ന്യൂഡൽഹി: ആധാറും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന് സുപ്രീം കോടതി അംഗീകാരം. ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. നടപടിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടു പോകാം.ആധാർ നമ്പർ മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കണമെന്ന ഉത്തരവിന്റെ ഭരണഘടനാ സാധുത ആരാഞ്ഞ് കല്യാണി സെൻ മേനോൻ, മാത്യു തോമസ് തുടങ്ങിയവരുടെ ഹർജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെൻ മേനോൻ ചോദ്യം ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ ഉത്തരവിന് സ്റ്റേ അനുവദിക്കാനോ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനോ കോടതി തയ്യാറായില്ല.പകരം ആധാർ മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവ്യക്തതകൾ നീക്കം ചെയ്യണമെന്നാണ് കോടതി നിർദ്ദേശം നൽകിയത്.വിഷയം ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ട് റദ്ദാകുമെന്ന് ഉപയോക്താക്കളിൽ ഭീതി പരത്തിയ മൊബൈൽ സേവന ദാതാക്കളെയും ബാങ്കുകളേയും സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു

ഉപയോക്താക്കളെ കൃത്യമായി എല്ലാ വിവരങ്ങളും അറിയിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ഇതിനായി എസ്എംഎസ്, ഇ -മെയിൽ മാർഗങ്ങൾ ഉപയോഗിക്കാം.മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമായും ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നാണെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയും അത് ഉപഭോക്താക്കളെ അറിയിക്കുകയും വേണം. വിഷയത്തിൽ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആധാറും മൊബൈൽ ഫോൺ നമ്പറും തമ്മിൽ ബന്ധിപ്പിക്കുന്നതു നിർബന്ധമാണെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. 2018 ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാർ നിർബന്ധമാണ്. നിലവിൽ അക്കൗണ്ടുള്ളവർ മാർച്ച് 31നകം ആധാർ ബന്ധിപ്പിക്കണം. ആധാർ ഇല്ലാത്തതിന്റെ പേരിൽ രാജ്യത്തെവിടെയും പട്ടിണി മരണം ഉണ്ടായിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയതിനൊപ്പം മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കാൻ ടെലികോം മന്ത്രാലയം പുതിയ മാർഗങ്ങൾ അവതരിപ്പിച്ചു. ഒറ്റത്തവണ പാസ് വേഡ്, ആപ്, ഐവിആർഎസ് വഴി മൊബൈൽ നമ്പർ ബന്ധിപ്പിക്കാം.സേവന ദാതാവ് നൽകുന്ന നമ്പരിലേയ്ക്ക് ആധാർ നമ്പർ എസ്എംഎസ് ചെയ്യുക.വെരിഫിക്കേഷൻ പൂർത്തിയാക്കിയശേഷം മൊബൈൽ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) ഒടിപി അയയ്ക്കും.തുടർന്ന് യുഐഡിഎഐ മൊബൈൽ നമ്പരിലേക്ക് ഒടിപി അയയ്ക്കും.ആധാർ ലിങ്ക് ചെയ്യേണ്ട രജിസ്റ്റേഡ് മൊബൈൽ നമ്പരിലേയ്ക്ക് ഈ ഒടിപി അയയ്ക്കണം.ഇകെവൈസി ശരിയാണെന്ന് ഉറപ്പു വരുത്തുന്നതോടെ ആധാർ ബന്ധനം പൂർത്തിയാകും.