മസ്‌ക്കറ്റ്: അടുത്തകാലത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ രാജ്യം പെട്രോൾ വില വർധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ചില കമ്പനികൾ അവശ്യവസ്തുക്കളുടെ വിലവർധിപ്പിക്കാൻ തയ്യാറെടുക്കുന്നതിനെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI)  അപലപിച്ചു. നിലവിൽ ഒമാൻ റിയാൽ കരുത്തുറ്റ നിലയിലാണെന്നും ഗ്ലോബൽ മാർക്കറ്റിൽ നിന്ന് കമ്പനികൾക്ക് ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്കു തന്നെ വാങ്ങാൻ സാധിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഒസിസിഐ ചൂണ്ടിക്കാട്ടി.

അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും പെട്രോൾ വിലയിൽ വരുത്തിയിരിക്കുന്ന വർധന നേരിയ തോതിൽ മാത്രമാണെന്നും ചേംബർ ഓഫ് കൊമേഴ്‌സ് വിലയിരുത്തി. ഡീസൽ വിലയിൽ വരുത്തിയിട്ടുള്ള 14 ബൈസാ വർധന അടത്ത കാലത്ത് റിയാലിന് ഉണ്ടായിട്ടുള്ള വില വർധനയുമായി പരിഹരിക്കപ്പെട്ടു പോകും. സർക്കാർ സ്വീകരിച്ച ചെലവു ചുരുക്കൽ നടപടി കമ്പനികൾക്കും സ്വീകരിക്കാമെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആദ്യം ചെയ്യേണ്ടത് ചെലവു ചുരുക്കലാണെന്നും ഒസിസിഐ വക്താവ് എടുത്തുപറഞ്ഞു.

അധികൃതരുടെ അനുമതിയില്ലാതെ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്ന കമ്പനികൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ (PACP) വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിതരണക്കാർ വില വർധിപ്പിക്കുന്ന സാഹചര്യത്തിൽ നേരിയ തോതിൽ സാധനങ്ങളുടെ വില വർധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായേക്കാമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്.