തിരുവനന്തപുരം: തനിക്കെതിരേ ആരോപണങ്ങളുമായി സരിത എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഗൂഢാലോചന കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ജോസ്.കെ.മാണി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. ഫലത്തിൽ രാഷ്ട്രീയ ഉന്നതർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് സോളാർ തട്ടിപ്പ് കേസ് പ്രതി സരിത.എസ്.നായർ എഴുതിയ കത്തിനെക്കുറിച്ചുള്ള അന്വേഷണമാണ് അട്ടിമറിക്കപ്പെട്ടത്

ജോസ്.കെ.മാണി ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആന്റി ടെമ്പിൾ തെഫ്റ്റ് സ്‌ക്വാഡ് എസ്‌പി ഡി.കെ.ജയരാജിനെ അന്വേഷണം ഏൽപ്പിച്ചെങ്കിലും കേസെടുക്കാനോ സരിതയുടെ പക്കലുള്ള യഥാർത്ഥ കത്ത് പിടിച്ചെടുക്കാനോ അനുമതി നൽകിയില്ല. ജയരാജ് വിരമിച്ചതോടെ പകരമെത്തിയ എസ്‌പി പി.ബി.രാജീവിന് ഈ കേസ് കൈമാറിയിട്ടുമില്ല. ഇതോടെയാണ് അട്ടിമറി സ്ഥിരീകരിക്കപ്പെട്ടത്. കത്ത് പിടിച്ചെടുത്താൽ ഉന്നതർ കുടുങ്ങുമെന്ന് ഭയമുള്ളതിനാലാണ് ഇതെന്നാണ് സൂചന.

ജയിലിൽ വച്ച് സരിത എഴുതിയ 21 പേജുള്ള കത്ത് ചില മാദ്ധ്യമങ്ങളിൽ വാർത്തയായി. ബാർ കോഴ ആരോപണം കത്തിനിൽക്കുമ്പോൾ കേരളാ കോൺഗ്രസിനേയും ജോസ് കെ മാണിയേയും ലക്ഷ്യമിട്ടായിരുന്നു ആ കത്ത് എത്തിയത്. ഇതിനെതിരെയാണ് എംപി പരാതി നൽകിയത്. അന്വേഷണം നടത്തുമെന്ന് പൊലീസും അറിയിച്ചു. എന്നാൽ ഒന്നും സംഭവിച്ചില്ലെന്ന വാർത്ത പുറത്തുവന്നതോടെ വീണ്ടും പരാതി നൽകാൻ ഒരുങ്ങുകയാണ് ജോസ് കെ മാണി. ഇങ്ങനെയൊരു ഫയൽ തന്റെ ഓഫീസിലില്ലെന്നും അന്വേഷണത്തെക്കുറിച്ച് ഒരു നിർദ്ദേശവും കിട്ടിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എസ് പി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്.

എംപിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന് സരിതയ്‌ക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനായിരുന്നു ഡി.ജി.പിയായിരുന്ന കെ.എസ്.ബാലസുബ്രമണ്യൻ തീരുമാനിച്ചത്. കത്തിന്റെ ഉറവിടം അന്വേഷിക്കാൻ കേസ് രജിസ്റ്റർ ചെയ്താൽ പൊലീസിന് യഥാർത്ഥ കത്ത് പിടിച്ചെടുക്കേണ്ടി വരും. ജോസ് കെ. മാണിക്ക് പുറമെ കത്തിൽ പേരുള്ള മറ്റ് ഉന്നതരിലേക്കും അന്വേഷണം നീളുമെന്ന് മനസിലാക്കി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് പൊലീസിലെ ഉന്നതരും രാഷ്ട്രീയ നേതൃത്വവും ഇടപെട്ടുവെന്നാണ് സൂചന.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പലപ്രമുഖരുടെ പേരും കത്തിലുണ്ട്. ഇത് പുറത്തുവന്ന സാഹചര്യത്തിൽ വിശദീകരണവുമായി സരിത എത്തിയിരുന്നു. എന്നാൽ സരിത ഉയർത്തിക്കാട്ടിയ കത്തിലെ പരാമർശങ്ങൾ പുറത്തുവന്നത് കൂടുതൽ വിവാദമായി. അതിനിടെ സോളാർ കേസിൽ കോടതി ശിക്ഷ കിട്ടിയ സരിത രണ്ട് ദിവസത്തിനുള്ളിൽ എല്ലാം കോടതിയെ അറിയിക്കുമെന്ന നിലപാടിലാണ്. ഇതോടെ കത്തിൽ പേരുള്ളവർ ആശങ്കയിലുമായി.

ഇപ്പോൾ സെൻകുമാറാണ് ഡിജിപി. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ പരാതി കിട്ടിയാൽ സ്വാധീനങ്ങൾ നടക്കുമോ എന്ന ഭയവും കത്തിൽപ്പെട്ടവർക്കുണ്ട്. വീണ്ടും സരിതയുടെ കത്ത് സജീവ ചർച്ചയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.