കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നതെന്ന് എന്തും ചെയ്യുന്ന മന്ത്രിയാണ് കെ ബാബു. ബാർ കോഴയിൽ എഫ്‌ഐആർ ഇടാനുള്ള വിജിലൻസ് കോടതി ഉത്തരവിനെ തുടർന്ന് രാജിവച്ചു. പിന്നീട് മുഖ്യമന്ത്രി സോളാറിൽ കുടുങ്ങിയപ്പോൾ ആശ്വാസമേകാൻ മന്ത്രിസഭയിൽ മടങ്ങിയെത്തുകയും ചെയ്തു. അങ്ങനെ മുഖ്യമന്ത്രിയുടെ വാക്കാണ് പ്രധാനമെന്ന് തുറന്ന് പറയുന്ന മന്ത്രിയാണ് ബാബു. പക്ഷേ പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ കാര്യത്തിൽ ബാബുവിന് ഈ നിലപാടില്ല. സംസ്‌കൃത സർവ്വകലാശാലയിലെ ശമ്പള പരിഷ്‌കരണം ഉടൻ നടത്തേണ്ടതില്ലെന്നാണ് മന്ത്രിതല നിർദ്ദേശം എന്നാണ് വിമർശനം. എക്‌സൈസ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ പ്രമുഖന് വേണ്ടി ആയിരത്തോളം വരുന്ന സംസ്‌കൃത സർവ്വകലാശാലയിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്.

കേസും നൂലമാലകളുമായി സംസ്‌കൃത സർവ്വകലാശാലയുടെ പിആർഒ ആയ വ്യക്തിയാണ് ജലീഷ് പീറ്റർ. നിലവിൽ കെ ബാബുവിന്റെ പിആർഒ. ഇടക്കാലത്ത് സ്വാധീനമുപയോഗിച്ച് ജലീഫ് പീറ്റർ ഉൾപ്പെടെ ചിലർ ശമ്പള വർദ്ധനവ് നേടിയിരുന്നു. മറ്റ് സർവ്വകലാശാലകളിലെ സമാന തസ്തികകൾക്ക് കിട്ടുന്നതിലും കൂടിയ ശമ്പളം അനുവദിച്ച് കിട്ടി. എന്നാൽ ഈ ശമ്പള പരിഷ്‌കരണത്തോടെ ഇതിന് വ്യക്തത വന്നു. എല്ലാ സർവ്വകലാശാലകളിലേയും ഇത്തരം പോസ്റ്റുകൾക്ക് ഏകീകരണ സ്‌കെയിൽ നിശ്ചയിച്ചു. ഇതുൾപ്പെടെയാണ് മന്ത്രിസഭാ ശമ്പള പരിഷ്‌കരണ റിപ്പോർട്ടിനെ അംഗീകരിച്ചത്. ഇതോടെ ജലീഷ് പീറ്റർ ഉൾപ്പെടെ 11 സ്റ്റാഫുകൾക്ക് ഇപ്പോൾ ലഭിക്കുന്നിതിലും കുറവ് ശമ്പളം മാത്രമേ കിട്ടൂയെന്ന അവസ്ഥയുണ്ടായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് സംസ്‌കൃത സർവ്വകലാശാലയിലെ ശമ്പള പരിഷ്‌കരണം വൈകിപ്പിക്കുന്നത്.

പുതിയ സ്‌കെയിലിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയാൽ അടുത്ത മാസം ജലീഷ് പീറ്ററിന് കുറച്ചു ശമ്പളമേ കിട്ടൂ. അങ്ങനെ ശമ്പളം വാങ്ങി കഴിഞ്ഞാൽ പിന്നെ തിരുത്തൽ പറ്റില്ല. അതുകൊണ്ട് തന്നെ സംസ്‌കൃത സർവ്വകലാശാലിക്കായി പ്രത്യേക ശുപാർശകൾ അംഗീകരിക്കാനാണ് നീക്കം. അതുണ്ടാകുന്നതു വരെ ശമ്പള പരിഷ്‌കരണം വൈകിപ്പിക്കാനാണ് നീക്കം. എന്നാൽ സംസ്ഥാന സർക്കാർ ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ മന്ത്രി കെ ബാബുവിന്റെ വിശ്വസ്തനായുള്ള കള്ളകളികൾ മൂലം ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നാണ് ആക്ഷേപം. ജലീഷ് പീറ്ററും മറ്റുള്ളവരും ശമ്പള കമ്മീഷനെതിരെ പരാതി കൊടുക്കും. സെക്രട്ടറിയേറ്റിലെ സ്വാധീനം അനുസരിച്ച് അത് സാധിച്ചെടുക്കുകയും ചെയ്യും. അതിന് ശേഷം മാത്രമേ സംസ്‌കൃത സർവ്വകലാശാലയിൽ ശമ്പള പരിഷ്‌കരണം നടക്കൂ.

കേരള സർക്കാരിന്റെ 2011 ലെ 9-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവിനേയും, സർവ്വകലാശാല സ്റ്റാറ്റിയൂട്ടിനേയും മറികടന്ന് ലൈബ്രറി വിഭാഗത്തിൽ അനധികൃതമായി നൽകിയ പ്രമോഷനും പ്രശ്‌നമാകുന്നുണ്ട്. 2016 ലെ 10-ാം ശമ്പള പരിഷ്‌ക്കരണത്തിലൂടെ റദ്ദാക്കപ്പെട്ട തീരുമാനം അട്ടിമറിക്കാനാണ് നീക്കം. ഇതിലേക്ക് ജലീഷ് പീറ്റർ കൂടി കടന്നുവരുമ്പോൾ സർക്കാർ സഹായവും ലഭിക്കുന്നു. സംസ്‌കൃത സർവ്വകലാശാലയിലേക്ക് പിആർഒയായി താൽകാലിക നിയമനമാണ് ആദ്യം ജലീഷിന് കിട്ടിയത്. അനധികൃതമായി ഇത് സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ കോടതി വിധികളുണ്ടായി. എന്നാൽ സുപ്രീംകോടതിയിൽ ഹർജി നൽകി ജലീഷ് സ്ഥിര നിയന്ത്രണത്തിന് അംഗീകാരം നേടികയായിരുന്നു. ഇതിനൊപ്പം അനധികൃതമായി ശമ്പള വർദ്ധനവും നേടി. ഇതാണ് ഇപ്പോൾ അസ്ഥിരപ്പെട്ടത്.

2011 ലെ സർക്കാരിന്റെ ശമ്പള പരിഷ്‌ക്കരണ ഉത്തരവ് പ്രകാരം സർവ്വകലാശാല ലൈബ്രറിയിൽ സർക്കാർ അനുമതിയോടെ ഉണ്ടായിരുന്നത് മൂന്ന് റഫറൻസ് അസിസ്റ്റന്റുമാരും, 14 ലൈബ്രറി അസിസ്റ്റന്റുമാരുമായിരുന്നു. മാത്രമല്ല സർവ്വകലാശാല ലൈബ്രറികളിൽ അനധികൃതമായി നൽകിയിരുന്ന റേഷ്യോ പ്രമോഷനുകളും 26-02-2011 ലെ ഉത്തരവുപ്രകാരം നിർത്തലാക്കപ്പെട്ടിരുന്നു. എന്നാൺ സംസ്‌കൃത സർവ്വകലാശാല 3-9-2013 ൽ ചട്ടങ്ങൾ മറികടന്ന് ഏഴ് ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെ തസ്തിക സർക്കാർ അനുവാദമില്ലാതെ തന്നെ സൃഷ്ടിച്ച് നിർത്തലാക്കപ്പെട്ട റേഷ്യോ പ്രമോഷനിൽ ഉൾപ്പെടുത്തി 3-8-2006 മുതലുള്ള മുൻകാലപ്രാബല്യത്തോടെ പ്രമോഷൻ നൽകുകയാണുണ്ടായത്. ഇതിനുപുറമേ, നിലവിൽ അനുവദിക്കപ്പെട്ട 3 റഫറൻസ് തസ്തികകൾക്ക് പുറമേ അനധികൃതമായി ഒരു തസ്തിക കൂടി സൃഷ്ടിച്ച് ഒരേ ദിവസം തന്നെ ഇരട്ട പ്രമോഷൻ നൽകുകയുമായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം, സർവ്വകലാശാലയുടെ ഈ അനഃധികൃതമായ നടപടി ഉടൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അത് നിരസിക്കപ്പെട്ടതിനാൽ ലോക്കൽ ഫണ്ട് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും, തുടർന്ന് സർക്കാർ ലോക്കൽ ഫണ്ടിന്റെ നിർദ്ദേശപ്രകാരം, സർക്കാരിന്റെ സാമ്പത്തിക പരിശോധനാ വിഭാഗം 2014 ൽ നേരിട്ട് സർവ്വകലാശാലയിൽ പരിശോധന നടത്തുകയും, 332425/ബി4/14 തീയതി 08-10-2014 എന്ന കത്ത് മുഖേന സർവ്വകലാശാലയിൽ അനധികൃതമായി നൽകിയ മുഴുവൻ പ്രമോഷനുകളും റദ്ദ് ചെയ്യുവാനും, ഇതുമൂലം സർവ്വകലാശാലയ്ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും ഈടാക്കുവാനും നിർദ്ദേശിക്കുകയുണ്ടായി. കൂടാതെ സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറുടെ ഓഫീസിൽ നിന്നും ജിഎസ്-5-2180/2014 കത്ത് പ്രകാരം ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടിൽ ഉടൻ നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക ബാദ്ധ്യത വരുത്തിയ ഈ അനധികൃത പ്രമോഷനുകൾ റദ്ദു ചെയ്യുവാനോ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുവാനോ സർക്കാരിന്റെ വിവിധ വകുപ്പുകളും, ചാൻസലറും നിരന്തരം ആവശ്യപ്പെട്ടിട്ടും സർവ്വകലാശാല അധികാരികൾ തയ്യാറായില്ല. ഇതിനിടയിൽ 10-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവ് പുറത്തിറക്കിയ സർക്കാർ 9-ാം ശമ്പളപരിഷ്‌ക്കരണ ഉത്തരവിന് വിരുദ്ധമായി സർവ്വകലാശാലയിൽ നൽകിയ തസ്തികകളും ശമ്പള വർദ്ധനവും ഒഴിവാക്കുകയുണ്ടായി. ഈ ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് രജിസ്ട്രാറുടെ എതിർപ്പിനെ മറികടന്ന് ജനുവരി 25 ന് കൂടിയ സർവ്വകലാശാല സിൻഡിക്കേറ്റ് നടപ്പിലാക്കുവാൻ തീരുമാനിക്കുകയായിരുന്നു. പരിഷ്‌ക്കരിച്ച ശമ്പളം നൽകുന്നതിന് മുമ്പായി തങ്ങൾക്ക് വേണ്ടപ്പെട്ട ലൈബ്രറി ജീവനക്കാരിൽ ചിലരുടെ അനർഹമായ പ്രമോഷനുകൾ സംരക്ഷിക്കാൻ ഫെബ്രുവരി മാസത്തെ ശമ്പളം പുതുക്കിയ നിരക്കിൽ നൽകുന്നത് വൈകിപ്പിക്കുന്നതിന് അധികാരി തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

2011 ലേയും 16 ലേയും ശമ്പളപരിഷ്‌ക്കരണ ഉത്തരവിൽ കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളിലേയും, തസ്തികകളും, വേതനവും ഏകീകരിക്കണമെന്ന് നിഷ്‌ക്കർഷിച്ചിരുന്നു. ഇതിന് വിരുദ്ധമായുണ്ടായിരുന്ന തസ്തികകളും, വേതനവുമാണ് ഈ ഉത്തരവിലൂടെ തിരുത്തപ്പെട്ടത്. സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടാക്കിയ അനധികൃത പ്രമോഷനെതിരെ നിലവിൽ വിജിലൻസ് വിഭാഗത്തിൽ പരാതിയുണ്ട്. ഇപ്പോഴത്തെ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും വിജിലൻസ് കോടതിയെ സമീപിക്കാനും ചില സംഘടനകൾ തീരുമാനിച്ചതായി അറിയുന്നു. സർവ്വകലാശാലയിൽ പരിശോധന നടത്തിവരുന്ന ഓഡിറ്റ് ജനറൽ ടീമും, ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും വിഷയത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് വിശ്വാസത്തിലാണ് ജീവനക്കാരിൽ ഭൂരിപക്ഷവും.