- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചില ആളുകൾക്ക് ആരെയെങ്കിലും കരിവാരിത്തേച്ചാൽ മതിയെന്നാണ്; ചിലർക്ക് വിഷമവും ചിലർക്ക് സന്തോഷവുമുള്ള കാര്യങ്ങളാണ്': ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തു വിടേണ്ട കാര്യമില്ല എന്ന് ഗണേശ് കുമാർ എംഎൽഎ
കണ്ണൂർ: മലയാള സിനിമയിൽ സ്ത്രീകൾ നേരടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് തയ്യാറാക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന കാര്യത്തിൽ തർക്കങ്ങൾ തുടരുകയാണ്. പുറത്തുവിടാൻ സാധിക്കില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്നാണ് നടനും എംഎൽഎയുമായ കെ.ബി ഗണേശ് കുമാറിന്റെ അഭിപ്രായം.
എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല. ചിലരെ കരി വാരിത്തേക്കണമെന്ന് ചിലർക്ക് ആഗ്രഹം കാണുമെന്നും ഗണേശ് കുമാർ കണ്ണൂരിൽ പ്രതികരിച്ചു. 'ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പഠിക്കാൻ വേണ്ടി നിയോഗിച്ചതാണ്. റിപ്പോർട്ടിൽ എന്താണ് എഴുതിയതെന്ന് വായിച്ചിട്ടില്ല. ചില ആളുകൾക്ക് ആരെയെങ്കിലും കരിവാരിത്തേച്ചാൽ മതിയെന്നാണ്. മന്ത്രിയായാലും കുഴപ്പമില്ല. ഞങ്ങളാരും ഇത് വായിച്ച് നോക്കിയിട്ടില്ല. റിപ്പോർട്ട് വായിച്ചത് ഗവൺമെന്റ് സെക്രട്ടറി മാത്രമാണെന്നാണ് ഞാൻ അറിഞ്ഞത്,' ഗണേശ് കുമാർ പറഞ്ഞു.
എന്തിനാണ് എല്ലാ കാര്യങ്ങളും പുറത്തു വിടുന്നത്. ചിലർക്ക് വിഷമവും ചിലർക്ക് സന്തോഷവുമുള്ള കാര്യങ്ങളാണ്. എന്തിനാണ് അതൊക്കെ പുറത്തു വിടുന്നത്. പുറത്തു വിടേണ്ട കാര്യമില്ല. നടപടി സ്വീകരിക്കാനാണ് പഠനം നടത്തിയത്. പഠിച്ചിട്ടുണ്ട്. അത് കൾച്ചറൽ സെക്രട്ടറിക്ക് മനസ്സിലായിട്ടുണ്ട്. മന്ത്രിയും മനസ്സിലാക്കും. നടപടികൾ സിനിമാ രംഗത്തേക്ക് കൊണ്ട് വരും. അതിന് വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മന്ത്രി തന്നെ എല്ലാവരുടെയും യോഗം വിളിച്ചിരുന്നല്ലോ. പഠിച്ചതിന് ശേഷം നടപടി സ്വീകരിക്കും. പഠിച്ചതെല്ലാം ചേർത്ത് പുറത്തു കൊടുക്കാൻ പറ്റുമോ. അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നത് ശരിയല്ലല്ലോ. അതൊരു കമ്മീഷനല്ല. കമ്മീഷൻ റിപ്പോർട്ട് ആണെങ്കിൽ അത് നിയമസഭയുടെ ടേബിളിൽ വെക്കണം. പക്ഷെ ഇതൊരു പഠനമാണ്. മനസ്സിലാക്കി അഭിപ്രായം പറയൂ എന്ന് പറഞ്ഞു. മനസ്സിലാക്കി അഭിപ്രായം പറഞ്ഞു,' ഗണേശ് കുമാർ അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാൻ മുമ്പ് വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിനിമാ മേഖലയിലെ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സജി ചെറിയാൻ വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവിടണമെന്ന് വാശി പിടിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചിരുന്നു. കമ്മിഷൻ എൻക്വയറി ആക്ട് പ്രകാരം അല്ലാത്തതിനാൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർബന്ധമില്ലെന്ന് മന്ത്രി പി. രാജീവും പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് മലയാള സിനിമയിൽ രൂപീകരിച്ച വനിതാ കൂട്ടായ്മയായ 'വിമൺ ഇൻ സിനിമ കളക്ടീവ്'(ഡബ്ല്യു.സി.സി) ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മന്ത്രിയുടെ അഭിപ്രായത്തിനെതിരെ ഡബ്ല്യു.സി.സി രംഗത്തെത്തുകയും ചെയ്തു.
അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ചീഫ് സെക്രട്ടറി വി പി ജോയിക്ക് കത്തു നൽകിയിരുന്നു. മറുപടി നൽകിയില്ലെങ്കിൽ കേരളത്തിലേക്ക് തന്റെ നേതൃത്വത്തിലുള്ള സംഘം എത്തി നേരിട്ട് വിഷയത്തിൽ ഇടപെടുമെന്നും രേഖ ശർമ കത്തിൽ പറഞ്ഞിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ദേശീയ വനിതാ കമ്മീഷൻ നടത്തിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു. റിപ്പോർട്ട് വനിതാ കമ്മീഷന് നൽകിയിട്ടില്ല. പരാതിക്കാർക്ക് റിപ്പോർട്ട് നൽകിയില്ലെങ്കിൽ വനിതാ കമ്മീഷൻ ഇടപെടും. സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. ഡബ്ല്യുസിസി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളിലില്ലെന്നും രേഖാ ശർമ്മ പറഞ്ഞു
ആവണി ഗോപാല് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്