കണ്ണൂർ: സിപിഐ(എം) നേതാവ് പി.ജയരാജൻ ആശുപത്രിവാസം അവസാനിപ്പിക്കുന്നു. മനോജ് വധക്കേസിൽ അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ കഴിയുകയാണോ എന്ന സംശയം ബലപ്പെട്ട സാഹചര്യത്തിൽ ഉടൻ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് വാങ്ങുമെന്നാണ് സൂചന. കേസിൽ പ്രതിചേർത്താലും ഉടൻ സിബിഐ അറസ്റ്റ് ചെയ്യില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ആൻജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായ ജയരാജന് മൂന്നുദിവസത്തെ വിശ്രമമായിരുന്നു പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ മറ്റു ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായതിനാൽ വിശ്രമദിനങ്ങൾ വർദ്ധിപ്പിച്ചു എന്നാണ് പാർട്ടി വൃത്തങ്ങളിലൂടെ പുറത്തുവന്നത്. ആശുപത്രി വിട്ടാലും കുറച്ച് ദിവസത്തേക്ക് ജയരാജൻ പൊതു വേദികളിൽ പ്രത്യക്ഷപ്പെടില്ല.

കതിരൂരിൽ ആർ.എസ്. എസ് നേതാവ് മനോജ് വധിക്കപ്പെട്ട കേസിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമൃഹർജിയിൽ ഇന്ന് വാദം പൂർത്തിയായി. 24 ാം തീയതി ജാമ്യഹർജിയിൽ വിധി പറയും. ജാമ്യം അനുവദിക്കാതെപോയാൽ ജയരാജൻ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകേണ്ടതായി വരും. ഇതേ കേസിൽ പ്രതിപ്പട്ടികയിലുള്ള സിപിഐ(എം). പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന്റെ ജാമ്യഹർജിയും ഇതേ ദിവസം പരിഗണിക്കും.

ഹൈക്കോടതിയിൽ ജയരാജനും മധുസൂദനനുമെതിരെ തെളിവുകൾ നിരത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സിബിഐ. നടത്തുന്നത്. കണ്ണൂർ ജില്ലയിൽനിന്നും ഇരുവരേയും അറസ്റ്റ് ചെയ്യുന്നത് ജില്ലയിൽ സംഘർഷസാധ്യതക്ക് കാരണമായേക്കും. അതൊഴിവാക്കി ഹൈക്കോടതിക്ക് മുമ്പാകെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സിബിഐക്കുള്ളതെന്നാണ് സൂചന. കേസിൽ യു.എ.പി.എ വകുപ്പ് ചുമത്തിയതിനാൽ 180 ദിവസം കഴിഞ്ഞാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. സിബിഐ യുടെ നീക്കത്തെ കരുതലോടെയാണ് സിപിഐ(എം) വീക്ഷിക്കുന്നത്. കോടതിയിൽ സിബിഐ. സമർപ്പിച്ച കുറ്റപത്രത്തിൽ ജയരാജനെതിരെ വളരെ ശ്ക്തമായ തെളിവുകളാണ് നിരത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ജയരാജൻ പ്രതിപ്പട്ടികയിലായേക്കും.

കൊലപാതകം നടത്തിയത് സിപിഐ.(എം)യുടെ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും അവർ പാർട്ടിയിലെ ഉന്നതസ്ഥാനത്തിരിക്കുന്നവരാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. മനോജ് വധക്കേസിലെ പ്രധാന പ്രതിയായ വിക്രമനും പി.ജയരാജനും തമ്മിലുള്ള ബന്ധത്തെ കുറ്റപത്രത്തിൽ വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പാട്യം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജയരാജന്റെ സ്ഥാപനത്തിലെ പ്യൂൺ ആയിരുന്നു വിക്രമൻ. വിക്രമന്റെ വീട്ടിലെ പ്രശ്‌നങ്ങളിൽപ്പോലും ഇടപെടാൻ ജയരാജൻ മുൻനിരയിലുണ്ടാകുമായിരുന്നു. വിക്രമന്റെ ഭാര്യക്ക് സൊസൈറ്റിക്കു കീഴിലെ ഫർണിച്ചർ സ്ഥാപനത്തിൽ ക്ലർക്കിന്റെ ജോലിയും നൽകി. കേസിലെ മറ്റൊരു പ്രതിയായ ചന്ദ്രോത്ത് പ്രകാശൻ ഇതേ സൊസൈറ്റിയിലെ ഡയറക്ടറാണ്.

ഇയാളും ജയരാജനും തമ്മിലുള്ള ബന്ധവും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ 11 ാം പ്രതി അറപ്പയിൽ കൃഷ്ണനും ജയരാജനുൾപ്പെടെയുള്ള നേതാക്കളുമായി നല്ല ബന്ധത്തിലാണ്. സിപിഐ(എം).നേതൃത്വത്തിൽ രൂപീകരിച്ച പാലിയേറ്റീവ് കെയറിന്റെ ഗവേണിങ് ബോഡി അംഗമാണ് കൃഷ്ണൻ. കേസിലെ 5 ാം പ്രതി ഒതയോത്ത് വീട്ടിൽ ഷിബിൻ സിപിഐ.(എം) ബ്രാഞ്ച് സെക്രട്ടറിയാണ്. പി.ജയരാജന്റെ മകൻ ജയിൻ പി.രാജിന്റെ ആത്മസുഹൃത്താണ് ഷിബിൻ. മനോജ് കൊല്ലപ്പെട്ട ദിവസം സംഭവത്തിൽ ആഹ്ലാദിച്ചുകൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ടതായും ജയിൻ പി.രാജിനെതിരെ കുറ്റപത്രത്തിൽ പരാമർശമുണ്ട്. കൊലപാതകത്തിൽ സിപിഐ.(എം) ക്കു ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും സിബിഐ. കുറ്റപത്രത്തിൽ ഏറെ തെളിവുകൾ നിരത്തുന്നു.

ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതു നീട്ടിക്കൊണ്ടുപോയി ചികിത്സയിലുള്ള ജയരാജനെ അല്പം കൂടി കഴിഞ്ഞ് അറസ്റ്റ് ചെയ്യാനാണ് സിബിഐ.നീക്കമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ജയരാജന്റെ ജാമ്യഹർജിയെ എതിർത്ത സിബിഐ പ്രോസികൃൂട്ടർ ജയരാജൻ പ്രതിപ്പട്ടികയിൽ ഇപ്പോഴില്ലെന്നും എന്നാൽ അക്കാരൃത്തിൽ ഒരു തീരുമാനവും പറയാനാകില്ലെന്നുമാണ് പറഞ്ഞത്. അതിൽനിന്നുതന്നെ പി.ജയരാജൻ പ്രതിപ്പട്ടികയിലാകുമെന്ന സൂചനയാണ് വൃക്തമാകുന്നത്.