ന്യൂഡൽഹി: ഭരണഘടനയിലെ മൂന്നാം പട്ടികയിൽ പ്രധാനമന്ത്രിക്കൊ, മുഖ്യമന്ത്രിക്കോ പ്രത്യേകമായി സത്യവാചകങ്ങളില്ല. കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങൾക്കുള്ള സത്യവാചകം തന്നെയാണ് പ്രധാനമന്ത്രിക്കും നിർദേശിച്ചിട്ടുള്ളത്. എന്നാൽ മന്ത്രി എന്നതിനു മുൻപ് 'പ്രധാന' എന്നുകൂടി ചേർത്ത് ചൊല്ലുകയാണു പതിവ്.

അതേ സമയം പ്രധാനമന്ത്രി, മുഖ്യമന്ത്രി പദങ്ങളേൽക്കുന്നവർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സത്യവാചകത്തിൽ കൂട്ടിച്ചേർക്കൽ നടത്തുന്നതിനെ കോടതികൾ ശരിവച്ചിട്ടുമുണ്ട്.

സത്യപ്രതിജ്ഞയിൽ പിണറായി വിജയൻ 'മുഖ്യമന്ത്രി' എന്ന പദപ്രയോഗം ചേർത്തുചൊല്ലിയത് സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങൾ വന്ന പശ്ചാത്തലത്തിലാണ് കാലങ്ങളായി തുടരുന്ന രീതി വീണ്ടും പരാമർശിക്കപ്പെടുന്നത്.

സംസ്ഥാന മന്ത്രിമാർക്കുള്ള സത്യവാചകങ്ങളിൽ 'മുഖ്യ' എന്നു ചേർത്തുചൊല്ലിയാണ് ബംഗാളിൽ മമത ബാനർജിയും തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിനും അസമിൽ ഹിമന്ത ബിശ്വ ശർമയും കഴിഞ്ഞയാഴ്ചകളിൽ അധികാരമേറ്റത്. എന്നാൽ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിയുടെ പ്രതിജ്ഞ 'മന്ത്രി' എന്നു തന്നെയായിരുന്നു.

രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ബാധകമാകുന്ന സത്യപ്രതിജ്ഞ ഭരണഘടനയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗമായിത്തന്നെ ചേർത്തിട്ടുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും ചൊല്ലുന്ന സത്യവാചകങ്ങളുടെ പ്രശ്‌നം സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പരിശോധിച്ചിട്ടുള്ളതാണ്.

ദേവി ലാൽ ഉപപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഉപപ്രധാനമന്ത്രി എന്നു സത്യവാചകത്തിൽ പറഞ്ഞത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.

പ്രധാനമന്ത്രിയെന്നു സത്യവാചകത്തിൽ പരാമർശിക്കാത്തപ്പോഴും, പ്രധാനമന്ത്രി എന്നു പറഞ്ഞു പ്രതിജ്ഞയെടുക്കുകയെന്നതാണ് 1950 കൾ മുതലുള്ള രീതിയെന്ന് ദേവി ലാലിനെതിരായ ഹർജി തള്ളി 1990 നവംബറിലെ വിധിയിൽ സുപ്രീം കോടതി പറഞ്ഞു.

ഉപപ്രധാനമന്ത്രി എന്നു പറഞ്ഞ് പ്രതിജ്ഞയെടുത്തതുകൊണ്ട് ദേവിലാലിന് പ്രത്യേക അധികാരം ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

സത്യപ്രതിജ്ഞയെ രണ്ടായി വിഭജിച്ചു പരിഗണിക്കണമെന്നാണ് ദേവിലാൽ കേസിലെ വിധിയിലുൾപ്പെടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത് വ്യക്തിയെ അല്ലെങ്കിൽ പദവി പരാമർശിക്കുന്ന ഭാഗവും (ഡിസ്‌ക്രിപ്റ്റിവ്), കാതലായ ഭാഗവും. ഭരണഘടനയോടും വിശ്വസ്തതയും കൂറും പുലർത്തുമെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നുമുള്ളതാണ് കാതലായ ഭാഗം. ഇതിൽ, കാതലായ ഭാഗത്തിൽ കൂട്ടിച്ചേർക്കലുകൾ അനുവദനീയമല്ല.

ഈ വിധിയുടെ ചുവടുപിടിച്ച് 2005 ൽ നിർദേഷ് കുമാർ ദീക്ഷിത് കേസിൽ അലഹാബാദ് ഹൈക്കോടതി നൽകിയ വിധിയിൽ, പ്രധാനമന്ത്രിയെപ്പോലെ, മുഖ്യമന്ത്രിമാരായി അധികാരമേൽക്കുന്നവർ മുഖ്യമന്ത്രിയെന്നു പ്രതിജ്ഞയിൽ ചേർക്കുന്നതിൽ പിഴവില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകമായി സത്യപ്രതിജ്ഞ നിർദേശിക്കാത്തപ്പോഴും, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികൾ ഭരണഘടനയിൽ പ്രത്യേകമായി പരാമർശിക്കുന്നുണ്ടെന്നതും കോടതി എടുത്തുപറഞ്ഞു.