തൃശൂർ: പിന്നണി ഗായകൻ യേശുദാസിന് ക്ഷേത്രനടയിൽ പ്രവേശിക്കാൻ അർഹതയുണ്ടെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ഈശ്വരനിഷേധികളായ ഹിന്ദുക്കളെക്കാൾ ഭേദമാണു ഹിന്ദു സംസ്‌കാരത്തെ അംഗീകരിക്കുന്ന അഹിന്ദുക്കളെന്നും സമിതി ഉപാധ്യക്ഷൻ സ്വാമി അയ്യപ്പദാസ് പറഞ്ഞു.

സമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് യേശുദാസിനെക്കുറിച്ചുള്ള പരാമർശം. ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മൂല്യങ്ങളും അംഗീകരിച്ചു കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് യേശുദാസെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്ന വ്യക്തികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം നൽകണം. പേരിൽ മാത്രം ഹിന്ദുത്വം വന്നാൽ പോരാ മനസിലും അത് ഉണ്ടാവണമെന്നും അയ്യപ്പദാസ് പറഞ്ഞു.

ക്ഷേത്രങ്ങൾ രാഷ്ട്രീയ വിമുക്തമാക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ആർ.എസ്.എസ്. പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോൻ പറഞ്ഞു. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി കൽരാജ് മിശ്ര, തേറമ്പിൽ രാമകൃഷണൻ എംഎ‍ൽഎ. തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് സമിതിയുടെ പരാമർശമുണ്ടായത്.

ക്ഷേത്രങ്ങളിൽ യേശുദാസിന്റെ ശബ്ദത്തിൽ മുഴങ്ങിക്കേൾക്കുന്ന ഭക്തിഗാനങ്ങൾക്ക് അയിത്തം ഇല്ലെന്നിരിക്കെ പാടിയ ഗായകന് അയിത്തം കൽപിക്കുന്ന നടപടികൾക്കെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു.