- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാർ അടിസ്ഥാനത്തിലുള്ള സെക്യുരിറ്റി ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളമില്ല; പേ സ്ലിപ്പ് പോലും നൽകുന്നില്ല; ചോദിക്കുമ്പോൾ ഫണ്ടില്ലെന്ന മറുപടി; പിഎഫ് അടയ്ക്കുന്നതും നിർത്തി കരാർ സ്ഥാപനം; ബിഎസ്എൻഎല്ലിലെ സെക്യുരിറ്റി ജീവനക്കാർ ഒരുവർഷമായി ജോലി ചെയ്യുന്നത് സ്വന്തം ചെലവിൽ
കോട്ടയം: ബിഎസ്എൻഎൽ എക്സ്ചേഞ്ചുകളിൽ ജോലി നോക്കുന്ന താൽക്കാലിക ജീവനക്കാരായ സെക്യുരിറ്റി ജീവനക്കാർക്ക് കഴിഞ്ഞ ഒരു വർഷത്തോളമായി ശമ്പളമില്ലെന്ന് പരാതി. കോട്ടയം ജില്ലയിലെ സെക്യുരിറ്റിമാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിലെ സെക്യുരിറ്റി ജീവനക്കാർക്കും എട്ടും പത്തും മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും അവർ പറയുന്നു.
കോട്ടയം ജില്ലയിലെ അറുപതോളം വിമുക്തഭടന്മാരാണ് കായംകുളത്തെ ഐഐഎംഎസ് ഡിറ്റക്ടീവ്സ് എന്ന് സ്ഥാപനം മുഖേനെ ബിഎസ്എൻഎല്ലിന്റെ വിവിധ എക്സ്ചേഞ്ചുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്നത്. 2021 ജൂലൈ 9 ന് ഐഐഎംഎസ് ഡിറ്റക്ടീവിന്റെ കരാർ അവസാനിച്ചതോടെ അവർ പിന്മാറുകയും ഉത്തർപ്രദേശ് ഗസ്സിയാബാദിലെ സായി ടെലിമാറ്റിക്സ് എന്ന സ്ഥാപനം കരാർ ഏറ്റെടുക്കുകയും ചെയ്തു. അതോടെ ഈ 60 ജീവനക്കാരും 2021 ജൂലൈ 10 മുതൽ സായി ടെലിമാറ്റിക്സിന്റെ കീഴിലാകുകയായിരുന്നു. എന്നാൽ ഐഐഎംഎസ് പിന്മാറിയപ്പോൾ ജീവനക്കാർക്ക് 2020 സെപ്റ്റംബർ മുതൽ കുടിശികയുള്ള ശമ്പളം പൂർണമായും നൽകാൻ അവർ തയ്യാറായില്ല. അതിന് ശേഷം ഇതുവരെയുമുള്ള ശമ്പളം ലഭിച്ചിട്ടില്ലെന്ന് സെക്യുരിറ്റി ജീവനക്കാർ പരാതിപ്പെടുന്നു.
2020 ജൂലൈയിലേയും ആഗസ്റ്റിലേയും ശമ്പളം 2021 മെയ് മാസത്തിലാണ് ലഭിച്ചത്. ഈ വർഷം ഓഗസ്റ്റ് 19-ാം തീയതി ഐഐഎംഎസ് 5000 രൂപയും സായി ടെലിമാറ്റിക്സ് 2100 രൂപയുമാണ് ഓണത്തിന് തന്നതെന്നും അവർ പറയുന്നു.
പലതവണയായിട്ട് ബിഎസ്എൻഎലിലും ഐഐഎംഎസിലും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ബിഎസ്എൻഎൽ കരാർ ജോലിക്കാരെ അവഗണിക്കുകയും സ്ഥിരജോലിക്കാർക്ക് കൃത്യമായി എല്ലാ ആനുകൂല്യങ്ങളും നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിൽ പരാതിപ്പെടുമ്പോൾ ഫണ്ട് ഇല്ല എന്നാണ് മറുപടി. അങ്ങനെയാണെങ്കിൽ സ്ഥിരജോലിക്കാർക്കും ഇത് ബാധകമാകണമല്ലോ- കരാർ ജീവനക്കാരുടെ ചോദ്യം ഇതാണ്.
സൈനികസേവനത്തിൽ നിന്നും വിരമിച്ചവർക്ക് തുച്ഛമായ പെൻഷൻ കൊണ്ടുമാത്രം ജീവിക്കാൻ കഴിയാത്തതുകൊണ്ടാണ് ബിഎസ്എൻഎല്ലിൽ സെക്യുരിറ്റിയായി ജോലി ചെയ്യുന്നത്. എന്നാൽ ശമ്പളം പോലും അതാത് മാസങ്ങളിൽ കൃത്യമായി ലഭിക്കാത്തത് മൂലം വണ്ടിക്കൂലിയും ഭക്ഷണത്തിനുള്ള ചെലവും സ്വന്തം കയ്യിൽ നിന്നും ചെലവാക്കേണ്ട അവസ്ഥയിലാണ് അവർ.
ഐഐഎംഎസ് ഡിറ്റക്ടീവ്സ് തങ്ങളുടെ പിഎഫും കൃത്യമായി അടയ്ക്കുന്നില്ലെന്ന് അവർ പരാതിപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ വരെയുള്ള പിഎഫ് മാത്രമേ അടച്ചിട്ടുള്ളു. അതാത് മാസത്തെ പേസ്ലിപ്പ് പോലും നൽകാറില്ല. അതുകൊണ്ടുതന്നെ ശമ്പളം എത്രയാണെന്നോ എത്ര കട്ട് ചെയ്യുന്നുണ്ടെന്നോ അറിയാൻ പറ്റാത്ത അവസ്ഥയാണ്. പേ സ്ലിപ്പ് ചോദിക്കുമ്പോൾ വേണമെങ്കിൽ ജോലി ചെയ്താൽ മതിയെന്നും അല്ലെങ്കിൽ ജോലി ഉപേക്ഷിച്ച് പൊയ്ക്കോളാനും കമ്പനി അധികൃതർ ഭീഷണിപ്പെടുത്തുന്നതായും ഇവർ പരാതിപ്പെടുന്നു.
ആലപ്പുഴ ജില്ലയിലെ ബിഎസ്എൻഎൽ സെക്യുരിറ്റി ജീവനക്കാർക്ക് ഈ വർഷം ജനുവരി വരെയുള്ള ശമ്പളം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഒരു വർഷത്തോളമായി ചെയ്ത ജോലിയുടെ കൂലി ബിഎസ്എൻഎല്ലും ഐഐഎംഎസും ചേർന്ന് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.