തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ചുവപ്പുകൊടി കാട്ടി കേന്ദ്രസർക്കാർ. പദ്ധതിക്ക് അനുമതി ഇല്ലെന്നാണ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവമാണ് പദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ഇപ്പോൾ പദ്ധതിക്ക് അനുമതി നൽകാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഡിപിആറിൽ അടക്ക് വ്യക്തത ഇല്ലെന്നാണ് കേന്ദ്രം വ്യക്തമക്കുന്നത്.

പദ്ധതിയെ കുറിച്ച് കേരളം നൽകിയ ഡിപിആർ പൂർണമില്ല. പദ്ധതിയുടെ പരിസ്ഥിതി പഠനം നടത്തിയിട്ടില്ല, പദ്ധതി നടപ്പിലാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ പോലും അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പദ്ധതിയുടെ പരിസ്ഥിതി, സാമൂഹിക പഠനം അടക്കം നടത്തിയിട്ടില്ലെന്നുമാണ് കേന്ദ്രം തടസ്സവാദമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. ഡിപിആറിൽ വിശദമായ പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വിവിധ ഏജൻസികളിൽ നിന്ന് ലഭിക്കേണ്ട വായ്പയെ സംബന്ധിച്ചും കേന്ദ്രത്തിന് വ്യക്തത ലഭിച്ചിട്ടില്ല. റെയിൽവെ ഭൂമി പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ, റെയിൽവെ സ്വത്തുക്കൾ, നെറ്റുവർക്കുകൾ എന്നിവയെ എത്രത്തോളം ബാധിക്കുമെന്ന് റിപ്പോർട്ട് നൽകണമെന്ന് കെ റെയിൽ കോർപ്പറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതിയുമായി റെയിൽവേയും സംസ്ഥാനസർക്കാരും ചേർന്ന് കമ്പനി രൂപീകരിച്ചിരുന്നു. 49 ശതമാനം ഓഹരി റെയിൽവേയ്ക്കും 51 ശതമാനം കേരളത്തിനുമാണ്. എന്നാൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. സാമ്പത്തിക സാങ്കേതിക സാധ്യത പരിശോധിക്കുകയാണ്. സാധ്യതയുണ്ടെങ്കിലേ പദ്ധതി നടപ്പാക്കൂ എന്നാണ് കേന്ദ്രം നേരത്തെയും നൽകിയ വിശദീകരണം. ഭൂമി ഏറ്റെടുക്കലും പദ്ധതിക്കു വേണ്ട അനുമതികളും അതിനാൽ ഇപ്പോൾ തിട്ടപ്പെടുത്താൻ കഴിയില്ല എന്നും മന്ത്രി പറയുന്നു. പദ്ധതിയോടുള്ള എതിർപ്പ് ശക്തമാകുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ നിലപാടും.

അതേസമയം നേരത്തെ 'ചിന്ത' വാരികയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് പദ്ധതിക്ക് അനുമതിയുണ്ടെന്നാണ് പറഞ്ഞിരുന്നത്. സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട് പോകാൻ കേന്ദ്രാനുമതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പണം കണ്ടെത്താൻ വായ്പ കണ്ടെത്തുന്നതിന് നിതി ആയോഗും കേന്ദ്രധനമന്ത്രാലയവും റെയിൽവേ മന്ത്രാലയവും അനുമതി നൽകി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ജർമാൻ ബാങ്കായ എഐഎഫ്ഡബ്ല്യു, എഡിബി എന്നിവയുമായി ചർച്ചകൾ പൂർത്തിയാക്കിയെന്നും ചിന്ത ലേഖനത്തിലാണ് പിണറായി വിജയൻ വ്യക്തമാക്കിയത്.

അതേസമയം ഇടതു സർക്കാർ സ്വപ്‌ന പദ്ധതിയെന്ന് അവകാശപ്പെടുന്ന കെ റെയിലിന് സാങ്കേതിക അനുമതി ലഭിച്ചില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. അനുമതിയില്ലാതെ കല്ലിട്ടത് അടക്കെ തെറ്റാണെന്ന് ്‌വ്യക്തമായതായും മുരളീധരൻ പറഞ്ഞു. അതേസമയം സാങ്കേതികമായ കാര്യങ്ങൾ മാത്രമാണ് ഇപ്പോഴത്തേതെന്നും പദ്ധതിക്ക് അന്തിമാനുമതി നിഷേധിച്ചിട്ടില്ലെന്ന് എളമരം കരീം എംപിയും പ്രതികരിച്ചു.