- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ടാർപായ കുത്തിക്കീറി മദ്യക്കുപ്പികൾ പെട്ടിയോടെ അടിച്ചുമാറ്റും; ബവ്റിജസ് വെയർ ഹൗസിന് ചുറ്റും കൊള്ള സംഘങ്ങൾ; ഡ്രൈവർമാരും ലോറി ഉടമകളും നഷ്ടപരിഹാരം കൊടുക്കേണ്ടതും സ്വന്തം പോക്കറ്റിൽ നിന്ന്
തിരുവനന്തപുരം: കേരളത്തിലെ ബിവറേജ് കോർപ്പറേഷന്റെ കീഴിലുള്ള മദ്യസംഭരണ കേന്ദ്രങ്ങളായ വെയർ ഹൗസുകളിൽ മദ്യവുമായി എത്തുന്ന ലോറികളിൽ നിന്നും കുപ്പികൾ മോഷണം പോകുന്നത് പതിവായതോടെ ഡ്രൈവർമാർ ദുരിതത്തിൽ. ഗോവ, ആന്ധ്രാ പ്രദേശ്, കർണ്ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും, കൂടാതെ കേരളത്തിൽ പ്രാദേശികമായി പല സ്ഥലങ്ങളിലുമുള്ള ഡിസ്റ്റലറികളിൽ നിന്നുമാണ് എല്ലാ ജില്ലകളിലേക്കുമുള്ള വെയർ ഹൗസുകളിൽ മദ്യം എത്തിക്കുന്നത്.
ജീവനും, സ്വത്തും പണയം വച്ചാണ് ഡ്രൈവർമാർ വെയർഹൗസിലേയ്ക്കുള്ള മദ്യം ഹൈവേ കൊള്ളക്കാർക്കിടയിലൂടെ സുരക്ഷിതമായി കേരളത്തിലെത്തിക്കുന്നത്. എന്നാൽ വെയർ ഹൗസിൽ എത്തിയാൽ പോലും അവർ സുരക്ഷിതരല്ല. മദ്യവുമായി ഇവിടെ എത്തുന്ന വാഹനം സുരക്ഷിതരായി പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ, വഴിയോരത്തും മറ്റും നിർത്തിയിടേണ്ട അവസ്ഥയാണ് ഉള്ളത്. ഈ വാഹനങ്ങളുടെ ടാർപായ കുത്തിക്കീറി മദ്യക്കുപ്പികൾ പെട്ടിയോടെ മോഷ്ടിക്കുന്ന സംഘം എല്ലാ ബിവറേജ് വെയർ ഹൗസിന് ചുറ്റുവട്ടത്തിലും ഉണ്ട്.
ഇത്തരത്തിൽ മദ്യവുമായി വരുന്ന വാഹനങ്ങളിൽ നിന്ന് മദ്യം മോഷ്ടിച്ചാൽ, മദ്യം വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ കുറവ് വരുന്ന മദ്യത്തിന്റെ തുക വാഹനത്തിന്റെ വാടകയിൽ നിന്നും ഈടാക്കാറാണ് പതിവ്, പക്ഷേ ഈ തുക നഷ്ടപ്പെടുന്നത് മദ്യവുമായി വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കയ്യിൽ നിന്നുമാണ്. വാഹനമുടമകളോ ട്രാൻസ്പോർട്ടറോ ഗവൺമെന്റോ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകില്ല.
മുഴുവൻ റിസ്‌കും വാഹനത്തിന്റെ ഡ്രൈവർക്ക് മാത്രമാണ്. വാഹനത്തിലുള്ള മദ്യം പൂർണ്ണമായി മോഷ്ടിക്കപ്പെടുകയോ, നശിക്കുകയോ ചെയ്താൽ മാത്രമെ ഇൻഷുറൻസ് സംരക്ഷണം ലഭ്യമാകുകയുള്ളു. മാത്രമല്ല വാഹനത്തിലെ മദ്യം മോഷ്ടിക്കുന്നതിന് മോഷ്ടാക്കൾ വാഹനത്തിലെ പതിനായിരങ്ങൾ വില വരുന്ന ടാർപായ് കുത്തിക്കീറിയാണ് മദ്യം എടുക്കുന്നത്, തൽഫലമായി ടാർപായ ഉപയോഗശൂന്യമാവുകയും ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.
വെയർഹൗസുകളിൽ മദ്യവുമായി എത്തുന്ന വാഹനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങളുള്ള പാർക്കിങ് സൗകര്യം ഒരുക്കി കൊടുക്കേണ്ട ഗവൺമെന്റ് ഈ കാര്യത്തിൽ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. വാഹനത്തിലെ മദ്യം ഇറക്കുന്നതിന് മിക്കപ്പോഴും ആഴ്ചകളോളം കാത്തിരിക്കേണ്ടതുണ്ട്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ സ്വജീവൻ പോലും പണയപ്പെടുത്തി വാഹനം നിർത്തിയിടുന്നത് മറ്റ് യാതൊരു മാർഗവുമില്ലാത്തതുകൊണ്ടാണ് എന്ന് ഡ്രൈവർമാർ പറയുന്നു.
മദ്യവുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അലക്കുവാനോ, കുളിക്കുവാനോ, മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കായോ ഉള്ള ഒരു അടിസ്ഥാന സൗകര്യം പോലും ഒരു വെയർ ഹൗസുകളിലും നിലവിലില്ല. മദ്യം വാങ്ങാൻ വരുന്ന ഉപഭോക്താക്കളോട് കാണിക്കുന്ന അവജ്ഞയെക്കാൾ കൂടുതലാണ് ഈ ഡ്രൈവർമാരോട് കാണിക്കുന്ന ക്രൂരത . സർക്കാരിന് ഏറ്റവും വരുമാനമുണ്ടാക്കുന്ന മാർഗമാണ് മദ്യവിൽപ്പന എന്നിട്ടും ഇത് വാഹനത്തിൽ കൊണ്ടു വരുന്നവർക്കും വാങ്ങി കൊണ്ടു പോകുന്നവർക്കും ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുകയാണ്.
മറുനാടന് മലയാളി ബ്യൂറോ