തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയും മുൻ എസ്‌പിയുടെ മകനുമായ നിഖിൽ ബാലചന്ദ്രനെ അറസ്റ്റു ചെയ്യാതെ വൈകിപ്പിച്ച പൊലീസ് ഇപ്പോഴും നിഖിലിന് രക്ഷപെടാൻ നീക്കങ്ങൾ സജീവമാക്കുന്നു. നിഖിലിനെ കാപ്പാ നിയമം ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നീക്കമാണ് പൊലീസിലെ തന്നെ ഉന്നത ഇടപെടലിനെ തുടർന്ന് ഉപേക്ഷിച്ചത്. നിഖിലിനെ കരുതൽ തടങ്കലിലാക്കുമെന്ന സിറ്റി പൊലീസിന്റെ തീരുമാനമാണ് ഉന്നതഇടപെടലിനെ തുടർന്ന് മരവിപ്പിച്ചത്. അതേസമയം, ഇരട്ടക്കുഴൽ തോക്കും മാരകായുധങ്ങളും കൈവശം സൂക്ഷിച്ച കേസിൽ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സ്ത്രീകളെ വീട്ടിൽ കയറി ആക്രമിക്കുന്നതടക്കം കേസുകളിൽ പ്രതിയായ നിഖിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടക്കം മുതൽ തന്നെ ഉന്നതർ ഇടപെട്ട് തടഞ്ഞിരുന്നു. സമ്മർദങ്ങളെ മറികടന്ന് സിറ്റി പൊലീസ് നിഖിലിനെ പിടികൂടി ജയിലിലാക്കിയെങ്കിലും, കാപ്പ നിയമം ചുമത്താൻ ഇതുവരെ തയാറായില്ല. നിഖിലിനെ കരുതൽ തടങ്കലിലാക്കുമെന്ന സിറ്റി പൊലീസിന്റെ തീരുമാനം ഉന്നതഇടപെടൽ കാരണം മരവിച്ചു. നിഖിലിന് ലഹരിക്കടത്ത് സംഘങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും, നഗരത്തിലെ സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് നൽകി ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണവും പൊലീസ് തുടങ്ങിയില്ല.

അതേസമയം, ഇരട്ടക്കുഴൽ തോക്കും മാരകായുധങ്ങളും കൈവശം സൂക്ഷിച്ച കേസിൽ കോടതി നിഖിലിന് കർശനഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്‌പോർട്ട് കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ട കോടതി,, പേരൂർക്കട പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കടക്കരുതെന്നും നിർദേശിച്ചു. അതേസമയം, സ്ത്രീകളെ ആക്രമിച്ച മറ്റൊരു കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതോടെ മുൻ എസ്‌പിയുടെ മകന് പുറത്തിറങ്ങാൻ കഴിയില്ല. നിഖിലിനെ ബുധനാഴ്ച ഹാജരാക്കാനും കോടതി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി.

പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ക്രിമിനൽ കേസ് പ്രതിയും മുൻ എസ്‌പിയുടെ മകനുമായ നിഖിൽ ബാലചന്ദ്രനെ നാല് ദിവസം മുമ്പാണ് അറസ്റ്റു ചെയ്തത്. എറണാകുളം ഇടപ്പള്ളി ബസ്റ്റാൻഡിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇടപ്പള്ളിയിൽ നിന്നും ബസിൽ കയറുന്നതിനിടെ ഷാഡോ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഓട്ടോ ഡ്രൈവർമാരുടേയും മറ്റ് യാത്രക്കാരുടേയും സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരു മാസമായി തിരുപ്പതി, ജമ്മു കാശ്മീർ, ഡൽഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിക്കുകയായിരുന്നു നിഖിൽ.

തിരുവനന്തപുരത്തു നിന്നും സിനിമാ സ്‌റ്റൈലിൽ പൊലീസിനെ വെട്ടിച്ചു കടന്ന നിഖിലിനെ പിടികൂടാൻ പൊലീസിന് സാധിക്കാതിരുന്നത് ഒത്തുകളിയാണെന്ന ആരോപണങ്ങൾ സജീവമായിരുന്നു. ഒളിവിൽ കഴിയുന്ന വേളയിൽ കൊച്ചിയിൽ എത്തിയതും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതുമൊന്നും പൊലീസ് അറിഞ്ഞിരുന്നില്ല. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും പൊലീസിനെ വെട്ടിന്ന് രക്ഷപെട്ട നിഖിൽ നെയ്യാറ്റിൻകരയിലെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വസതിയിൽ രണ്ടുദിവസം തങ്ങിയിരുന്നു. നെയ്യാറ്റിൻകര മണ്ണടിക്കോണത്ത് നേതാവിന്റെ വീടുവളഞ്ഞ് നിഖിലിനെ പിടികൂടാൻ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല. പിന്നീട് ഇവിടെ നിന്നും രക്ഷപെട്ട നിഖിൽ വിവിധ കേന്ദ്രങ്ങളിലായി ഒളിച്ചുകഴിയുകായിയരുന്നു നിഖിൽ.

മൂന്നു ക്രിമിനൽ കേസുകളിൽ ജാമ്യമെടുക്കാതെ പൊലീസിന്റെ കൺമുന്നിൽ വിലസിനടക്കുകയായിരുന്ന നിഖിൽ ആറുമണിക്കൂർ പൊലീസിനെ വട്ടംചുറ്റിച്ച ശേഷമാണ് കടന്നുകളഞ്ഞത്. പൊലീസിനെ വെട്ടിച്ച് പേരൂർക്കടയിലെ വീട്ടിൽ കയറിയ നിഖിൽ മാതാവ് ഷൈലജയുടെ കഴുത്തിൽ വാൾവച്ചിരിക്കുകയാണെന്നും അകത്തുകടന്നാൽ അമ്മയെ വധിക്കുമെന്നും ബന്ധുക്കളെകൊണ്ട് പൊലീസിനോട് വിളിച്ചുപറയുക്കുകയായിരുന്നു. നിഖിലിനെ അമ്പത് പൊലീസുകാർ പോയിട്ടും ഒരു പ്രതിയെ പിടിക്കാൻ സാധിക്കാത്തത് വകുപ്പിന് മൊത്തത്തിൽ നാണക്കേടായിരുന്നു.