കോതമംഗലം: അടിമാലി കൂമ്പൻപാറയിൽ ഇടവഴിയിൽ വച്ച് വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരനെതിരെയുള്ള പൊലീസ് കേസ് ദുർബലമെന്ന് ആരോപണം ശക്തം. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്യേണ്ട സംഭവത്തിൽ ഇപ്പോൾ പ്രതിക്ക് എളുപ്പത്തിൽ കേസിൽ നിന്നൂരാൻ കഴിയുന്ന ദുർബല വകുപ്പുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും ഭരണ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ഇടപെടലാണ് ഇതിനുകാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

കെ.എസ്.ആർ.ടി.സി മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ അടിമാലി കൂമ്പൻപാറ ഓടക്കാസിറ്റി സ്വദേശി കാവളാംകുഴിയിൽ ആന്റണി(44)യേയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് സ്‌കൂൾ വിട്ടു വന്ന ഒൻപതാം ക്ലാസുകാരിയിയെ ഇയാൾ ഓടയ്ക്കാസിറ്റിയിൽ വച്ച് കയറി പിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠിയെ വിരട്ടി ഓടിച്ച ശേഷമാണ് മദ്യലഹരിയിലായിരുന്ന ആന്റണി പെൺകുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ചത്. കുതറി ഓടാൻ ശ്രമിച്ച പെൺകുട്ടിയെ അൽപദൂരം ഇയാൾ നിലത്തുകൂടെ വലിച്ചിഴച്ചക്കുകയും ചെയ്തു.

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുമെന്ന ഘട്ടത്തിൽ ഇയാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കാഭ്രാന്ത് മൂത്ത് ഇയാൾ ഇതിനു മുൻപ് തിരുവനന്തപുരം തമ്പാനൂരിൽ സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾക്ക് ഉടൻ ജാമ്യം അനുവദിക്കുകയും ചെയ്തു. ഐ പി സി 354 വകപ്പുപ്രകാരം കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസ്ചാർജ്ജ് ചെയ്തിട്ടുള്ളത്.

സ്ത്രീകൾക്ക് മാനഹാനി വരുത്തുവിധം പെരുമാറി എന്നതാണ് ഈ വകുപ്പ് പ്രകാരം പ്രതിക്ക് മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം.ഇതുപ്രകാരം പരമാവധി രണ്ടുവർഷം തടവ് ശിക്ഷയേ ലഭിക്കാനിടയുള്ളു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതികൃമങ്ങൾ സംബന്ധിച്ച കേസുകളിൽ ഉൾപ്പെടുത്താറുള്ള പോക്‌സോ ആക്ട് -2012 (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ സെക്വഷൽ ഒഫൻസ്) ഈ കേസിൽ ഉൾക്കൊള്ളിക്കാൻ മതിയായ മൊഴിയുണ്ടായിരുന്നിട്ടും പൊലീസ് ഇതിന് തയ്യാറാവത്തത് ബാഹ്യസമ്മർദ്ധൾക്ക് വഴങ്ങിയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഈ വകുപ്പ് ഉൾക്കൊള്ളിച്ച് കേസെടുത്താൽ പ്രതിക്ക് ജാമ്യം കിട്ടില്ലന്നുമാത്രമല്ല അഞ്ചുവർഷം മുതൽ ഏഴുവർഷം വരെ ശക്ഷ ലഭിക്കുകയും ചെയ്യും. ശിക്ഷയിൽ നിന്ന് ഒഴിവാകുന്നതിനും ആന്റിണിക്ക് ജാമ്യം ലഭിക്കുന്നതിനുവേണ്ടി ഈ കേസിൽ പൊലീസ് മനപ്പൂർവ്വം പോസ്‌കോ ആക്ട് ഉൾപ്പെടുത്താതിരുന്നതെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പോക്‌സോ ആക്ട് ഉൾക്കൊള്ളിക്കുന്ന കേസുകൾ കോടതികളിൽ പരിഗണിക്കപ്പെടുന്നതിന് കാലതാസം ഉണ്ടായേക്കാമെന്ന തിരിച്ചറിവിലാണ് പൊലീസ് ആന്റിണിക്കുവേണ്ടി ഈ കടുംകൈക്ക് തയ്യാറായതെന്നും ചൂണ്ടികാണിക്കപ്പെടുന്നു. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ പോക്‌സോ ആക്ട് ഉൾപ്പെടുത്തി ചാർജ്ജ് ചെയ്ത കേസിലെ പ്രതി അനീഷീന് കഴിഞ്ഞ 45 ദിവസമായിട്ടും ജാമ്യം ലഭിച്ചിട്ടില്ല.

സംസ്ഥാനത്തെ പൊതുനിരത്തുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലന്നതിന്റെ നേർസാക്ഷ്യമാണ് ഈ സംഭവമെന്നും ഇത്തരം കേസുകളിൽ കർശന ശിക്ഷാനടപടികളുണ്ടാവാത്തതാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണമെന്നുമാണ് പരക്കെയുള്ള വിലയിരുത്തൽ.