ന്യൂഡൽഹി: ലളിത് മോദി വിവാദത്തിൽ പ്രതിസ്ഥാനത്തായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യമന്ത്രി രാജിവച്ചാലേ ലോക്‌സഭ നടക്കൂവെന്ന് പോലും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഷമ സ്വരാജിനെ കൈവിട്ടില്ല. മോദി വിരുദ്ധ ക്യാമ്പിന് നേതൃത്വം നൽകുന്ന ബിജെപിയിലെ പഴയ പടക്കുതിരയായ എൽകെ അദ്വാനിയുടെ വിശ്വസ്തയെ മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള സുവർണ്ണാവസരമായിരുന്നു അത്. എന്നാൽ മന്ത്രിസഭയിലെ ഏറ്റവും പ്രഗൽഭയെ കൈവിടാൻ മോദിക്ക് താൽപ്പര്യമില്ലായിരുന്നു. ലോക്‌സഭയിലേക്ക് മോദി തരംഗത്തിൽ ബിജെപി അധികാരത്തിലെത്തുമ്പോൽ സുഷമയുടെ റോളിനെ കുറിച്ച് പോലും സംശയം ഉയർന്നു. എന്നാൽ വിദേശകാര്യം ചോദിച്ച് വാങ്ങി മന്ത്രിസഭയുടെ ഭാഗമാവുകയായിരുന്നു സുഷമ.

വിദേശകാര്യവും പ്രവാസികാര്യവുമായിരുന്നു ഇങ്ങനെ ചോദിച്ച് വാങ്ങിയത്. അതുകൊണ്ട് തന്നെ പ്രതിഭ തെളിയിച്ചേ മതിയാകൂ. ലളിത് മോദി വിവാദങ്ങളെല്ലാം ഇന്ന് പ്രതിപക്ഷം പോലും മറക്കുന്നു. ഇന്നലെ ലോക്‌സഭയിൽ കണ്ടത് ഭരണപക്ഷവും പ്രതിപക്ഷവും മത്സരിച്ച് സുഷമയെ അഭിനന്ദിക്കുന്നതാണ്. വിദേശ കാര്യത്തിൽ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയ മന്ത്രിയായി സുഷമ മാറുന്നു. പ്രധാനമന്ത്രിയുടെ ഓരോ വിദേശ സന്ദർശനവും വിജയമായത് സുഷമയുടെ പിഴയ്ക്കാത്ത നീക്കങ്ങൾ കൊണ്ട് കൂടിയാണ്.

രണ്ട് പക്ഷത്ത് നിന്നിട്ടും ഭരണകാര്യത്തിൽ അത് പ്രകടിപ്പിച്ചില്ല. മോദിക്ക് എല്ലാ പിന്തുണയും നൽകി. അത് ആവോളം തിരിച്ചു നൽകിയതോടെ സുഷമ താരവുമായി. വിദേശ സന്ദർശനങ്ങളിലൂടെ നയതന്ത്രതലത്തിൽ മോദി മികവ് കാട്ടി. സുഷമയാകട്ടെ ഈ മേഖലയിലേക്ക് കടന്നില്ല. മോദിയുമായി ഏറ്റുമുട്ടലിനും പോയില്ല. മറിച്ച് വിദേശകാര്യ വകുപ്പിന്റെ അനന്ത സാധ്യതകൾ രാജ്യത്തെ സാധാരണക്കാർക്കായി വിനിയോഗിച്ചു. ഇതിനുള്ള അംഗീകാരമാണ് അഭിനന്ദനമായി ഇപ്പോഴെത്തുന്നത്.

തന്റെ മുന്നിൽ വരുന്ന ഓരോ വിഷയത്തേയും മാനുഷികമായി പരിഗണിക്കുകയായിരുന്നു സുഷമ. കുറവുകളും കുറ്റങ്ങളും ഏറെയുണ്ടെങ്കിലും റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് നേഴ്‌സുമാരെ രക്ഷിക്കാനുള്ള നടപടികളെ ഏവരും കൈയടിച്ചു. സംസ്ഥാന സർക്കാരുകൾ മാഫിയകളുമായി കൂട്ടുകൂടുന്നതു കൊണ്ടാണ് ഈ തീരുമാനം അട്ടിമറിക്കപ്പെടുന്നതെന്ന് ഏവർക്കും അറിയാം. ഇങ്ങനെ പ്രവാസി ക്ഷേമത്തിന് സുഷമയെടുത്ത തീരുമാനങ്ങൾ ഒരു വലിയ സമൂഹത്തിന് താങ്ങും തണലുമായി. വിദേശത്ത് ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന മന്ത്രി തന്നെയാണ് സുഷമ. സമ്മർദ്ദത്തിലൂടേയും നയതന്ത്രത്തിലൂടേയും ഐസിസ് തടവിലായ 41 മലയാളികളായ നേഴ്‌സുമാർക്ക് ജീവൻ തിരിച്ച് നൽകിയത് സുഷമയുടെ കൂടെ മികവാണ്. ഏറ്റവും ഒടുവിൽ യമനിൽ ഭീകരാക്രമണം നടന്ന വയോധികമന്ദിരത്തിൽ അകപ്പെട്ടുപോയ മലയാളി കന്യാസ്ത്രീ സിസ്റ്റർ സാലിയെ രക്ഷപ്പെട്ടതും സുഷമയുടെ ഇടപെടൽ മൂലമാണ്.

ചൊവ്വാഴ്ച പുലർച്ചെ ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്. സിസ്റ്റർ സാലിയെ യമനിൽ നിന്ന് കുടിയൊഴിപ്പിച്ചുവെന്നാണ് സുഷമ ട്വീറ്റ് ചെയ്തത്. എയ്ദനിലെ വയോധികമന്ദിരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ശുശ്രൂഷകരായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ നാലു കന്യാസ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടർന്ന് കാണാതായ സിസ്റ്റർ സാലിയെ കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല. ഇതോടെ വിഷയം വിദേശകാര്യമന്ത്രാലയത്തിലെത്തി. കൃത്യമായ ഇടപെടലുണ്ടായി. അങ്ങനെ സിസ്റ്റർ സാലിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാനുള്ള അവസരം ഒരുങ്ങി. ആക്രമണത്തെ തുടർന്ന് കാണാതായ മലയാളിയായി വൈദികൻ ഫാ.ടോമിനെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അദ്ദേഹത്തെ കണ്ടെത്താൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും സുഷമ സ്വരാജ് അറിയിച്ചിട്ടുണ്ട്.

ജോലി ചെയ്ത സ്ഥാപനത്തിലെ അധികൃതരുടെ മനുഷ്യത്വ വിരുദ്ധ നിലപാട് മൂലം മകളുടെ വിവാഹം മാറ്റിവക്കേണ്ടി വന്ന കോട്ടയം പാമ്പാടി വെള്ളൂർ സ്വദേശി സി.എം.അജിത്കുമാർ നാട്ടിലത്തെിയതും മറ്റൊരു ഉദാഹരണം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് അജിത്തിന് തുണായയത്. സുഷമയുടെ ട്വിറ്റർ എക്കൗണ്ടിൽ അഭിലാഷ് ജി.നായർ എന്നയാൾ ഏതാനും ആഴ്ചകളായി ഈ വിഷയം ഉന്നയിക്കുന്നുണ്ടായിരുന്നു. തുടർന്നാണ് മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. അജിത്കുമാർ തൊഴിൽചെയ്ത സ്ഥാപനം വിസ കാൻസൽ ചെയ്യാനുള്ള നടപടി സ്വീകരിക്കാത്തതുമൂലം യാത്രമുടങ്ങിയതിനാൽ ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം രണ്ടുതവണയാണ് മാറ്റേണ്ടി വന്നത്. സുഷമയുടെ ഇടപടലോടെ തടസ്സമെല്ലാം അതിവേഗം മാറി. സാധാരണക്കാരായവർക്ക് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് ലഭിക്കാത്ത നീതി കിട്ടിതുടങ്ങിയതിന്റെ വ്യക്തമായ സൂചനയായി ഇത്.

കൈരളി പീപ്പിൾ ടിവിയുടെ ഇടപെടലിലൂടെ ഇന്ത്യൻ എംബസിയുടെ സഹായം എത്തിയപ്പോൾ പത്തനംതിട്ട സ്വദേശി ഭവാനിക്ക് മോചിതയായതിലും സുഷമ സ്വരാജിന്റെ ഇടപെടൽ ഉണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ ഭവാനി ജോലി ആവശ്യാർത്ഥം സൗദിയിലെത്തിയതുമുതൽ അറബിയുടെ പീഡനമേറ്റ് കഴിയുകയായിരുന്നു. കൈരളി പീപ്പിൾ വാർത്തയെ തുടർന്ന് സന്നദ്ധ പ്രവർത്തകരും എംബസിയും ഇടപെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്. കൈരളി വാർത്ത ശ്രദ്ധയിൽപ്പെട്ട ഡൽഹിയിലെ മലയാളി മാദ്ധ്യമപ്രവർത്തകർ ഭവാനിയുടെ മോചനത്തിനായി മന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെട്ടുകയായിരുന്നു. ഇതോടെ സുഷമ എംബസിയെ ബന്ധപ്പെടുകയും ഭവാനിയുടെ മോചനം സാധ്യമാക്കുകയുമായിരുന്നു. വിദേശത്തേക്കു ജോലിക്കു പോകുന്നവർ ഒരിക്കലും സ്വകാര്യ ഏജൻസികളെ ആശ്രയിക്കരുതെന്നും സർക്കാർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മാത്രമേ വിദേശത്തു പോകാവു എന്നും സുഷമ സ്വരാജ് ഓർമിപ്പിക്കുന്നു.

ഇറ്റലിയിൽ ഗാർഹിക പീഡനം അനുഭവിക്കുന്ന ഇന്ത്യക്കാരിക്ക് സഹായം വാഗ്ദാനംചെയ്തും സുഷമ സ്വരാജ് തന്നെയാണ്. സഹോദരി വിദേശത്ത് ഗാർഹിക പീഡനം അനുഭവിക്കുകയാണെന്ന് ട്വിറ്ററിലൂടെ സഹോദരൻ പരാതിപ്പെട്ടതിന് മറുപടിയായാണ് ഉടൻ നടപടി സ്വീകരിക്കുമെന്ന് സുഷമ വാക്കുനൽകിയത്. ഗുർമുഖ് സിങ് എന്ന യുവാവാണ് തന്റെ സഹോദരി സുഖ്‌വീന്ദർ കൗർ ഇറ്റലിയിൽ ഗാർഹിക പീഡനം നേരിടുന്നതായി സുഷമയ്ക്ക് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ വക്താവ് സുഖ്‌വീന്ദർ കൗറുമായി സംസാരിച്ചതായും സഹോദരിയുടെ പ്രശ്‌നത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി ഇടപെടുമെന്നും സുഷമ യുവാവിന് വാക്കുനൽകുകയായിരുന്നു. ഇതും ഫലം കണ്ടു. യുദ്ധം മൂർച്ഛിക്കുന്നതിനിടെയിൽ യെമനിൽ നിന്ന് ഇന്ത്യാക്കാരെ കുടിയൊഴിപ്പിച്ചതും പ്രശംസനീയം. ഇതിനെല്ലാം ഉപരി വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്കായി ബാഗേജ് നിയമങ്ങളിൽ വരുത്തിയ ഇളവ്. മാലപോലും കഴുത്തിലിട്ടുകൊണ്ട് വരാൻ കഴിയാത്ത സാഹചര്യമാണ് സുഷമയുടെ ഇടപെടലിലൂടെ ഒഴിവായത്.

ന്യായമായത് പറഞ്ഞാൽ അത് മനസ്സിലാക്കി നടപ്പിൽ വരുത്തുന്ന മന്ത്രിയാണ് സുഷമ. മോദി മന്ത്രിസഭയിലെ ഏറ്റവും സീനിയർ. ഡൽഹിയുടെ മുൻ മുഖ്യമന്ത്രിയെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടണമെന്ന് ആഗ്രഹിച്ചവരും ഉണ്ടായി. എന്നാൽ മോദി തരംഗത്തിന്റെ കരുത്ത് മനസ്സിലാക്കി സംഘപരിവാർ സുഷമയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഈ അവഗണനയൊന്നും മന്ത്രിപദവിയിലെ പ്രവർത്തനത്തിന് സുഷമയെ തടസ്സപ്പെടുത്തുന്നില്ല. അതു തന്നെയാണ് പ്രവാസിക്ഷേമത്തിലൂന്നിയ വിദേശ കാര്യ നയതന്ത്രത്തിലേക്ക് സുഷമയെ നയിച്ചത്. പ്രവാസികാര്യമന്ത്രാലയം ഇല്ലായ്മ ചെയ്ത് അതിനെ വിദേശ കാര്യമന്ത്രാലയത്തിന് കീഴിലാക്കി. കേരളം അടക്കം ചില ആശങ്കകൾ പ്രകടിപ്പിച്ചു. എന്നാൽ രണ്ടും ഒന്നു തന്നെ എന്ന മറുപടിയുമായി സുഷമ ആവശ്യങ്ങളെ തള്ളി. ഇതിനൊപ്പം മന്ത്രിയെന്ന നിലയിലെ ഏകോപനത്തിന് രണ്ടും ഒരുമിക്കുന്നതാണ് നല്ലതെന്ന് സുഷമ തെളിയിക്കുകയും ചെയ്തു.

ഇത് തന്നെയാണ് ഇന്നലെ ലോക്‌സഭയിൽ നാടകീയ സംഭവങ്ങൾക്കിടയാക്കിയത്. പ്രതിപക്ഷത്തെ അപ്രതീക്ഷിത പ്രശംസ മോദിയെ പോലും ഞെട്ടിച്ചു. ആംആദ്മി പാർട്ടിയുടെ ഭഗവത് മാനാണ് ആദ്യം വിദേശകാര്യ മന്ത്രിയോട് നന്ദി അറിയിച്ചത്. വാക്കുകൾ ഇങ്ങനെ 'ഞാൻ മന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിക്കുന്നു. വിദേശത്തുള്ള പ്രവാസികളെ സംരക്ഷിക്കുന്നതിന് വളരെ മികച്ച പ്രവർത്തനമാണ് അവർ കാഴ്ചവെയ്ക്കുന്നത്'. തന്റെ മണ്ഡലത്തിലെ 13 പേർ സൗദി അറേബ്യയിൽ അടിമപ്പണി എടുക്കേണ്ടി വന്നതോടെ ഇവരെ തിരിച്ചെത്തിക്കാൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയെന്നും വളരെ പെട്ടെന്ന് സുഷമ സ്വരാജ് പ്രശ്‌നത്തിൽ ഇടപെട്ട് 13 പേരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള മാർഗം ഉണ്ടാക്കിയെന്നും എംപി പറഞ്ഞു.

ഇങ്ങനെ രാഷ്ട്രീയം മറന്നായിരുന്നു പ്രശംസകൾ. മറ്റൊരു ആംആദ്മി പാർലമെന്റേറിയൻ ധർമ്മവീർ ഗാന്ധിയും സുഷമ സ്വരാജിനെ പ്രകീർത്തിച്ചു. 'എനിക്ക് ഒരു ചോദ്യവും ചോദിക്കാനില്ല. ഞാൻ എഴുന്നേറ്റത് വിദേശകാര്യ മന്ത്രിയോട് നന്ദി പറയാനാണ്. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം പഞ്ചാബിലെ ജനങ്ങൾക്ക് അവരുടെ സഹായം കിട്ടിയിട്ടുണ്ട്.' ബിജ് ജനാദാതൾ നേതാവ് ബൈജയന്ത് പാണ്ഡെയും മന്ത്രിയെ പ്രശംസിച്ചു. ഈ അവസരത്തിലാണ് അത്ഭുതത്തോടെ ലോക്‌സഭ സ്പീക്കർ സുമിത്ര മഹാജന്റെ ഉച്ചത്തിലുള്ള ചോദ്യം 'ചോദ്യങ്ങളൊന്നുമില്ല, നന്ദി മാത്രമേ ഉള്ളോ!' തൊഴുകൈകളോടെ പ്രോൽസാഹനത്തിന് എല്ലാവരോടും വിദേശകാര്യ മന്ത്രി നന്ദിയും പറഞ്ഞു.