തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുണ്ടു മുറുക്കി ഉടുക്കുകയാണ് പിണറയി സർക്കാർ എന്നാണ് അവകാശവാദം. അതുകൊണ്ട് തന്നെ പല പദ്ധതികൾക്കും പരിപാടികൾക്കും വേണ്ടത്ര പണം ലഭിക്കുന്നില്ല. എന്നാൽ, ഇതിന്റെ മറവിൽ ഇഷ്ടക്കാരെ ജോലിയിൽ തിരുകി കയറ്റി ശമ്പളം കൊടുക്കുന്ന കാര്യത്തിലും മറ്റു യാതൊരു നിയന്ത്രണവും സർക്കാറിനില്ല. കൂടാതെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള നിയമയുദ്ധം നടത്താൻ ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ എത്തിച്ചും ധൂർത്തു നടത്തുന്നുണ്ട് സർക്കാർ. എന്നാൽ, സാമൂഹ്യ നീതിക്കായി നില കൊള്ളുന്നു എന്നു പറയുന്ന സർക്കാറിന് ഒരു സാധുവിനെ തല്ലിക്കൊന്ന കേസ് നടത്താൻ പണത്തിന്റെ പേരിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന നിലപാട് കൈക്കൊണ്ടിരിക്കയാണ്.

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദനമേറ്റു കൊല്ലപ്പെട്ട കേസിലാണ് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കിയത്. കൂടുതൽ ഫീസ് നൽകാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. കൊല്ലപ്പെട്ട മധുവിന്റെ സഹോദരിക്ക് പൊലീസിൽ സർക്കാർ നിയമനം നൽകിയിരുന്നു. എന്നാൽ, കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കേസിലെ വിചാരണയുടെ കാര്യത്തിലാണ് കാശിന്റെ പേരു പറഞ്ഞ് സർക്കാറിന്റെ അലംഭാവം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുരുക്കാൻ വേണ്ടി സോളർ ഉൾപ്പെടെ വിവിധ കേസുകൾ ഹൈക്കോടതിയിൽ വാദിക്കാൻ സുപ്രീം കോടതിയിൽ നിന്നു വരെ അഭിഭാഷകരെ ഉയർന്ന ഫീസ് നൽകി കൊണ്ടുവരുമ്പോഴാണു ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രത്യേക അഭിഭാഷകനെ ഒഴിവാക്കാനുള്ള തീരുമാനം എന്നതും ശ്രദ്ധേയമാണ്. ഈ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ 5 കേസുകളിൽ വാദിക്കാൻ മാത്രം സുപ്രീം കോടതിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിനു ഫീസ് ഇനത്തിൽ 2.59 കോടി ചെലവിട്ടതായി വിവരാകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് സാഹചര്യം എന്നിരിക്കെയാണ് ആദിവാസി യുവാവിന്റെ കൊലപാതക കേസിൽ സർക്കാർ അലംഭാവം കാണിക്കുന്നത്.

മധുവിന്റെ കേസിൽ സർക്കാരിനു വേണ്ടി മണ്ണാർക്കാട് എസ്സി/എസ്ടി സ്‌പെഷൽ കോടതിയിലെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാകും ഹാജരാകുക. ഈ കോടതിയിലെ വിവിധ കേസുകളിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്നയാളാണ് ഇദ്ദേഹമെന്നതിനാൽ മധു കേസിലെ വിചാരണയ്ക്കു പ്രത്യേക ശ്രദ്ധ ലഭിക്കില്ലെന്ന കാര്യവും ഇതോടെ ഉറപ്പായി. നിരവധി പേർ പ്രതികളായ കേസിൽ കുടുംബത്തിന് നീതി കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്. മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ദേശീയശ്രദ്ധ നേടിയതോടെയാണ് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പട്ടികജാതി വർഗ, നിയമവകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ചതും പിന്നീടു മന്ത്രിസഭ തീരുമാനമെടുത്തതും. ആദിവാസി സംഘടനകൾ ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

നിയമം വ്യവസ്ഥ ചെയ്യുന്നതു പ്രകാരമുള്ള ഫീസ് മുൻപു നിയമിച്ച അഭിഭാഷകൻ അംഗീകരിക്കാത്തതു കൊണ്ടാണു റദ്ദാക്കുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ, സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയാണു ചെയ്തതെന്നും ഫീസ് എത്രയാണെന്നു വ്യക്തമാക്കിയിരുന്നില്ലെന്നും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി.ഗോപിനാഥ് പറയുന്നു. താൻ പാലക്കാട്ടു താമസിക്കുന്നയാളായതിനാൽ കേസിന്റെ ആവശ്യത്തിനു മണ്ണാർക്കാട്ട് ഓഫിസ് വേണമെന്നു രേഖാമൂലം അഭ്യർത്ഥിച്ചിരുന്നു. നിയമനം റദ്ദാക്കിയെന്ന ഉത്തരവാണു പിന്നീടു ലഭിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മുൻപും പല കേസുകളിലും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്തിട്ടുള്ളയാളാണ് ഇദ്ദേഹം.

കഴിഞ്ഞ ഫെബ്രുവരി 22ന് ആണു മധു കൊല്ലപ്പെട്ടത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 16 പ്രതികൾക്കും പിന്നീടു ജാമ്യം ലഭിച്ചിരുന്നു. വിചാരണ മണ്ണാർക്കാട് കോടതിയിൽ ഉടൻ ആരംഭിക്കുമെന്നാണു സൂചന. അതേസമയം പുറമേ നിന്നും ലക്ഷങ്ങൾ മുടക്കി രാഷ്ട്രീയ താൽപ്പര്യമുള്ള കേസുകളിൽ അഭിഭാഷകരെ ഹൈക്കോടതിയിൽ എത്തിച്ചും മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശി കൊണ്ട് സുപ്രിംകോടതിയിൽ പോയി തിരിച്ചടി നേരിട്ട സംഭവങ്ങളും നിരവധിയുണ്ട്. സെൻകുമാർ കേസിലും, സ്വകാര്യ മെഡിക്കൽ മാനേജ്്‌മെന്റ് കേസിലും സംസ്ഥാന സർക്കാർ ്‌സ്വയം വടി കൊടുത്ത് അടി വാങ്ങുകയാണ് ഉണ്ടായത്. ഈ കേസുകളിലെ തോൽവിയെ തുടർന്ന് മുഖ്യമന്ത്രി സ്വന്തം പോക്കറ്റിൽ നിന്നും വക്കീൽ ഫീസ് നൽകണമെന്ന ആവശ്യവും ഉയർന്നിരുന്നു. സാലറി ചലഞ്ച് കേസിലും സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകനെ നിർത്തി വാദിച്ചപ്പോഴും സർക്കാറിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

നേരത്തെ സോളാർ കേസിൽ സർക്കാരിനു വേണ്ടി ഹാജരാകാൻ ഡൽഹിയിൽ നിന്നും പറന്നെത്തിയത് സുപ്രീംകോടതി അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ രഞ്ജിത്കുമാരായിരുന്നു. ഇദ്ദേഹത്തിന്റെ ഒരൊറ്റ ദിവസത്തെ സിറ്റിങ് ഫീസ് 20 ലക്ഷം രൂപയാണ്. വിമാനടിക്കറ്റും താമസ ചിലവും വേറെ.ഇത് വരെ നാല് ദിവസം രഞ്ജിത് കുമാർ കോടതിയിൽ ഹാജരായി. അതായത് ഹൈക്കോടതിയിലെ മുഴുവൻ സർക്കാർ അഭിഭാഷകരുടെയും ശരാശരി ശമ്പളത്തിന് തുല്യമായത് ഒരൊറ്റ കേസിൽ ഒരു അഭിഭാഷകന് വേണ്ടി സർക്കാർ ചെലവിട്ടത്.

രഞ്ജിത് കുമാർ മാത്രമല്ല, ഹാരിസൺ കേസിൽ ജയ്ദീപ് ഗുപ്ത. ലോട്ടറി കേസിൽ പല്ലവ് സിസോദിയ. രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐക്ക് വിടണമെന്ന ഹർജിയിൽ, അഡ്വ. ഹരൺ പി റാവൽ. ഏറ്റവും ഒടുവിൽ, ഷുഹൈബ് കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് തടയിടാനും സർക്കാർ ആശ്രയച്ചത് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അമരേന്ദ്ര ശരണിനെ ആയിരുന്നു. ഇവരുടെയെല്ലാം ഒരു ദിവസത്തെ സിറ്റിങ് ഫീസ്10 മുതൽ 25 ലക്ഷം വരെ. 140 സർക്കാർ അഭിഭാഷകർക്ക് ശമ്പളം കൊടുക്കുമ്പോഴാണ് വൻതുക നൽകി പുറത്ത് നിന്നുള്ള ഇറക്കുമതി. ഇതിന് പുറമെ നിയമോപദേശങ്ങൾക്കായി ഒഴുക്കുന്ന ലക്ഷങ്ങൾ വേറെയും. കോടതിവഴി ചോരുന്നത് കോടികളാണ്. ഇതിനെടൊണ് സാധുവായ മധുവിന്റെ കേസിൽ സർക്കാറി മറിച്ചു ചിന്തിച്ചത്.

സർക്കാറിന്റെ കേസുകൾ വാദിക്കാനായി എ.ജി അടക്കം ഹൈക്കോടതിയിലുള്ളത് 140 നിയമജ്ഞരാണ്. എല്ലാവർക്കുമായുള്ള ശമ്പള ഇനത്തിലെ ഒരുമാസത്തെ ചെലവ് ഒരുകോടി രൂപ വരും. എന്നാൽ സുപ്രധാന കേസുകൾ വാദിക്കാൻ സർക്കാർ ഡൽഹിയിൽ നിന്നും ഇറക്കുന്നത് സിറ്റിംഗിന് ലക്ഷങ്ങൾ ഫീസുള്ള അഭിഭാഷകരെ. ഹൈക്കോടതിയിലേക്ക് ഖജനാവിൽ നിന്നും ഈ വഴിക്ക് ചോരുന്നത് വൻതുകയാണ്. അഡ്വക്കേറ്റ് ജനറൽ, ഡി.ജി.പി., അഡീഷണൽ എ.ജി, രണ്ട് ഡി.ജി.പിമാർ. ഒരു സ്റ്റേറ്റ് അറ്റോർണി എന്നിങ്ങനെ സംസ്ഥാന സർക്കാരിനായി ഹാജരാകുന്ന മുൻ ബെഞ്ചുകാരുടെ ശമ്പളം ശരാശരി മൂന്ന് ലക്ഷം വീതമാണ്.

ഇതിന് പുറമെ ഗവൺമെന്റ് പ്ലീഡർമാരും സീനിയർ ഗവൺമെന്റ് പ്ലീഡർമാരുമായി 112 പേരുണ്ട്. 22 സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരും മറ്റ് 22 അഭിഭാഷകരും വേറെ. എല്ലാവർക്കും 60,000 മുതൽ 90,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ശരാശരി ഒരുമാസത്തെ ശമ്പളം 1,01, 27,000 രൂപ. ഔദ്യോഗിക വാഹനമടക്കം ആനുകൂല്യങ്ങൾ വേറെയുമുണ്ട്. ഇതിലൊന്നും ഒരു കുഴപ്പവുമില്ല. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാൻ നിയമിതരായ അഭിഭാഷകരാണിവർ. എന്നിട്ടും സ്വകാര്യ അഭിഭാഷകരെ വരുത്തുന്നതിൽ സർക്കാർ വിമർശനം കേൾക്കേണ്ടി വന്നിരുന്നു.