- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമോഷനും സ്ഥലംമാറ്റവും കൃത്യസമയത്ത് നടത്താൻ മടി; സ്ഥാനക്കയറ്റത്തിന് രേഖകൾ നൽകി അദ്ധ്യാപകർ കാത്തിരിപ്പ് തുടങ്ങിയിട്ടും മാസങ്ങൾ; അദ്ധ്യയന വർഷം തുടങ്ങി രണ്ടര മാസമായിട്ടും പ്രിൻസിപ്പൽമാരില്ലാതെ 198 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾ
തിരുവനന്തപുരം: പ്രമോഷനും സ്ഥലംമാറ്റവും കൃത്യസമയത്ത് നടക്കാത്തത് കാരണം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരുടെ കുറവ് വരുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേസമയം, 180 സ്‌കൂളുകളിൽ ആയിരുന്നെങ്കിൽ, ഇത്തവണ പ്രിൻസിപ്പൽമാരില്ലാത്തത് 198 സ്‌കൂളുകളിലാണ്. അദ്ധ്യയന വർഷം ആരംഭിച്ച് രണ്ടരമാസം പൂർത്തിയായിട്ടും ഇതാണ് സാഹചര്യം.
നേരത്തെ പറഞ്ഞത് പോലെ, പ്രമോഷനും സ്ഥലംമാറ്റവും അനിശ്ചിതമായി വൈകുന്നത് തന്നെയാണ് കാരണം. നിലവിൽ മറ്റദ്ധ്യാപകർ പ്രിൻസിപ്പലിന്റെ ചുമതല താൽക്കാലികമായി വഹിക്കുകയാണ്. 2001-ലെ സ്‌പെഷ്യൽ റൂളനുസരിച്ച് 2:1 അനുപാതമനുസരിച്ച് ഹയർ സെക്കൻഡറി അദ്ധ്യാപകരെയും ഹൈസ്‌കൂൾ പ്രഥമാധ്യാപകരെയുമാണ് പ്രിൻസിപ്പൽമാരായി നിയമിക്കുന്നത്.
ഇതനുസരിച്ച് 132 ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും 66 ഹൈസ്‌കൂൾ പ്രഥമാധ്യാപകർക്കുമാണ് ഉദ്യോഗക്കയറ്റം ലഭിക്കേണ്ടത്. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് 12 വർഷത്തെ അദ്ധ്യാപന പരിചയവും സീനിയോറിറ്റിയുമാണ് മാനദണ്ഡം. പ്രഥമാധ്യാപകർക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ഉദ്യോഗക്കയറ്റത്തിന് ബന്ധപ്പെട്ടവർ ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. വകുപ്പുതല പ്രൊമോഷൻ കൗൺസിൽ ജൂലായ് 26-ന് ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകിട്ടുമുണ്ട്.
സംസ്ഥാനത്തെ ഹൈസ്‌കൂൾ പ്രഥമാധ്യാപക നിയമനം ജൂണിൽ തന്നെ നടത്തിയിരുന്നു. നിലവിലെ പ്രിൻസിപ്പൽമാർ സ്ഥലമാറ്റത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഒന്നാംവർഷ പരീക്ഷയ്ക്കും രണ്ടാംവർഷ സേ പരീക്ഷയ്ക്കും ശേഷം സ്ഥലമാറ്റം നടത്തുമെന്നാണ് അദ്ധ്യാപക സംഘടനകൾ അംഗങ്ങളെ അറിയിച്ചത്. ജൂലായ് 30നകം സ്ഥലമാറ്റവും ഉദ്യോഗക്കയറ്റവും നടക്കുമെന്ന് അദ്ധ്യാപകർ പ്രതീക്ഷിച്ചിരുന്നു. ഈ മാസം 25-ന് ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപെങ്കിലും സ്ഥലമാറ്റവും പുതുക്കിയ പ്രിൻസിപ്പൽ നിയമനവും നടത്തുമെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ