മുംബൈ: ആരോഗ്യത്തെ തകരാറിലാക്കും വിധം മാഗി നൂഡിൽസിൽ മോണോസോഡിയം ഗ്ലൂട്ടാമേറ്റും (എംഎസ്ജി) ലെഡും അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ വിശദീകരണവുമായി നിർമ്മാതാക്കളായ നെസ്‌ലെ രംഗത്തെത്തിയിരുന്നു. നിർമ്മാണവേളയിൽ മാഗി നൂഡിൽസിൽ എംഎസ്ജി ചേർക്കാറില്ലെന്നാണ് നെസ്‌ലെയുടെ അവകാശവാദം.

എന്നാൽ, ഈ അവകാശവാദങ്ങളൊക്കെ നൂഡിൽസിനെ രക്ഷിക്കുമോ എന്ന കാര്യം കണ്ടുതന്നെ അറിയേണ്ടിവരും. നൂഡിൽസിൽ ചേർത്തിരിക്കുന്ന അസംസ്‌കൃത പദാർഥങ്ങളിൽ സ്വാഭാവികമായി ഗ്ലൂട്ടാമേറ്റ് ഉണ്ടായിരിക്കാനുള്ള സാധ്യത ഉള്ളതായി കമ്പനി പറയുന്നുണ്ട്. ഇതാകാം കൺഫ്യുഷന് കാരണമെന്നാണ് നെസ്‌ലെയുടെ വാദം.

ഗ്ലൂട്ടാമേറ്റ് സുരക്ഷിതമാണെന്നും തക്കാളി, പയർവർഗങ്ങൾ, പനീർ, ഉള്ളി, പാൽ തുടങ്ങി ഹൈ പ്രോട്ടീൻ ഭക്ഷണങ്ങളിൽ ഗ്ലൂട്ടാമേറ്റ് അടങ്ങിയിരിക്കുന്നെന്നും നെസ്‌ലെ അധികൃതർ പറയുന്നു. എത്ര അളവിൽ എംഎസ്ജി ചേർക്കാമെന്നതിനെ കുറിച്ച് ഫുഡ് റെഗുലേഷൻസ് അഥോറിറ്റി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഒരു കിലോഗ്രാമിൽ 2.5 ഗ്രാം മാത്രമേ ലെഡ് പാടുള്ളൂ എന്ന മാനദണ്ഡം പാലിച്ചാണ് മാഗി ഉദ്പാദിപ്പിക്കുന്നതെന്ന് നെസ്‌ലെ അധികൃതർ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാറുകൾ മാഗി നൂഡിൽസ് ടെസ്റ്റ് ചെയ്യാനായി കമ്പനിയെ സമീപിച്ചപ്പോൾ കമ്പനി ടെസ്റ്റ് നടത്താൻ തയ്യാറായില്ലെന്ന വാർത്തയും നെസ്‌ലെ നിഷേധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാരുകളിൽ നിന്നും ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് നെസ്‌ലെ പറയുന്നത് അംഗീകാരമുള്ള ലബോറട്ടറികളിൽനിന്നും അടിക്കടി എംഎസ്ജിയും ലെഡും അളവിനുള്ളിൽ ആണ് എന്നുറപ്പിക്കാനുള്ള ടെസ്റ്റുകൾ നടത്താറുണ്ടെന്നും നെസ്‌ലെ വിശദീകരിക്കുന്നു.

മാഗിയിൽ അനുവദനീയമായ അളവിലും ഏറെ എംഎസ്ജിയും ലെഡ്ഡും (ഈയം) അടങ്ങിയിട്ടുള്ളതിനാൽ ഇതിന്റെ ലൈസൻസ് റദ്ദാക്കാൻ പോകുന്നുവെന്നാണ് വാർത്തകൾ പുറത്തുവന്നത്. മാഗിയുടെ ലൈസൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ലക്‌നൗ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ, ന്യൂഡൽഹിയിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മാഗിയിൽ എംഎസ്ജി ചേർക്കുന്നുണ്ടെന്ന വാർത്ത കമ്പനി അധികൃതർ നിഷേധിച്ചത്. എംഎസ്ജി ചേർക്കാറില്ലെന്ന് അവകാശപ്പെടുന്ന കമ്പനി, അനുവദനീയമായ അളവിലും കൂടുതൽ എംഎസ്ജി മാഗിയിൽ അടങ്ങിയിട്ടുണ്ട് എന്നു വാർത്ത അതിശയിപ്പിക്കുന്നുവെന്നാണ് പറയുന്നത്.

മാഗിയുടെ കൊൽക്കത്തയിലുള്ള ഫാക്ടറിയിൽ നിന്നു സാമ്പിളുകൾ എടുത്ത് ലാബിൽ പരിശോധന നടത്തിയതിൽ നിന്ന് ഇതിൽ മോണോസോഡിയം ഗ്ലൂറ്റാമേറ്റ് അടങ്ങിയിട്ടുണ്ടെന്നും ലെഡ്ഡിന്റെ അംശം കൂടുതലായി കാണപ്പെട്ടുമെന്നുമാണ് എഫ്എസ്ഡിഎ അസിസ്റ്റന്റ് കമ്മീഷണർ വിജയ് ബഹാദൂർ യാദവ് വെളിപ്പെടുത്തുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മാഗി നൂഡിൽസ് ശേഖരിച്ച് കൂടുതൽ പരിശോധനകൾ നടത്തണമെന്നും എഫ്എസ്ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്.