കണ്ണൂർ: പൊട്ടാസ്യം ക്ലോറൈറ്റിന്റെ തീവ്രത അറിയാൻ നാം ഉപയോഗിക്കുന്ന തീപ്പെട്ടിയെ പരീക്ഷിക്കാം. ഒരു തീപ്പെട്ടി മുഴുവനായും എടുത്ത് പെട്ടി തുറന്ന് മരുന്നുള്ള ഭാഗം അരമണിക്കൂർ വെയിലത്ത് വെക്കുക. മുഖവും ശരീരവും രണ്ടടി ദൂരത്ത് വരത്തക്കവണ്ണം നിലകൊണ്ട ശേഷം മറ്റൊരു തീപ്പെട്ടിയെടുത്തുകൊള്ളി കത്തിച്ച് ചൂടായ തീപ്പെട്ടിയുടെ മരുന്നിൽ ഇടുക. അവ ശബ്ദത്തോടുകൂടി ആളിക്കത്തും. ശ്രദ്ധയോടെ വേണം ഈ പരീക്ഷണം നടത്താൻ, ഇല്ലെങ്കിൽ നമ്മുടെ മുഖം പൊള്ളിയെന്നു വരും.

കേവലം അഞ്ചു ഗ്രാമിൽ താഴെയാണ് ഒരു തീപ്പെട്ടിയിലെ പൊട്ടാസ്യം ക്ലോറ്റൈറ്റിന്റെ അളവ്. തീപ്പെട്ടിയിലെ ആയിരം ഇരട്ടിയിലേറെ വരും ഒരു ഗുണ്ടിലെ മരുന്ന്. എത്ര വലുപ്പത്തിൽ ഗുണ്ട് നിർമ്മിക്കുന്നുവോ അത്രയും പ്രഹരശേഷി അത് പൊട്ടുമ്പോൾ സംഭവിക്കും. പറവൂർ വെടിക്കട്ട് അപകടത്തിൽ പൊട്ടിയത് എത്ര ഗുണ്ടുകളെന്ന് ഇതിലൂടെ അനുമാനിക്കാം.

രാജ്യത്തെ പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമാണ് തമിഴ്‌നാട്ടിലെ വിരുദ് നഗർ ജില്ലയിലെ ശിവകാശി. നിർമ്മാണം മുതൽ ഉപയോഗിക്കുന്നതു വരെ അവിടെ ചില ചട്ടങ്ങളുണ്ട്. അത് അവർ കേരളത്തിലെ പടക്കവ്യാപാരികൾക്കും നിർദേശങ്ങളിലൂടെ അറിയിക്കാറുണ്ട്. ഈ നിർദ്ദേശം രാജ്യത്തെ പടക്കനിർമ്മാണശാലകൾ ഏറെക്കുറെ അംഗീകരിച്ചിട്ടുമുണ്ട്. കൊൽക്കത്തയിലെ ദാസ് ഗുപ്ത പടക്ക നിർമ്മാണ ഫാക്ടറി സന്ദർശിച്ച ശിവകാശിയിലെ പടക്ക നിർമ്മാതാക്കളാണ് പഠിച്ചു തയ്യാറാക്കിയ ഈ ചട്ടങ്ങൾ രൂപപ്പെടുത്തിയത്. സർക്കാരിനുമുമ്പിലും അവർ ഈ നിർദ്ദേശം 15 വർഷം മുമ്പ് തന്നെ അറിയിച്ചിരുന്നു. അപകടങ്ങളുടെ തീവ്രത ഏറെ അനുഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് അവർ ഇത്തരമൊരു സുരക്ഷാരീതി പിൻതുടരുന്നത്.

ഓക്‌സീകരണസഹായികളായ ബേരിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് എന്നിവ രാസവസ്തുശാലയിൽ തന്നെ സൂക്ഷിക്കണം. എന്നാൽ പെർക്ലോറൈഡ് ഇന്ധനങ്ങളായ അലൂമിനിയം, മെഗ്‌നീഷ്യം, സൾഫർ, അലോയ്, കാർബൺ, ഇവയെല്ലാം പ്രത്യേക മുറിയിൽ സൂക്ഷിക്കണം. മിശ്രിത രാസവസ്തുക്കളൊന്നും തന്നെ ഈ മുറിയിൽ വെക്കാൻ പാടുള്ളതല്ല. മിശ്രണശാല മറ്റു മുറികളിൽ നിന്നും 18 മീറ്റർ ദൂരത്തിലും മറ്റുള്ളവയിൽ നിന്ന് വേർതിരിക്കുന്നതും നാലുഭാഗത്തും ഭിത്തികളുമുള്ളതായിരിക്കണം. ഓരോ മിശ്രണശാലയിലും രണ്ടു തൊഴിലാളികൾ മാത്രമേ പാടുള്ളൂ.

നിർമ്മാണ ഘട്ടത്തിൽ തന്നെ തൊഴിലാളികളെ രാസവസ്തുശാല , മിശ്രണശാല , മരുന്ന് നിറക്കുന്ന സ്ഥലം, തിരി നിറക്കുന്ന മുറി, തിരി പൊതിയുന്നശാല, പടക്കങ്ങൾ സൂക്ഷിക്കുന്നശാല, എന്നിവ പ്രത്യേകം പ്രത്യേകം നിലകൊള്ളണം. ഓരോ മുറിക്കും 2000 ലിറ്റർ വീതമുള്ള പ്രത്യേകം ജലസംഭരണികൾ വേണം. അഗ്‌നി ശമിപ്പിക്കാനുള്ള സംവിധാനം വേറേയും. നിർമ്മിച്ച പടക്കങ്ങൾ സൂക്ഷിക്കാനുള്ള മുറിക്ക് പുറമേ നാലുഭാഗത്തും മതിലുകൾ വേണം. മറ്റ് മുറികളിൽ നിന്നും 45 മീറ്റർ ദൂരം വേണം ഈ മുറിക്ക്. തൊഴിലാളികൾക്ക് പരുത്തി വസ്ത്രം, റബ്ബർ പാദരക്ഷ, എന്നിവയാണ് ഉപയോഗിക്കാൻ പാടുള്ളത്. ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ, തീപ്പെട്ടി, മണ്ണെണ്ണ, സിഗരറ്റ് ഇവയെല്ലാം തൊഴിൽ ശാലകളിൽ ഒഴിവാക്കണം.

പടക്കങ്ങൾ പ്രദർശിപ്പിക്കുന്നത് വിദ്യാലയം, ആശുപത്രി, വിമാനത്താവളം, പെട്രോൾ സംഭരണികൾ എന്നിവയിൽ നിന്നും ദൂരത്തിലായിരിക്കണം. 200 മീറ്റർ അകലം വേണം എന്നാണ് നിബന്ധന. പടക്കം പ്രയോഗിക്കുന്നതിന് മുൻകരുതലുകൾ അവർ നിർദേശിക്കുന്നു. തടികൊണ്ടുള്ള ഒരു പെട്ടിയിൽ പടക്ക വസ്തുക്കൾ വെക്കണം. ഒരു കുഴിയുണ്ടാക്കി തടിപ്പെട്ടി 75% എങ്കിലും താഴ്‌ത്തി വെക്കണം. അല്ലാത്ത പക്ഷം തടിപ്പെട്ടിയെച്ചുറ്റി 75% ഉയരത്തിൽ മണൽ ചാക്കുകൾ നിറച്ച് വെക്കണം.

ഒരേ സമയം രണ്ട് പടക്കങ്ങൾ കത്തിക്കാൻ പാടില്ല. നീളമുള്ള തിരികൾ ആദ്യം കത്തിക്കണം. കത്തിക്കാനുപയോഗിക്കുന്ന വസ്തുവും നീളമുള്ളതായിരിക്കണം. ഒരു കാരണവശാലും പടക്കം കത്തിക്കാൻ തീപ്പെട്ടി ഉപയോഗിക്കാൻ പാടില്ല.... ഇത്തരം നൂറോളം നിർദേശങ്ങൾ പടക്കനിർമ്മാണ തൊഴിലാളികളുടേയും പടക്ക വിൽപ്പനക്കാരുടേയും വെടിക്കെട്ട് പ്രയോഗം നടത്തുന്നവരുടേയും സുരക്ഷക്കായി ശിവകാശിയിലെ പടക്ക നിർമ്മാതാക്കളുടെ സംഘടന നിർദേശിക്കുന്നുണ്ട്. അതിവിടെ ആരും ശ്രദ്ധിക്കുന്നില്ലെന്നുമാത്രം.