ദോഹ; സൗദിയും യുഎഇയും ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ ഖത്തർ ഭരണകൂടം രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഖത്തർ അമീർ അറിയിച്ചു. നിലവിൽ ആവശ്യമായത്ര ഭക്ഷ്യവസ്തുകൾ ഖത്തറിലുണ്ട്. ഇനി അഥവാ ഭക്ഷ്യവസ്തുകൾക്ക് ക്ഷാമം നേരിട്ടാൽ അത് പരിഹരിക്കാനുള്ള വഴികൾ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അമീർ വ്യക്തമാക്കി.

ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുകളുടെ നാൽപ്പത് ശതമാനവും സൗദിയിൽ നിന്ന് കരമാർഗ്ഗമാണ് എത്തുന്നത്. ഖത്തറിലേക്കുള്ള പാത ഇന്നലെ സൗദി അറേബ്യ അടച്ചു പൂട്ടിയതോടെ ഇവിടേക്ക് ഭക്ഷ്യവസ്തുകളുമായി വന്ന നൂറുകണക്കിന് ട്രക്കുകൾ അതിർത്തിയിൽ കുടുങ്ങിപ്പോയിരുന്നു.

ഭക്ഷ്യക്ഷാമം ഉണ്ടാകുമോയെന്ന ആശങ്ക പരന്നതോടെ ഖത്തർ തിങ്കളാഴ്‌ച്ച തന്നെ ഇറാൻ അധികൃതരുമായി ബന്ധപ്പെട്ട് അവിടെ നിന്ന് അധിക ഭക്ഷ്യവസ്തുകൾ കപ്പൽ വഴി എത്തിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഇറാനിൽ നിന്ന് പുറപ്പെട്ട കപ്പലുകൾ ഇന്ന് ഖത്തറിലെത്തി.

നിലവിൽ ആവശ്യമായ സാധനങ്ങൾ ഖത്തറിലുണ്ടെന്നും മുൻകരുതലെന്ന നിലയിൽ ഇറാൻ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നായി ആവശ്യമായ ഭക്ഷ്യവസ്തുകൾ ഇറക്കുമതി ചെയ്യുമെന്നും അധികൃതർ വിശദീകരിക്കുന്നു. അടിയന്തരസാഹചര്യമുണ്ടായാൽ 12 മണിക്കൂർ കൊണ്ട് ഇറാനിൽ നിന്ന് ഖത്തറിലേക്ക് ഭക്ഷ്യവസ്തുകൾ എത്തിക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷ്യപ്രതിസന്ധിക്കുള്ള ഒരു സാധ്യതയും ഖത്തറിൽ ഇല്ലെന്ന് ഖത്തറിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളും അറിയിച്ചു. ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യത്ത് നിന്നല്ല ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുകൾ ഖത്തറിൽ ശേഖരിച്ചു വച്ചിട്ടുണ്ട്.

ഭക്ഷ്യക്ഷാമം ഉണ്ടാവുമെന്ന ഭയത്തിൽ ആളുകൾ കൂടുതൽ സാധനങ്ങൾ വാങ്ങി ശേഖരിച്ചതോടെ ഖത്തറിലെ പല സൂപ്പർമാർക്കറ്റുകളും ഇന്നലെ കാലിയായതായി ചില പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ന് അമീറിന്റെ പ്രസ്താവന പുറത്തു വന്നതോടെ ആളുകളുടെ ആശങ്ക ഒരു വിധം അടങ്ങിയിട്ടുണ്ട്. ആളുകൾ അനാവശ്യമായി ഭക്ഷ്യവസ്തുകൾ വാങ്ങി ശേഖരിക്കരുതെന്നും ഇത് അനാവശ്യക്ഷാമത്തിലേക്ക് വഴി തെളിയിക്കുമെന്നും അധികൃതർ മുന്നിറിയിപ്പ് നൽകിയിരുന്നു.

തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറിനോട് നിസഹകരണം പ്രഖ്യാപിച്ച സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈൻ, യുഎഇ, ലിബിയ, യെമൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഫലത്തിൽ ഖത്തറിനെ ഉപരോധിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

പശ്ചിമേഷ്യയിൽ പേർഷ്യൻ കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു കുഞ്ഞൻ രാജ്യമാണ് ഖത്തർ. ആകെ ജനസംഖ്യ 27 ലക്ഷം അതിൽ ആറര ലക്ഷം പേർ ഇന്ത്യക്കാർ. അതിൽ തന്നെ മൂന്ന് ലക്ഷം മലയാളികൾ എന്നാണ് അനൗദ്യോഗിക കണക്ക്.വലിപ്പത്തിൽ ചെറുതെങ്കിലും ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങളൊന്നിലാണ് ഖത്തർ. ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. ലോകപ്രശസ്തമായ ഖത്തർ എയർവെയ്‌സും, അൽ ജസീറ ചാനലും ഖത്തറിന്റേതാണ്. 2022-ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളാണ് ഖത്തർ ലോകത്തിനായി കാത്തുവച്ചിരിക്കുന്ന അടുത്ത അത്ഭുതം.

സൗദിയും യുഎഇയും അടക്കമുള്ള അറബ് രാജ്യങ്ങൾ പശ്ചിമേഷ്യയിലെ ഒറ്റയാനായി വളരുന്ന ഖത്തറിനെ തങ്ങളുടെ വരുത്തിയിലാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ചിലർ നിരീക്ഷിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി സദർശനത്തിന് പിറകേയുണ്ടായ പ്രതിസന്ധിയെ പശ്ചിമേഷ്യയിലെ സമ്പന്നരാഷ്ട്രമായ ഖത്തർ എങ്ങനെ നേരിട്ടും എന്ന കാര്യമാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഖത്തറുമായുള്ള എല്ലാം ബന്ധവും അവസാനിക്കുന്നതായി പ്രഖ്യാപിച്ച സൗദിയും യുഎഇയും ആദ്യം ചെയ്തത് അവിടേക്കുള്ള വിമാനസർവീസുകൾ അവസാനിപ്പിക്കുകയും ഖത്തർ എയർവെയ്‌സ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയുമായിരുന്നു. ഗൾഫ് നാടുകളിലെ പ്രമുഖ എയർലൈൻ കമ്പനികളായ എമിറെറ്റ്സ് എയർലൈൻസും, എത്തിഹാദും ചൊവ്വാഴ്‌ച്ച രാവിലെ ഇതുസംബന്ധിച്ച ഉത്തരവ് വന്നപ്പോൾ തന്നെ ഖത്തറിലേക്കുള്ള സർവീസുകൾ നിർത്തി വച്ചു. ഉത്തരവ് വരുമ്പോൾ ആകാശത്ത് പറന്നു കൊണ്ടിരുന്ന വിമാനങ്ങളിലെ ഖത്തർ പൗരന്മാരെ തങ്ങളുടെ നാട്ടിൽ ഇറങ്ങുന്നതിൽ നിന്ന് വിലക്കി.

ചൊവ്വാഴ്‌ച്ച വൈകിട്ടോടെ എയർഅറേബ്യേ, ഫ്ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളും ഖത്തറിലേക്കുള്ള സർവീസ് അവസാനിപ്പിച്ചു. ബഹ്‌റൈൻ സർക്കാരിന്റെ ഗൾഫ് എയറും, ഈജിപ്ത് എയറും ഖത്തറിലേക്കുള്ള സർവീസ് ഉടൻ നിർത്തും എന്നറിയിച്ചിട്ടുണ്ട്.
തങ്ങളുടെ വിമാന സർവീസുകൾ നിർത്തിയത് കൂടാതെ ഖത്തർ എയർവെയ്‌സ് വിമാനങ്ങളെ തങ്ങളുടെ വ്യോമാതിർത്തിക്ക് മേലെ കൂടി പറക്കാൻ അനുവദിക്കില്ലെന്ന കടുത്ത തീരുമാനവും അറബ് രാഷ്ട്രങ്ങൾ പ്രഖ്യാപിച്ചു.

സ്വാഭാവികമായും ഈ രാഷ്ട്രങ്ങളിലേക്ക് ദിവസവും ഡസൻ കണക്കിന് സർവ്വീസ് നടത്തുന്ന ഖത്തർ എയർവെയ്‌സിനെ ഈ തീരുമാനം ഗുരുതരമായി ബാധിക്കും. ലോകമെമ്പാടും സർവീസ് വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ഖത്തർ എയർവെയ്‌സിന് അറേബ്യേയിലേക്കോ അതിന് മുകളിലൂടേയോ ഇനി പറക്കാനാവില്ല.

ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനികളിലൊന്നായ ഖത്തർ എയവെയ്‌സിന് ഇനി ദോഹയിൽ നിന്നുള്ള സർവീസുകൾ പലതിനും പുതിയ റൂട്ട് കണ്ടെത്തേണ്ടി വരും. ഇത് ഇന്ധന ചെലവും യാത്രാസമയവും വർധിപ്പിക്കും. അത് യാത്രാ ചെലവിലും പ്രതിഫലിച്ചാൽ ഖത്തർ എയർവെയ്‌സ് പ്രതിസന്ധിയിലാവും.

എമിറേറ്റ്സ്, എത്തിഹാദ് അടക്കമുള്ള വിമാനങ്ങൾ ഇനി ഖത്തറിലേക്കില്ല

ദോഹ വഴി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നവർ ഇനി ദുബായിയോ റിയാദിനേയോ ആശ്രയിക്കേണ്ടി വരും. ദുബായ്-റിയാദ് എന്നീ എയർപോർട്ടുകൾ വഴി ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കും സാധിക്കില്ല.

ഖത്തറിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ വഴിയേ ഇനി നാട്ടിൽ തിരിച്ചെത്താൻ സാധിക്കൂ. റംസാൻ തിരക്കേറുന്ന ഈ സമയത്ത് ഇത് പ്രവാസി ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാവും.
യുഎഇയിലെ ഫുജൈറ തുറമുഖത്തേക്ക് ഖത്തർ കൊടി ഉയർത്തിയ ബോട്ടുകളും കപ്പലുകളും അടുപ്പിക്കരുതെന്ന് അധികൃതർ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

ചൊവാഴ്‌ച്ച രാവിലെ തന്നെ ഖത്തറിലേക്കുള്ള വിമാനസർവീസുകളെല്ലാം നിർത്തി വച്ച സൗദി അവിടേക്കുള്ള അതിർത്തിയും അടച്ചു പൂട്ടിയിട്ടുണ്ട്. ഇതോടെ ഖത്തറിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ അടക്കമുള്ളവയുമായി വന്ന നൂറുകണക്കിന് ട്രക്കുകൾ സൗദി അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണ്. ഇതേതുടർന്ന് മുൻകരുതലെന്ന നിലയിൽ ഇറാൻ ഖത്തറിലേക്ക് ഭക്ഷ്യസാധനങ്ങൾ അയച്ചത്.

തീർത്തും വരണ്ട കാലാവസ്ഥയുള്ള ഖത്തറിലെ ഭൂപ്രകൃതി കൃഷിക്ക് അനുയോജ്യമല്ല. അതിനാൽ അവർക്കാവശ്യമായ ഭക്ഷ്യവസ്തുകൾ മറ്റു രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ നിന്ന് നാൽപ്പത് ശതമാനവും സൗദിയിൽ നിന്ന് കരമാർഗ്ഗമാണ് വരുന്നതാണ്. ഒരു വമ്പൻ തുറമുഖം, മെഡിക്കൽ സിറ്റി, ഖത്തർ മെട്രോ, ലോകകപ്പിനായുള്ള എട്ട് സ്റ്റേഡിയങ്ങൾ എന്നിവയുടെ നിർമ്മാണം ഖത്തറിൽ പുരോഗമിക്കുകയാണ്. ഇതിനാവശ്യമായ നിർമ്മാണവസ്തുകൾ സൗദിയിൽ നിന്നാണ് വന്നിരുന്നത്.

ഖത്തറിലേക്കുള്ള അതിർത്തി സൗദി അടച്ചതോടെ നിർമ്മാണ സാമഗ്രഹികൾക്കും ക്ഷാമം അനുഭവപ്പെടാം. അത് നിർമ്മാണ പ്രവൃത്തികൾക്ക് തടസ്സം വരുത്തും. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും സൗദിയും യുഎഇയും ചെയ്ത പോലെ അവിടെയുള്ള തങ്ങളുടെ പൗരന്മാരെ ഈജിപ്ത് ഇതുവരെ തിരിച്ചു വിളിച്ചിട്ടില്ല. അത്തരമൊരു നീക്കമുണ്ടായാൽ ഖത്തറിലുള്ള രണ്ട് ലക്ഷത്തോളം ഈജിപ്ത് പൗരന്മാർ രാജ്യം വിടേണ്ട അവസ്ഥവരും.

ഇവരിൽ നല്ലൊരു പങ്കും എഞ്ചിനീയറിങ്, ആരോഗ്യം, എന്നീ രംഗങ്ങളിലാണ്. ധാരാളം പേർ നിർമ്മാണ തൊഴിലാളികളായും പ്രവർത്തിക്കുന്നു. ഇത്രയും തൊഴിലാളികൾ ഒരുമിച്ച് തിരിച്ചു പോയാൽ രാജ്യത്തിന്റെ ദൈനം ദിന പ്രവർത്തനത്തെ പോലും ബാധിക്കുമെന്നാണ് റിപ്പോർട്ട്.