മസ്‌ക്കറ്റ്: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഈ മാസത്തെ ശമ്പളം മുൻകൂറായി നൽകേണ്ടതില്ലെന്ന് മാൻപവർ മന്ത്രാലയം. മാസാവസാനം അടുത്തിരിക്കേ ശമ്പളം നൽകുന്ന തിയതിക്ക് മാറ്റംവരുത്തേണ്ടതില്ല എന്നാണ് അധികൃതരുടെ തീരുമാനം. സാധാരണ ശമ്പളം നൽകുന്ന ദിവസം തന്നെ നൽകിയാൽ മതിയെന്ന നിലപാട് അധികൃതർ സ്വീകരിച്ചതോടെ ബലിപ്പെരുന്നാൾ ആഘോഷങ്ങൾ നിറം മങ്ങുമെന്ന ആശങ്കയിലാണ് പ്രവാസിസമൂഹം.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം മുൻകൂർ നൽകുന്ന തീരുമാനം കൈക്കൊള്ളേണ്ടതില്ല എന്നാണ് മന്ത്രാലയം അറിയിപ്പ്. ഗവൺമെന്റ് മേഖലയിലും ഇത്തരത്തിൽ നേരത്തെ ശമ്പളം നൽകുന്നതായി പ്രഖ്യാപനം നടത്തിയിട്ടില്ല. ഈദ് ആഘോഷത്തിന്റെ അവധി വളരെ കുറച്ച് ദിവസത്തേക്ക് മാത്രമാണുള്ളത്.

മന്ത്രാലയത്തിന്റെ അറിയിപ്പ് സ്വദേശികളേയും പ്രവാസികളേയും ഒരുപോലെയാണ് അമ്പരപ്പിച്ചിരിക്കുന്നത്. ഈദ് അവധിക്കു മുമ്പു തന്നെ ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മിക്കവരും. അവധി പ്രമാണിച്ച് ഏറെ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നവർ ഇപ്പോൾ അവയൊക്കെ റദ്ദാക്കിയിരിക്കുകയാണ്. മുൻകൂർ ശമ്പളം കിട്ടാത്തത് ഒട്ടുമിക്കവരേയും പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്.

മുമ്പ് പല വർഷങ്ങളിലും മന്ത്രാലയം ഇതുസംബന്ധിച്ച് അനുകൂല നടപടികൾ സ്വീകരിച്ചിരുന്നതാണെന്നും ഇക്കൊല്ലം അതു പ്രതീക്ഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.