മസ്‌കത്ത്: എണ്ണവില വർധനക്ക് തൊട്ടുപിന്നാലെ ട്രാഫിക് പിഴയും വർധിപ്പിക്കുമെന്ന വാർത്ത റോയൽ ഒമാൻ പൊലീസ് നിഷേധിച്ചു. ട്രാഫിക് പിഴ വർധിപ്പിക്കുമെന്ന രീതിയിൽ രണ്ടുദിവസമായി വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം അധികൃതർ തള്ളി.

കഴിഞ്ഞവർഷം മന്ത്രിസഭ അംഗീകരിച്ച ഗതാഗത നിയമഭേദഗതി ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഗതാഗത നിയമലംഘനത്തിന് കടുത്തശിക്ഷയും പിഴയും നൽകുന്നതടക്കം നിരവധി ഭേദഗതികളാണ് ഇതിലുള്ളത്. ഗതാഗത നിയമലംഘകർക്കെതിരെ കടുത്ത നടപടികളെടുക്കുന്നത് റോഡിലെ അപകടങ്ങളും മരണവും കുറക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.

ഓരോ വർഷവും മൂന്നു ദശലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങൾ ഒമാനിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. അമിതവേഗതക്കും സീറ്റ് ബെൽറ്റിടാത്തതിനുമാണ് ഏറ്റവുംകൂടുതൽ പേർ പിടിക്കപ്പെടുന്നത്. ശിക്ഷാനടപടികളും പിഴയും ശക്തമാക്കിയതോടെ റോഡപകടങ്ങളിൽ വൻ കുറവുണ്ടായിട്ടുണ്ട്.