മലപ്പുറം: ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നത് കൂടുതലും കൗമാരക്കാരാണ്. മലപ്പുറത്തെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. മൂന്നും നാലും പേരും ഒരു ബൈക്കിൽ യാത്ര ചെയ്യുന്ന കാഴ്‌ച്ച മലപ്പുറത്തുണ്ട്. ഇങ്ങനെ മലപ്പുറത്തെ ചുള്ളന്മാരുടെ ഹെൽമറ്റില്ലാതെയുള്ള ചെത്തൽ പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ ചീറിപ്പായൽ തടയാൻ നടപടിയുമായി മലപ്പുറം പൊലീസ് രംഗത്തെത്തി. ഹെൽമറ്റില്ലാതെ പെട്രോൾ അടിക്കാൻ വരുന്നവർക്ക് ഇനി പെട്രോൾ കൊടുണ്ടേന്നാണ് പൊലീസ് പമ്പുടമകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.

മുമ്പ് കൊച്ചി നഗരത്തിൽ പരീക്ഷ സംവിധാനമാണ് മലപ്പുറം പൊലീസ് വീണ്ടും പുറത്തിറക്കിയിരിക്കുന്നത്. തൃശ്ശൂർ മണ്ണുത്തിയിൽ വാഹനപരിശോധനക്കിടെ ബൈക്ക് യാത്രക്കാർ മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ ഉത്തരവ് കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. ഹെൽമറ്റ് ധരിക്കാതെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്ക് യാത്രക്കാർ പോകുമ്പോഴാണ് പലപ്പോഴും ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പെട്രോൾ നിഷേധിക്കുക എന്ന മാർഗ്ഗമാണ് പൊലീസ് കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസ് മേധാവി ദീപേഷ് കുമാർ ബഹ്ര ഉത്തരവ് പുറപ്പെടുവിച്ചു. ഹെൽമറ്റ് ധരിക്കാതെയും രണ്ടിലേറെ യാത്രക്കാരുമായി എത്തുന്നവർക്ക് പെട്രോൾ നൽകരുതെന്നാണ് പൊലീസ് മേധാവി പമ്പുടമകളോട് നിർദേശിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രവർത്തിക്കുന്ന പമ്പുകടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ അറിയിപ്പ് പമ്പുകളിൽ വലിയ ബോർഡിൽ പ്രദർശിപ്പിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ജില്ല മുഴുവൻ ബാധകമാകുന്ന ഉത്തരവ് പ്രകാരം തിരൂർ പൊലീസിന്റെ പരിധിയിലാണ് ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. തിരൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പ് ഉടമകളുമായി ധാരണയിൽ എത്തിയിട്ടുമുണ്ട്.

അപകടങ്ങൾ കുറക്കാൻ ഹെൽമറ്റ് ധരിക്കുക എന്ന പോളിസിയിലാണ് മലപ്പുറം പൊലീസ് ഇങ്ങനെയൊരു നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ കൊച്ചി നഗരപരിധിയിലെ 18 പമ്പ് ഉടമകളുമായി റോഡ് സുരക്ഷാ അഥോറിറ്റി ഇത്തരമൊരു ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ, അത് വേണ്ടവിധത്തിൽ വിജയിച്ചിരുന്നില്ല. ഇപ്പോഴത്തെ നിയന്ത്രണത്തിൽ മലപ്പുറം ജനതയുടെ പ്രതികരണം അറിഞ്ഞ ശേഷം പദ്ധതി വിജയകരമാണെന്നു കണ്ടാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.