- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ തുടരന്വേഷണം ഇപ്പോൾ സാധ്യമല്ല; ബിജു രമേശിന്റെ ആരോപണം നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച് തള്ളിയതെന്ന് ആഭ്യന്തര മന്ത്രി; വെള്ളാപ്പള്ളിയെയും മകനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സ്വാമിയുടെ സഹോദരി; വെളിപ്പെടുത്തലുകൾ തുടരുന്നു
തിരുവനന്തപുരം: ശിവഗിരി മഠത്തിലെ മുൻ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മരണത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ ശക്തമാകുന്നതിന് ഇടെയിലും അന്വേഷണ സാധ്യത കുറയുന്നു. നിലവിലെ സാഹചര്യത്തിൽ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബിജു രമേശ് അടക്കമുള്ളവരുടെ ആരോപണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷിച്ച് തള്ളിയത
തിരുവനന്തപുരം: ശിവഗിരി മഠത്തിലെ മുൻ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മരണത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ ശക്തമാകുന്നതിന് ഇടെയിലും അന്വേഷണ സാധ്യത കുറയുന്നു. നിലവിലെ സാഹചര്യത്തിൽ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബിജു രമേശ് അടക്കമുള്ളവരുടെ ആരോപണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് അന്വേഷിച്ച് തള്ളിയതാണ്. ഈ വിഷയത്തിൽ കൂടുതൽ തെളിവ് ലഭിച്ചാൽ മാത്രമേ കേസിൽ തുടരന്വേഷണം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരി ശാന്ത ആവശ്യപ്പെട്ടു ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകും. അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി പറയുന്നത് കേസ് അട്ടിമറിക്കാനാണെന്നും ശാന്ത ആരോപിച്ചു.
ശാശ്വതികാനന്ദ മരിച്ച ദിവസം വാടക കൊലയാളി പ്രിയൻ അദ്വൈതാശ്രമത്തിൽ എത്തിയിരുന്നു. പ്രവീൺ എന്നയാളുടെ കാറിലാണ് പ്രിയൻ എത്തിയത്. പ്രവീണിന്റെ അച്ഛനാണ് ഇക്കാര്യങ്ങൾ തങ്ങളോട് പറഞ്ഞത്. ഈ വിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവർ ഗൗരവമായി എടുത്തില്ലെന്നും ശാന്ത വ്യക്തമാക്കി. ശാശ്വതികാനന്ദയുടെ മരണത്തിൽ അദ്ദേഹത്തിന്റെ സഹായിയായിരുന്ന സാബുവിന് മുഖ്യപങ്കുണ്ട്. സാബുവിനെ നുണപരിശോധനക്ക് വിധേയമാക്കിയാൽ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും ശാന്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി എസ്എൻഡിപി ഡയറക്ടർ ബോർഡ് അംഗമായിരുന്നു ഡോ. വിജയൻ രംഗത്തെത്തി. കൈരളി പീപ്പിൾ ടിവിയോടാണ് വിജയൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളാപ്പള്ളി നടത്തിയ സാമ്പത്തിക ക്രമക്കേട്ടുകൾ ശാശ്വതീകാനന്ദയ്ക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അധികാരം പിടിച്ചെടുക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നതായി സ്വാമിക്ക് മനസിലായെന്നും വിജയൻ പറഞ്ഞു.
റിട്ടയേർഡ് ജസ്റ്റിസ് സുകുമാരനെ പ്രസിഡന്റ്കാനും വക്കം പുരുഷോത്തമനെ ജനറൽ സെക്രട്ടറിയാക്കാനുമായിരുന്നു ശാശ്വതീകാനന്ദ ശ്രമിച്ചത്. ഗൾഫ് യാത്ര പൂർത്തിയാകാത്ത ശാശ്വതീകാനന്ദ തിരികെ വന്നതിൽ എസ്എൻഡിപിയുടെ വിശദീകരണം രണ്ടു തരത്തിലായിരുന്നുവെന്നും വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നും വിജയൻ വെളിപ്പെടുത്തി. ഗൾഫിൽ വച്ച് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. എസ്എൻ ട്രസ്റ്റിന്റെ കോളേജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും തർക്കങ്ങൾ ഉടലെടുത്തിരുന്നു. ശാശ്വതീകാനന്ദ അടുത്ത അനുയായികളായ ചിലരാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും വിജയൻ പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തിന് തലേന്ന് ദുബായിൽ വച്ച് തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മർദ്ദിച്ചെന്ന് ശിവാനന്ദഗിരി പറഞ്ഞിരുന്നു. ശാശ്വതീകാനന്ദയുടെ വിശ്വസ്തനായ ജോയ്‌സനാണ് ശിവാനന്ദഗിരിയോട് ഇക്കാര്യം പറഞ്ഞത്. സംഭവത്തെ തുടർന്ന് ദുബായിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ശാശ്വതീകാനന്ദ ഒറ്റയ്ക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ശാശ്വതീകാനന്ദ കൊല്ലപ്പെടുന്നത്. ഈ വിശദീകരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിജയൻ പറയുന്നത്. ശാശ്വതീകാനന്ദയെ ആരോ അപകടപ്പെടുത്തുകയായിരുന്നുവെന്നും സ്വാഭാവിക മരണമാണെന്നും തരത്തിലുള്ള അഭിപ്രായങ്ങൾ അംഗങ്ങൾക്കിടയിലും ഉടലെടുത്തിരുന്നുവെന്നും വിജയൻ പീപ്പീൾ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും അഭിപ്രായപ്പെട്ടിരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ട്. മുങ്ങിമരിക്കുകയായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാവില്ല. മുങ്ങിമരണമായിരുന്നെങ്കിൽ മൃതദേഹം ഒഴുകിപ്പോകുമായിരുന്നു. എന്നാൽ, പെരിയാറിന്റെ കൽപ്പടവുകളിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മാത്രമല്ല മൃതദേഹത്തിന്റെ തലയുടെ പിന്നിൽ ചുവന്ന പാടുണ്ടായിരുന്നതായും സ്വാമി പ്രകാശാനന്ദ പറഞ്ഞു. എന്നാൽ, പുനരന്വേഷണം നടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും പ്രകാശാനന്ദ പറഞ്ഞു.
സ്വാമി ശാശ്വതികാനന്ദയുടെ മരണംകൊലപാതകമാണെന്ന് ബാറുടമയായിരുന്ന ബിജുരമേശ് ചാനൽ ചർച്ചക്കിടെ വെളിപ്പെടുത്തിയതോടെയാണ് ഈ വിവാദം ചൂടുപിടിച്ചത്. പ്രിയൻ എന്ന വാടകകൊലയാളിയാണ് കൊല നടത്തിയത് എന്നായിരുന്നു ബിജുവിന്റെ ആരോപണം. വെള്ളാപ്പള്ളിക്കും മകനും ഇക്കാര്യം വ്യക്തമായി അറിയാമെന്നും ബിജു ആരോപിച്ചിരുന്നു.
ഇതിനുപിന്നാലെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. എന്നാൽ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെല്ലാം നേരത്തെയും ഉന്നയിച്ചിരുന്നതായും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ നടത്തി തള്ളിക്കളഞ്ഞിരുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.