കൊച്ചി: രണ്ടാം പിണറായി സർക്കാർ സ്വപ്‌ന പദ്ധതിയെന്ന് അവകാശപ്പെട്ടു രംഗത്തുവന്ന കെ റെയിൽ പദ്ധതി അകാല ചരമത്തിലേക്ക്. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് വീണ്ടും വ്യക്തമായതോടെ ഈ പദ്ധതിയിൽ നിന്നും യുടേൺ അടിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കേരളം കടത്തിൽ മുങ്ങി നിൽക്കുന്ന അവസ്ഥയിൽ ഈ പദ്ധതിയുമായി ഇനിയൊരു മുന്നോട്ടു പോക്കും സാധ്യമല്ലാത്ത അവസ്ഥയിലാണ്. ഇന്നലെ ഹൈക്കോടതിയിൽ കേസെത്തിയ വേളയിലാണ് കെ റെയിൽ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചത്.

കേരളം നടത്തുന്ന സാമൂഹ്യാഘാത പഠനത്തിന് പ്രത്യേക അനുമതി നൽകിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിക്ക് ഒരു അനുമതിയും നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

കെ- റെയിൽ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ അപക്വമെന്നാണ് റെയിൽവേ ബോർഡ് അഭിപ്രായപ്പെടുന്നത്. സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹ്യാഘാത പഠനത്തിനും സർവേയ്ക്കും കേന്ദ്രത്തിന്റെയോ റെയിൽവേയുടേയോ യാതൊരു അനുമതിയുമില്ലെന്നാണ് വ്യക്തമാക്കുന്നത്. സർവേ നടത്താൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിന് കൂടിയാണെന്ന് പറഞ്ഞു വെച്ചതോടെ ഇതുവരെ ചെലവാക്കിയ തുകയുടെ കാര്യത്തിലും ആശങ്കയായിട്ടുണട്.

നടക്കുന്ന ഒരു പ്രവർത്തനത്തിലും കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. കെ-റെയിൽ എന്ന കമ്പനിയുടെ ഉത്തരവാദിത്തത്തിലാണ് ഇതുവരെയുള്ള കാര്യങ്ങൾ നടന്നതെന്നും വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം. സാമൂഹ്യാഘാത പഠനത്തിനെതിരെ സമർപ്പിച്ച ഹർജികൾ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആവർത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് കെ-റെയിൽ കുറ്റി സ്ഥാപിക്കലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നപ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ തൃക്കാക്കരിയിൽ തോൽവിക്ക് ശേഷം കേന്ദ്രം അനുവദിച്ചാൽ മാത്രമേ പദ്ധതി നടപ്പിലാകൂ എന്ന് നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. കെ - റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ലെന്നും കോടതിയിൽ വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുള്ള ഹർജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്. സിൽവർ ലൈനിന് വേണ്ടി സാമൂഹികാഘാത പഠനം നടത്തുന്നതിനായി സർവേ നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ സർവേ തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കെ റെയിൽ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ ഡിപിആറിൽ മതിയായ വിശദാംശങ്ങളില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞു. കെ റെയിലിനോട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

കെ റെയിൽ പദ്ധതിക്കുള്ള അനുമതി എന്തായാലും നീളും എന്നുള്ള സൂചനകളാണ് കേന്ദ്രം ഇപ്പോൾ പാർലമെന്റിൽ നൽകുന്നത്. ഒരു ചോദ്യത്തിന് മറുപടിയായാണ് രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തോട് പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്ന് ഈ രേഖയിൽ പറയുന്നുണ്ട്. കേരളം നൽകിയ ഡിപിആറിൽ കെ റെയിൽ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ച് മതിയായ വിശദാംശങ്ങളില്ല. അലൈന്മെന്റ് സ്ലാംഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, ഇവയിലുള്ള റെയിൽവേ ക്രോസിംഗുകളുടെ വിവരങ്ങൾതുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ അറിയിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. കെ റെയിൽ ആവശ്യമായ വിവരങ്ങൾ നൽകിയിട്ടില്ല എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇക്കാര്യങ്ങളിൽ വിശദാംശങ്ങൾ കിട്ടിയ ശേഷം കൂടുതൽ സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ട്. മണ്ണിന്റെ അവസ്ഥ, ഡ്രെയിനേജ്, പരിസ്ഥിതി പ്രശ്‌നങ്ങൾ , കടബാധ്യതകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആലോചന നടത്തേണ്ടതുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പരാതികൾ ഉയരുന്നുണ്ടെന്നും കേന്ദ്രം പറയുന്നു. ആയിരക്കണക്കിന് ഹെക്ടർ കൃഷിയോഗ്യമായ ഭൂമി, ഇരുപതിനായിരം വീടുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ പദ്ധതിയുടെ പേരിൽ നശിപ്പിക്കും എന്നതാണ് പ്രധാന പരാതിയായി എത്തിയിട്ടുള്ളത്. നിർദ്ദിഷ്ട അലൈന്മെന്റ് നിരവധി മതപരമായ സ്ഥാപനങ്ങളും തകർക്കുമെന്നും പരാതി കിട്ടിയിട്ടുണ്ട് എന്നും കേന്ദ്രം വ്യക്തമാക്കുന്നു.