കൊച്ചി: എല്ലാം മറുനാടൻ മലയാളിയുടെ വൈരാഗ്യത്തിന്റെ പ്രതിഫലനം. ഒരു ചാനൽ ചർച്ചയിൽ മറുനാടന്റെ വാർത്തയെ വിമർശിച്ചതിന് പ്രതികാരം തീർക്കുകയാണ് അവർ-ദിലീപിന്റെ ജാമ്യ ഹർജിയിലെ വാദത്തിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് വരുത്താൻ ഇങ്ങനെ പോലും ബി രാമൻപിള്ള എന്ന ക്രിമിനൽ വക്കീലിന് പറയേണ്ടി വന്നു. പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയ തെളിവുകൾ മാത്രമാണ് മറുനാടൻ വാർത്ത നൽകിയത്. അതെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അത് പരിശോധിച്ച ശേഷമാണ് ദിലീപിന് ജസ്റ്റീസ് സുനിൽ തോമസ് വീണ്ടും ജാമ്യം നിഷേധിക്കുന്നത്. മറുനാടന്റെ വാർത്തകളിൽ സത്യമുണ്ടെന്നതിന് തെളിവ് കൂടിയാണ് ഇന്നത്തെ കോടതി വിധി.

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനാണ് രാമൻപിള്ള. നടി ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ തന്നെ രാമൻപിള്ളയെയാണ് സമീപിച്ചത്. എന്നാൽ കാവ്യയുടെ വിവാഹ മോചനക്കേസിൽ നിഷാൽ ചന്ദ്രയുടെ അഭിഭാഷകനായിരുന്നു രാമൻപിള്ള. ഈ കാരണം പറഞ്ഞ് രാമൻപിള്ള ദിലീപിനെ ഒഴിവാക്കി. ദിലീപ് അറസ്റ്റിലായതോടെ വീണ്ടും രാമൻപിള്ളയുടെ അടുക്കൽ ബന്ധുക്കളെത്തി. അപ്പോഴും കേസ് ഏറ്റെടുത്തില്ല. ഇതോടെ രാംകുമാർ വക്കീലിന്റെ അടുത്ത് കേസെത്തി. അദ്ദേഹം അങ്കമാലി കോടതിയിലും ഹൈക്കോടതിയിലും വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ദിലീപിന് മനസ്സിലായി. വീണ്ടും ബന്ധുക്കൾ രാമൻപിള്ളയുടെ അടുക്കലെത്തി. ഇത്തരമൊരു കേസിൽ ജാമ്യം കിട്ടാൻ സാധ്യതയില്ലെന്ന് തുറന്നു പറഞ്ഞു. അപ്പോൾ സമ്മർദ്ദം തുടർന്നു. ഒടുവിൽ രാമൻപിള്ള കേസ് ഏറ്റെടുത്തു.

എല്ലാ വഴികളും നോക്കി ജാമ്യ ഹർജിയിൽ വാദം നടത്തി. പക്ഷേ പൊലീസും പ്രോസിക്യൂഷനും എതിരായതിനാൽ ക്രിമിനൽ ഗൂഢാലോചനയിൽ ജാമ്യം കിട്ടില്ലെന്ന രാമൻപിള്ളയുടെ തിരിച്ചറിവ് തന്നെയാണ് വിധിയായെത്തുന്നത്. പ്രശസ്തനാണ് ദിലീപ്. അതുകൊണ്ട് തന്നെ ജാമ്യം നൽകിയാൽ അന്വേഷണം തന്നെ അട്ടിമറിക്കപ്പെടും. അതിനാൽ പ്രതിയെ അഴിക്കുള്ളിൽ കിടത്തിയാലെ നിഷ്പക്ഷ അന്വേഷണം സാധ്യമാകൂവെന്ന പ്രോസിക്യൂഷൻ വാദം തന്നെ വിജയിച്ചു. ഏതാണ് എട്ട് മണിക്കൂറായിരുന്നു ജാമ്യ ഹർജിയിൽ രാമൻപിള്ളയുടെ വാദം. കേസ് കീറിമുറിച്ച് തന്നെ വാദം ഉന്നയിച്ചു. കാരവാൻ ഇഫക്ട് പോലും ഉയർത്തി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എല്ലാ അർത്ഥത്തിലും വാദിച്ചു. പക്ഷേ ഫലം കണ്ടില്ല. ഈ കേസുമായി ഒരു ബന്ധവുമില്ലെന്നാണ് ദിലീപ് വക്കീലിനേയും അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കാര്യങ്ങൾ നൂലിഴ കീറി കണ്ടെത്തി അവതരിപ്പിക്കാൻ രാമൻപിള്ളയ്ക്ക് കഴിഞ്ഞുമില്ല.

വിശദമായ വിധിയാണ് ജാമ്യ ഹർജിയിൽ ഹൈക്കോടതി ആദ്യം തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് ഡയറി പരിശോധിച്ച് തെളിവുകൾ ഉണ്ടെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. പ്രോസിക്യൂഷൻ അനുകൂല നിലപാട് എടുത്താൽ മാത്രമേ സാധ്യതയുള്ളൂ. എന്നാൽ എത്രയും വേഗം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. ജാമ്യം കിട്ടാതെ ദിലീപിനെ വിചാരണ തടവുകാരനാക്കാനാണ് ഇത്. ഇതെല്ലാം രാമൻപിള്ള തിരിച്ചറിയുന്നു. ഇനി ഡിവിഷൻ ബഞ്ചിൽ ജാമ്യ ഹർജി നൽകാം. അവിടേയും സാധ്യത വളരെ കുറവാണ്. പിന്നെ സുപ്രീംകോടതി മാത്രമാണ് ആശ്വാസം. എന്നാൽ പീഡനക്കേസുകളിൽ സുപ്രീംകോടതിയുടെ നിലപാട് വളരെ കടുത്തതാണ്. അവിടേയും സാധ്യത കുറവ്. അതിനാൽ ദിലീപിന് ജാമ്യംകിട്ടാൻ ഒരു വഴിയേയുള്ളൂ. കുറ്റപത്രം 90 ദിവസങ്ങൾക്കുള്ളിൽ നൽകാതിരിക്കുക. അതിന് സാധ്യത കുറവും. അങ്ങനെ കുറ്റവിമുക്തനായാൽ മാത്രമേ ദിലീപ് അഴിക്കുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യതയുള്ളൂവെന്നതാണ് അവസ്ഥ.

ഇത് കുടുംബത്തെ ബോധ്യപ്പെടുത്തിയാണ് രാമൻപിള്ള കേസെടുത്തതെന്ന് ദിലീപിന്റെ ഒരു കുടുംബാഗം മറുനാടനോട് സൂചന നൽകിയിരുന്നു. അപ്പുണ്ണിയെ ചോദ്യം ചെയ്തതും ദൃശ്യ തെളിവ് കിട്ടില്ലെന്ന് ഉറപ്പായതുമൊന്നും ജാമ്യത്തിന് അനുകൂല ഘടകമല്ല. കേസ് അന്വേഷണം അട്ടിമറിക്കുമെന്നതും നടിയുടെ ജീവൻ പോലും ഭീഷണിയിലാകുമെന്നുമുള്ള വാദം പ്രോസിക്യൂഷൻ ശക്തിയായി ഉയർത്തി. ഇതെല്ലാം രാമൻപിള്ള പ്രതീക്ഷിച്ചതുമാണ്. ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമൻപിള്ളയെ സമീപിച്ചത്. ആദ്യം എതിർത്തുവെങ്കിലും പിന്നീട് രാമൻപിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാൽവെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചർച്ചയിൽ ഉയർത്തി. എന്നാൽ ഹൈക്കോടതിയിൽ രാമൻപിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമൻപിള്ളയെ കൊണ്ടു വരാൻ തീരുമാനിച്ചത്.

കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്തിയില്ല, കുറ്റകൃത്യത്തിൽ ദിലീപിന്റെ കൂട്ടാളിയായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്. എന്നാൽ, ഈ രണ്ടുകാര്യങ്ങൾക്കും നിലവിൽ പ്രസക്തി നഷ്ടപ്പെട്ടു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി സുനിൽകുമാർ (പൾസർ സുനി) ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മതമൊഴി നൽകി. അപ്പുണ്ണിയും പൊലീസിനു മൊഴിനൽകാനെത്തി. ഇതെല്ലാമായിരുന്നു ജാമ്യം ഹർജിയിൽ ദിലീപിന് കാര്യങ്ങൾ അനുകൂലമാക്കാൻ രാമൻപിള്ള ചർച്ചയാക്കി. എന്നാൽ കോടതി ഇതൊന്നും മുഖവിലയ്ക്ക് പോലുമെടുത്തില്ല. വീണ്ടും തെളിവുണ്ടെന്ന തരത്തിൽ ജാമ്യ ഹർജിയിൽ ജസ്റ്റീസ് സുനിൽ തോമസ് വിധി പ്രഖ്യാപിച്ചു.

ദിലീപിനെതിരായ കുറ്റങ്ങൾ പ്രാഥമികമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുന്നുണ്ടെന്ന് ഇന്നത്തെ വിധിയിൽ പറയുന്നുണ്ട്. ദിലീപ് പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഈ കേസിലെ പ്രധാന സാക്ഷികൾ എല്ലാം തന്നെ ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരാണ്. ദിലീപാകട്ടെ ഈ മേഖലയിൽ വലിയ സ്വാധിനമുള്ളയാളാണ്. അതുകൊണ്ട് തന്നെ ജാമ്യം നൽകിയാൽ സ്വാഭാവികമായും സാക്ഷികളെ സ്വാധീനിച്ചേക്കാം. അതുകൊണ്ട് യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് തന്നെയാണ് ജാമ്യ ഹർജിയിൽ രാമൻപിള്ളയും പറഞ്ഞത്. ദിലീപ് പ്രശസ്തനാണെന്നും അതുകൊണ്ടാണ് കേസിൽ കുടുക്കിയതുമെന്നുമായിരുന്നു രാമൻപിള്ളയുടെ നിലപാട്. അങ്ങനെ പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു തന്നെ പ്രോസിക്യൂഷനും കത്തികയറി. ഇത് കോടതിയെ സ്വാധീനിക്കുകയും ചെയ്തു.

കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. 12,13 പ്രതികളാണ് ഇവ നശിപ്പിച്ചത്. അന്വേഷണവുമായി കേസിലെ മറ്റൊരു പ്രതിയായ അപ്പുണ്ണി സഹകരിക്കുന്നില്ല. മാത്രമല്ല അന്വേഷണം കാര്യമായി പുരോഗമിക്കുകയാണ്. അതിനാൽ ജാമ്യം നൽകേണ്ട യാതൊരു കാരണവും നിലവിലില്ല എ ന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ കോടതി അംഗീകരിച്ചു. മാത്രമല്ല കൂടുതൽ പ്രതികൾ ഈ കേസിൽ ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ അതുകൂടി കേസിനെ ബാധിച്ചേക്കാം. തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. ഇനി ജാമ്യത്തിന് ഹൈക്കോടതിയിൽ വീണ്ടും ശ്രമിച്ചാൽ ഇതേ ജഡ്ജി തന്നെയാകും വാദം കേൾക്കുക. അല്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിനുമുന്നിലുള്ള വഴി. കുറ്റപത്രം നൽകുന്നതിന് മുമ്പായി ജാമ്യം ലഭിക്കുന്നതിന് ഈ രണ്ട് വഴികളാണ് ദിലീപിന് മുന്നിലുള്ളത്. സുപ്രീംകോടതിയും ഈ ഹർജി അംഗീകരിക്കില്ലെന്നാണ് വിലയിരുത്തൽ. ഇതും ദിലീപിന്റെ ബന്ധുക്കളെ രാമൻപിള്ള അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഫലത്തിൽ അനിശ്ചിത കാലത്തേക്ക് ജയിലിൽ കിടക്കേണ്ട അവസ്ഥയിലാണ് ദിലീപ്.

ദിലീപിനെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും. മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെടുക്കാനുള്ള സാധ്യത വിരളമാണ്. അവ കിട്ടിയില്ലെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായി കഴിഞ്ഞതായാണ് ഹൈക്കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്. നിശ്ചിതസമയപരിധിയായ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുന്നതിനാൽ ചട്ടമനുസരിച്ചുള്ള ജാമ്യത്തിന് ദിലീപ് അർഹനല്ല. നടിയെ ആക്രമിക്കാൻ വാടകഗുണ്ടകളുടെ സഹായം തേടിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ അതീവഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം. ഇതും ദിലീപിന് പുറത്തിറങ്ങാൻ വിഘാതമായി തുടരും.