റിയാദ്: മദീന പള്ളിയിൽ നമസ്‌കരിക്കാൻ ഇനി മുൻകൂർ അനുമതി വാങ്ങേണ്ട. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നമസ്‌കാരങ്ങൾ നിർവഹിക്കാൻ 'ഇഅ്തമർനാ' ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് പെർമിറ്റ് നേടണമെന്ന നിബന്ധന ഒഴിവാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പള്ളിയിൽ പ്രവേശിക്കാൻ 'തവക്കൽനാ' ആപ്പ് പ്രദർശിപ്പിക്കണം.

ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർ, രോഗമുക്തി നേടി പ്രതിരോധശേഷി ആർജിച്ചവർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ആയിരിക്കണം.

പള്ളിയിൽ നിർബന്ധ നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്‌മെന്റുകൾ നേടേണ്ടതില്ല. എന്നാൽ പള്ളിയിലെ പ്രവാചകന്റെ ഖബറിടമുള്ള റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും പ്രവാചകന്റെ ഖബറിടം സന്ദർശിക്കാനും 'ഇഅ്തമർനാ' ആപ്പ് വഴി പെർമിറ്റ് നേടണം. ലഭ്യമായ സമയങ്ങൾക്കനുസരിച്ച് ബുക്കിങ് നടത്താൻ സാധിക്കുന്നതിന് 'ഇഅ്തമർനാ' ആപ്പ് നിരന്തരം നിരീക്ഷിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.