വിക്ടോറിയ: കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ചുള്ള നോ ജാബ്, നോ പ്ലേ നിയമം കൂടുതൽ കർക്കശമാക്കുന്നു. നിശ്ചിത വാക്‌സിനേഷനുകൾ എടുത്തിട്ടില്ലാത്ത കുട്ടികൾക്ക് മെഡിക്കൽ സപ്പോർട്ട് നിഷേധിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് തിരികയുകയാണെന്ന് വിക്ടോറിയ സർക്കാർ. അതാതു കാലങ്ങളിൽ എടുക്കേണ്ട വാക്‌സിനേഷനുകൾ എടുത്തിട്ടില്ലാത്ത കുട്ടികൾക്ക് ഇനി മുതൽ ചൈൽഡ് കെയർ സെന്ററുകളിലും കിന്റർഗാർട്ടനുകളിലും പ്രവേശനം നൽകേണ്ടതില്ലെന്നുമാണ് സർക്കാർ തീരുമാനം.

വിവിധ കാരണങ്ങളാൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തിട്ടില്ലാത്ത കുട്ടികൾക്ക് ഇനി മുതൽ ചൈൽഡ് കെയർ സബ്‌സിഡികൾ നൽകേണ്ടതില്ലെന്നും ഫാമിലി ടാക്‌സ് ബെനിഫിറ്റുകൾ നിഷേധിക്കാനും തീരുമാനമായിട്ടുണ്ട്. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്തുന്നതിന് എതിരേ രണ്ടു ശതമാനം മാതാപിതാക്കളാണ് എതിർപ്പു പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. മറ്റു പല കാരണങ്ങളാലും എട്ടു ശതമാനത്തോളം കുട്ടികൾ പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തിട്ടുമില്ല.

പ്രതിരോധ കുത്തിവയ്‌പ്പ നിലവിലുള്ള 93 ശതമാനം എന്നുള്ളത് 95 ശതമാനത്തോളം ഉയർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് മിനിസ്റ്റർ ഫോർ ഫാമിലീസ് ആൻഡ് ചിൽഡ്രൻ ജെന്നി മിക്കാക്കോസ് ചൂണ്ടിക്കാട്ടുന്നത്. പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാൻ സാധിക്കാതെ പോയ കുടുംബങ്ങൾക്ക് ഇതിനായി 16 ആഴ്ചത്തെ കാലാവധി നീട്ടിക്കൊടുത്തിട്ടുമുണ്ട്. ഇക്കാലയളവിനുള്ളിൽ കുട്ടികൾക്ക് നഷ്ടപ്പെട്ട കുത്തിവയ്‌പ്പുകൾ മാതാപിതാക്കൾ നൽകിയിരിക്കണം.

വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് വിക്ടോറിയയിൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നതിന്റെ തോത് വർധിച്ചിട്ടുമുണ്ട്. 2015 തുടക്കത്തിൽ രണ്ടു വയസുകാർക്കിടയിലുള്ള വാക്‌സിനേഷന്റെ തോത് 87.9 ആയിരുന്നത് വർഷാവസാനമായപ്പോഴേയ്ക്കും 90.5 ആയി വർധിച്ചുവെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. അടുത്ത കാലത്തായി പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിന്റെ തോത് വർധിച്ചിട്ടുമുണ്ടെന്ന് റിഡ്ഡെൽസ് കൺട്രി പ്രാക്ടീസ് ജിപിയായ ഡോ. ഗ്രിഗറി റൗൾസ് വ്യക്തമാക്കുന്നു.