പത്തനംതിട്ട: ഇപ്പോൾ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം സാമൂഹിക പ്രവർത്തകരാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും ഉറ്റവരും ഉടയവരുമില്ലാത്തവരെയും എവിടെ കണ്ടാലും ഇക്കൂട്ടർ ഉടൻ ഏറ്റെടുത്ത് ഏതെങ്കിലും ചാരിറ്റബിൾ ട്രസ്റ്റിനോ വയോജനകേന്ദ്രങ്ങൾക്കോ കൈമാറും. ഇത്തരം കേന്ദ്രങ്ങൾക്കും നമ്മുടെ നാട്ടിൽ കുറവൊന്നുമില്ല. കൂണുപോലെ മുളച്ചു പൊന്തുകയാണ്.

മഹാത്മജിയുടെയും മദർ തെരേസയുടെയുമൊക്കെ പേരിട്ട് നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിലേക്ക് അനാഥജന്മങ്ങളെ കൊണ്ടു വിടാൻ സാമൂഹിക പ്രവർത്തകർ ഇടിയോട് ഇടിയാണ്; അവരെ ഏറ്റെടുക്കാൻ ട്രസ്റ്റുകളുടെയും നെട്ടോട്ടം. മറ്റൊന്നിനുമല്ല, പിറ്റേന്ന് പത്രത്തിന്റെ ലോക്കൽ പേജുകളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തയും കളർചിത്രവുമാണ് സാമൂഹിക പ്രവർത്തകരുടെ ലക്ഷ്യം. ട്രസ്റ്റ് നടത്തിപ്പുകാർ ലക്ഷ്യമിടുന്നത് എന്താണെന്നത് പരസ്യമായ രഹസ്യമാണ്.

ഇത്തരത്തിൽ വീടിനുള്ളിൽ പുഴുവരിച്ചു കിടന്ന വയോധികയെ ഏറ്റെടുത്ത് പുലിവാല് പിടിച്ചിരിക്കുകയാണ് പത്തനംതിട്ടയിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ്. മറ്റു വലിയ ട്രസ്റ്റുകളെപ്പോലെ ആർഭാടമൊന്നും ഇല്ലാത്ത നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ട്രസ്റ്റാണിത്.

കഥ ഇങ്ങനെ: പ്രമാടം പുളിമുക്ക് കാർത്തിക ദീപത്തിൽ മീനാക്ഷിയമ്മ(85)യെ പ്രമാടം ഗ്രാമപഞ്ചായത്തിലെ അംഗങ്ങളായ ഷിജു എം ജോഷ്വാ, ആനന്ദവല്ലി, എം കെ മനോജ് എന്നിവരുടെ വാക്കിൽ വിശ്വസിച്ച് അന്ധരുടെ ആശാകേന്ദ്രം കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ ഏറ്റെടുക്കുന്നു. മീനാക്ഷിയെ നോക്കാൻ ഹോം നഴ്‌സിനെ ഏർപ്പെടുത്താമെന്നും അതിനു ചെലവ് വരുന്ന 12,000 രുപ പ്രതിമാസം തങ്ങൾ തന്നു കൊള്ളാമെന്നുമായിരുന്നു വാഗ്ദാനം. ഈ വാക്ക് വിശ്വസിച്ച് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കെന്നഡി ചാക്കോ മീനാക്ഷിയമ്മയെ നോക്കാൻ ഹോം നഴ്‌സിനെ നിയമിച്ചു. ഒന്നരമാസം പിന്നിട്ടിട്ടും ഹോം നഴ്‌സിനുള്ള പ്രതിഫലം പഞ്ചായത്തംഗങ്ങൾ നൽകിയില്ല. ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും പറയുന്നു.

ജൂലൈ ആറിന് രാവിലെ എട്ടരയോടെയാണ് പൂട്ടിയിട്ടിരിക്കുന്ന വീട്ടിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും കോന്നി പൊലീസിന്റെയും സഹായത്തോടെ മീനാക്ഷിയെ രക്ഷപ്പെടുത്തിയത്. ഈ സമയം മുറിക്കുള്ളിൽ കുടുങ്ങിയ വയോധിക ഭക്ഷണം ആവശ്യപ്പെട്ടാണ് നിലവിളിച്ചിരുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് കെന്നഡി ചാക്കോ പറയുന്നു. തുടർന്ന് പൊലീസിന് മുന്നിൽ എഴുതി തയാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ വയോധികയുടെ സംരക്ഷണം കെന്നഡി ചാരിറ്റബിൾ ട്രസ്റ്റ് താൽക്കാലികമായി ഏറ്റെടുക്കുകയായിരുന്നു. ഇവരെ പരിചരിക്കാൻ ഹോം നേഴ്‌സിന്റെ സേവനം നൽകണമെന്നും അതിനായി പഞ്ചായത്തംഗങ്ങളായ ഷിജു എം ജോഷ്വ, ആനന്ദവല്ലി, എം കെ മനോജ് എന്നിവർ ചേർന്ന് 12,000 രൂപ വീതം മാസം തോറും നൽകി കൊള്ളാമെന്നുമായിരുന്നു കരാർ. ഇക്കാര്യം ജനപ്രതിനിധികൾ തന്നെ മാദ്ധ്യമങ്ങളെ വിളിച്ചറിയിച്ചിരുന്നുവെന്നും കെന്നഡി ചാക്കോ പറയുന്നു.

മാദ്ധ്യമങ്ങളിൽ ജനപ്രതിനിധികളുടെ മഹാമനസ്‌കത സംബന്ധിച്ച് വാർത്തകൾ വന്നതൊഴിച്ചാൽ പണം നൽകുന്നതിനോ മീനാക്ഷിയുടെ അവസ്ഥ എന്തെന്ന് അന്വേഷിക്കുന്നതിനോ നാളിതു വരെയും ഇവർ തയാറായിട്ടില്ല. ഫോൺ വിളിച്ചാൽ പ്രതികരിക്കാനും വിസമ്മതിക്കുന്നു. പ്രതിഫലം കിട്ടാതെ വന്നതോടെ ഹോം നഴ്‌സ് സേവനം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുകയാണ്. ഇതിനിടെ അന്ധരുടെ ആശാകേന്ദ്രത്തിന,് വൈകല്യം ബാധിച്ചവരെയും അന്ധരെയും സഹായിക്കുന്നതിനൊപ്പം വയോധികയുടെ സംരക്ഷണം കൂടി ഏറ്റെടുത്ത് മുന്നോട്ടു പോകാനാവില്ലെന്നു കാണിച്ച് ജില്ലാ കലക്ടർ എസ്. ഹരികിഷോറിന് കഴിഞ്ഞ 24 ന് പരാതി നൽകി. ജില്ലാ കലക്ടറും പരാതി അവഗണിച്ചു.

മീനാക്ഷിയമ്മക്ക് എല്ലു പൊടിയുന്ന രോഗമുണ്ടെന്നും പൂർണമായും കിടപ്പിലായ ഇവർക്ക് പരസഹായം അനിവാര്യമാണെന്നുമുള്ള ഡോക്ടറുടെ നിർദേശവും കലക്ടറെ അറിയിച്ചിരുന്നു. അവിവാഹിതയായ മീനാക്ഷിയമ്മ 23-ാം വയസു മുതൽ സഹോദരങ്ങൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. ഇവർക്ക് സ്വന്തമായുണ്ടായിരുന്ന കുടുംബ ക്ഷേത്രത്തിലെ പൂജയും ജ്യോതിഷവുമായിരുന്നു ഇവരുടെ വരുമാനമാർഗം. അവിവാഹിതയായതിനാൽ അനന്തരാവകാശം സംബന്ധിച്ച തർക്കമാണ് മീനാക്ഷിയമ്മയുടെ സംരക്ഷണത്തിന് ഇപ്പോൾ തടസമായിരിക്കുന്നതും സഹോദരങ്ങൾ ഇവരെ കൈയൊഴിയാൻ കാരണമായതും.

മീനാക്ഷിയമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയോ, തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കലക്ടറുടെ കാര്യാലയത്തിന് മുന്നിൽ ഉപവാസമിരിക്കുമെന്ന് അന്ധരുടെ ആശാകേന്ദ്രം ട്രസ്റ്റ് പ്രസിഡന്റ് ഭാരവാഹികളായ കെന്നഡി ചാക്കോ, സെക്രട്ടറി സുബൈദാ ബീവി, ട്രഷറർ ജോർജ് മാത്യു, ട്രസ്റ്റി റൂബി ജോൺ എന്നിവർ അറിയിച്ചു.