ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതുവരെ പാക്കറ്റിൽ വിൽക്കുന്ന ബ്രാൻഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി.

എന്നാൽ, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തു കളഞ്ഞതോടെയാണ് ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്.

പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ മാസം അവസാനം ചേർന്ന ജി എസ് ടി കൗൺസിൽ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോർഡ് വിജ്ഞാപനം ഇറക്കിയതോടെയാണ് തിങ്കളാഴ്ച മുതൽ വില വർധിക്കുന്നത്.

ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിയൊരുങ്ങി. അഞ്ച് വർഷം മുൻപ് രാജ്യത്ത് ജി എസ് ടി നടപ്പാക്കിയപ്പോൾ അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതോടെയാണ് ഭക്ഷ്യവസ്തുക്കൾക്ക് വിലവർധിക്കുന്നത്. അരി ഉൾപ്പെടെയുള്ളവയുടെ പാക്കറ്റ് ഉത്പന്നങ്ങൾക്കാണ് വിലവർധനവ് ബാധകമാകുകയെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു.

അരി, ഗോതമ്പ്, പയർ വർഗങ്ങൾ, തേൻ, തൈര്, മോര്, പപ്പടം, സംഭാരം തുടങ്ങിയവയ്ക്കാണ് ഇത്തരത്തിൽ വിലവർധിക്കുന്നത്. പാക്കറ്റിലല്ലാതെ തൂക്കി വിൽക്കുന്ന അരിക്ക് വിലവർധന ബാധകമാകില്ല. തൈര്, മോര്, സംഭാരം എന്നിവയുടെ അരലിറ്റർ പാക്കറ്റിന് മൂന്ന് രൂപ വർധിക്കുമെന്ന് മിൽമ വ്യക്തമാക്കി.

അരി, ഗോതമ്പ് പോലുള്ള സാധനങ്ങൾക്ക് ഒന്നര രൂപ മുതൽ രണ്ട് രൂപ വരെയാണ് നികുതിയിനത്തിൽ വർധിക്കുക. പയർ പോലുള്ള ധാന്യങ്ങൾക്ക് നൂറ് രൂപയാണ് വിലയെങ്കിൽ അഞ്ച് രൂപ ടാക്സ് നൽകേണ്ടി വരും. ധാന്യങ്ങൾക്ക് പുറമേ പാക്കറ്റിലുള്ള തൈരിനും മോരിനും അഞ്ച് ശതമാനം നികുതി ബാധകമാണ്. തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കും വില കൂടും.

വിലക്കയറ്റം കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അത്യാവശ്യമാണെന്ന് സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പ്രതികരിച്ചു. ജനങ്ങൾക്ക് വില വർധനവ് തിരിച്ചടിയാണ്. അത്തരം വിഷയങ്ങളിൽ തീരുമാനം പരിശോധിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. കേരളത്തിൽ ജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന സാധനങ്ങളിൽ വില വർധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലും അരിയും അടക്കം നിത്യവും നാം വീടുകളിൽ ഉപയോഗിക്കുന്ന അവശ്യവസ്തുക്കളുടെ വില കൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നിത്യവും എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ- ഭക്ഷ്യവസ്തുക്കൾക്കാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരെ വലിയ രീതിയിലാണ് ബാധിക്കാൻ പോകുന്നത്.

പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്. എല്ലാ ഉത്പന്നങ്ങളുടെയും പുതുക്കിയ വില പ്രാബല്യത്തിൽ വരുന്നത് ജൂലൈ 18ന് ( നാളെ) തന്നെയാണെന്നാണ് അറിയിപ്പ്.

ഒന്നൊഴിയാതെ എല്ലാ വീടുകളിലും എല്ലാ ദിവസവും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കാണ് വില കൂടിയിരിക്കുന്നത്. നേരത്തെ തന്നെ ഇന്ധനവില, പാചകവാതകവില എന്നിങ്ങനെ ദൈനംദിന ജീവിതത്തിൽ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരുന്ന സാധാരണക്കാരന് കനത്ത തിരിച്ചടിയാണ് ഇത് സമ്മാനിക്കുക.

സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ആളുകളുടെ വിമർശനമുയരുന്നത്. സാധാരണക്കാർക്ക് ഈ നാട്ടിൽ ജീവിക്കണ്ടേയെന്ന ചോദ്യമാണ് മിക്കവരും ഉന്നയിക്കുന്നത്. രാഷ്ട്രീയ പാർട്ടികളും വിലക്കയറ്റത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്തായാലും വീട്ടകങ്ങളിൽ ബഡ്ജറ്റ് പൊളിച്ചുപണിയുന്നതിന്റെ തിരക്കിലാണ് കുടുംബങ്ങൾ. എത്ര വെട്ടിയാലും തിരുത്തിയാലുമാണ് ഇനി കിട്ടുന്ന വരുമാനം മാസാവസാനം വരെ എത്തിക്കുകയെന്നാണ് ഏവരുടെയും ആശങ്ക. അടിസ്ഥാനാവശ്യങ്ങൾ കടന്നുള്ള ആവശ്യങ്ങളിലായിരിക്കും കാര്യമായ വെട്ടിച്ചുരുക്കൽ കുടുംബങ്ങൾ നടത്തുക. ജീവിതനിലവാരം വീണ്ടും താഴേക്ക് കൊണ്ടുപോകേണ്ട ഗതികേടിലാണ് മധ്യവർഗകുടുംബങ്ങൾ.