- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരത്തു മൂടിൽ നിന്ന് ആനയിച്ച് ബഥേൽ ജംഗ്ഷനിൽ സ്വീകരണ സമ്മേളനം; മുന്നൊരുക്കങ്ങൾ നടക്കവെ തീരുമാനം മാറ്റി സിപിഎം; ചെങ്ങന്നൂരിൽ സജി ചെറിയാന് തൽക്കാലം 'സ്വീകരണമില്ല'; പരിപാടി ഉപേക്ഷിച്ചത് കാലാവസ്ഥ പ്രതികൂലമെന്ന പേരിൽ; മറ്റൊരു ദിവസം നടത്തുമെന്ന് ഏരിയ കമ്മിറ്റി
ചെങ്ങന്നൂർ: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു നടത്തിയ പ്രസംഗം സൃഷ്ടിച്ച വിവാദത്തിൽ രാജിവച്ച് പടിയിറങ്ങേണ്ടി വന്ന സജി ചെറിയാന് ചെങ്ങന്നൂരിൽ സിപിഎം നൽകാനിരുന്ന സ്വീകരണചടങ്ങ് റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്വീകരണം നൽകാനുള്ള തീരുമാനം മാറ്റിയത്. പല സ്ഥലത്തും വെള്ളപ്പൊക്കം മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടിവരുന്നതും സ്വീകരണം മാറ്റാൻ കാരണമായെന്നാണ് അറിയിപ്പ്.
വൈകിട്ട് 4ന് കാഞ്ഞിരത്തു മൂടിൽ നിന്ന് ആനയിച്ച് കൊണ്ടുവരാനായിരുന്നു തീരുമാനം. 4.30ന് ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ സ്വീകരണ സമ്മേളനവും തീരുമാനിച്ചിരുന്നു .സ്വീകരണ തീരുമാനം വർത്തയായതോടെ പരിപാടി ഉപേക്ഷിച്ചെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം .സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മറ്റൊരു ദിവസം സ്വീകരണം നടത്തുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.
സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എംഎൽഎ സ്ഥാനവും രാജിവയ്‌ക്കേണ്ടതാണെന്ന രീതിയിൽ വിമർശനം നിലനിൽക്കെ സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചാൽ പ്രതിഷേധം കടുക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമെന്ന പേരിൽ പരിപാടി ഒഴിവാക്കാൻ സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടിഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാർ എഴുതിവച്ചെന്നുമായിരുന്നു പരാമർശം.
മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.
കോടതി നിർദ്ദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസടുക്കണം. ഇതിനാലാണ് പൊലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്‌വായ്പൂർ പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്.
രാജിയില്ലെന്ന് അവസാന നിമിഷം വരെ ആവർത്തിച്ച സജി ചെറിയാൻ, ഒടുവിൽ ബുധനാഴ്ച വൈകിട്ട് വാർത്താ സമ്മേളനം വിളിച്ചാണ് രാജിവയ്ക്കുന്നതായി അറിയിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എൽ എ ആയി തുടരാൻ ആകുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു.
ഏതൊരു പൗരനും പാലിക്കാൻ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം. എന്നാൽ മന്ത്രിയുടെയും എം എൽ എ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവർണ്ണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‌നം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ തുടർ നടപടിയും സജി ചെറിയാന്റെ കാര്യത്തിൽ നിർണ്ണായകമാണ്.
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ചർച്ചകൾ. മന്ത്രി രാജി വെച്ചതോടെ സജി ചെറിയാന്റെ വകുപ്പുകൾ നിലവിൽ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. പക്ഷെ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകൾ നല്കാനാണ് സാധ്യത. ഒന്നാം പിണറായി സർക്കാരിൽ നിന്നും രാജി വെച്ച ഇ പി ജയരാജൻ പിന്നീട് മടങ്ങി വന്ന പോലെ കേസുകൾ തീരുന്ന മുറക്ക് സജിയെയും മടക്കി കൊണ്ട് വരാൻ ആലോചന ഉണ്ട്.
മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണ ഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണം എന്നാണ് കോൺഗ്രസ്സും ബിജെപിയും ആവശ്യപ്പെടുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എന്നാൽ, മന്ത്രിയുടെ രാജിയോടെ വിവാദം തീർന്നു എന്നാണ് സി പി എം നിലപാട്.
മറുനാടന് മലയാളി ബ്യൂറോ