ജിദ്ദ: അടുത്തിടെ മലയാളികളുൾപ്പെടെയുള്ള പ്രവാസികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിലും ഓൺലൈനിലുമെല്ലാം പ്രചരിച്ചിരുന്നു. നാല്പതു കഴിഞ്ഞ വിദേശ ജോലിക്കാരെ രാജ്യത്തു നിന്ന് നാടുകടത്തുമെന്നതായിരുന്നു അത്. രാജ്യത്തുള്ള ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളെ സാരമായി ബാധിക്കുന്ന ഈ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. നാല്പതു കഴിഞ്ഞ വിദേശികളെ രാജ്യത്തുനിന്ന് പറഞ്ഞുവിടുമെന്ന വാർത്ത നിഷേധിച്ചുകൊണ്ട് ലേബർ മന്ത്രാലയം രംഗത്തെത്തിയതോടെ ഇതുസംബന്ധിച്ച് നിലനിന്നിരുന്ന ആശങ്കയാണ് ഒഴിഞ്ഞത്.

ഇത് തീർത്തും വ്യാജമായ ഒരു വാർത്തയാണെന്നും ഇത്തരത്തിലുള്ള കിംവദന്തികൾ രാജ്യത്തുള്ള പ്രവാസികളെ സാരമായി ബാധിക്കുമെന്നും ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും വാർത്തയുണ്ടെങ്കിൽ അത് മന്ത്രാലയം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരിക്കും പുറത്തുവിടുകയെന്നും വക്താവ് ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അസന്തുലിതപ്പെടുത്താനും സ്വദേശികളും വിദേശികളും തമ്മിലുള്ള ബന്ധം വഷളമാക്കാനുമാണ് ഇത്തരത്തിൽ കിംവദന്തികൾ പ്രചരിക്കുന്നതിന് പിന്നിലുള്ള ഗൂഢലക്ഷ്യമെന്ന് കിങ് ഫഹദ് സെക്യൂരിറ്റി കോളേജ് ക്രിമിനൽ സൈക്കോളജി പ്രഫസർ ഡോ. നാസർ അലി ആരിഫി വ്യക്തമാക്കി. വാർത്തയുടെ ഉറവിടം വ്യക്തമാക്കാതെ ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് ചെവി കൊടുക്കേണ്ടെന്നും ഇവ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടികൾ ഉണ്ടാകുമെന്നും ഡോ. അലി ആരിഫി ചൂണ്ടിക്കാട്ടി.

സ്വദേശികൾക്കും വിദേശികൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നോ സൗദി പ്രസ് ഏജൻസിയിൽ നിന്നോ നേരിട്ട് ഇതു സംബന്ധിച്ച ഉത്തരവുകൾ ലഭിക്കുമെന്നും വ്യാജവാർത്തകളോട് ഒരു കാരണവശാലും പ്രതികരിക്കേണ്ടതില്ലെന്നും മന്ത്രാലയം വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്.