മുംബൈ: പരസ്യങ്ങൾ കൊണ്ടു മാത്രം ഇന്ത്യയിൽ മാർക്കറ്റ് പിടിച്ച ഭക്ഷ്യവസ്തുവാണ് മാഗി ന്യൂഡിൽസ്. ഈ പരസ്യങ്ങൾ കണ്ട് കുഞ്ഞുങ്ങൾ വാശിപിടിച്ച് കരയുമ്പോൾ ഇത് വാങ്ങിക്കൊടുക്കാത്ത മാതാപിതാക്കൾ കുറവാണ്. എന്നാൽ, ഇങ്ങനെ കുഞ്ഞുങ്ങളുടെ വാശിക്ക് മുമ്പിൽ നമ്മൾ വഴങ്ങുമ്പോൾ ഓർക്കുക നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ സ്വയം നശിപ്പിക്കുകയാണെന്ന്. ബഹുരാഷ്ട്ര കമ്പനിയുടെ ഉൽപ്പന്നമായ മാഗി ന്യൂഡിൽസിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഇൻസ്റ്റന്റ് ഫുഡ് ചരിത്രത്തിൽ വിപ്ലവം രചിച്ച മാഗി നൂഡിൽസ് ഇന്ന് ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളിലൊന്നാണ്. എന്നാൽ മാഗിയിൽ അനുവദനീയമായ അളവിലും ഏറെ എംഎസ്ജി (monosodium glutamate)യും ലെഡ്ഡും (ഈയം) അടങ്ങിയിട്ടുള്ളതിനാൽ ഇതിന്റെ ലൈസൻസ് റദ്ദാക്കാൻ പോകുമെന്നാണ് പുറത്തുവരുന്ന വാർത്ത. മാഗിയുടെ ലൈസൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ലക്‌നൗ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ, ന്യൂഡൽഹിയിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

എന്നാൽ മാഗിയിൽ എംഎസ്ജി ചേർക്കുന്നുണ്ടെന്ന വാർത്ത കമ്പനി അധികൃതർ നിഷേധിച്ചിരിക്കുകയാണ്. എംഎസ്ജി ചേർക്കാറില്ലെന്ന് അവകാശപ്പെടുന്ന കമ്പനി, അനുവദനീയമായ അളവിലും കൂടുതൽ എംഎസ്ജി മാഗിയിൽ അടങ്ങിയിട്ടുണ്ട് എന്നു വാർത്ത അതിശയിപ്പിക്കുന്നുവെന്നാണ് ഉത്പാദകരായ നെസ്ലേ വ്യക്തമാക്കിയിട്ടുള്ളത്.

മാഗിയുടെ കൊൽക്കത്തയിലുള്ള ഫാക്ടറിയിൽ നിന്നു സാമ്പിളുകൾ എടുത്ത് ലാബിൽ പരിശോധന നടത്തിയതിൽ നിന്ന് ഇതിൽ മോണോസോഡിയം ഗ്ലൂറ്റാമേറ്റ് അടങ്ങിയിട്ടുണ്ടെന്നും ലെഡ്ഡിന്റെ അംശം കൂടുതലായി കാണപ്പെട്ടുമെന്നുമാണ് എഫ്എസ്ഡിഎ അസിസ്റ്റന്റ് കമ്മീഷണർ വിജയ് ബഹാദൂർ യാദവ് വെളിപ്പെടുത്തുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മാഗി നൂഡിൽസ് ശേഖരിച്ച് കൂടുതൽ പരിശോധനകൾ നടത്തണമെന്നും എഫ്എസ്ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

മാഗി നൂഡിൽസിൽ കമ്പനി എംഎസ്ജി ചേർക്കാറില്ലെന്നും ഏതെങ്കിലും തരത്തിൽ എംഎസ്ജിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് മറ്റെതെങ്കിലും തരത്തിൽ വന്നുചേരുന്നതാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതേസമയം ഉത്പന്നത്തിൽ ചേർക്കാവുന്ന എംഎസ്ജിയുടെ അളവ് സംബന്ധിച്ച് ഇന്ത്യയിലെ ഫുഡ് റഗുലേറ്റേഴ്‌സ് പ്രത്യേകം എവിടേയും പരാമർശിക്കുന്നില്ലെന്നും നെസ്ലേ അധികൃതർ വ്യക്തമാക്കുന്നു. ദശലക്ഷത്തിൽ 0.01 എന്നതാണ് അനുവദനീയമായ ലെഡ്ഡിന്റെ അളവ് എന്നിരിക്കേ മാഗിയിൽ ദശലക്ഷത്തിൽ 17 എന്ന അളവാണ് കണ്ടെത്തിയതെന്നാണ് ലാബ് പരിശോധനകൾ തെളിയിക്കുന്നത്. അതേസമയം മാഗിയിൽ ഒരു ശതമാനത്തിൽ താഴെ എന്ന അളവിലാണ് ലെഡ്ഡിന്റെ അംശമുള്ളതെന്നും അത് അനുവദനീയ അളവിൽ താഴെയാണ് എന്നുമാണ് നെസ്ലേ അവകാശപ്പെടുന്നത്.

പായ്ക്കറ്റ് ഫുഡ്ഡുകൾക്ക് കൂടുതൽ സ്വാദും മണവും നൽകുന്നതിനാണ് സാധാരണ എംഎസ്ജി ഉപയോഗിക്കാറുള്ളത്. ഒരു തരത്തിലുള്ള അമിനോ ആസിഡായ എംഎസ്ജി ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രത്യേകിച്ച് കുട്ടികൾക്ക്. എംഎസ്ജി ചേർത്തിട്ടുണ്ടെങ്കിൽ അത് പായ്ക്കറ്റിനു പുറത്ത് പ്രത്യേകം പരാമർശിക്കണമെന്നാണ് നിയമം. നിശബ്ദ കൊലയാളിയെന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന എംഎസ്ജി മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെ വരെ അപായപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.