- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊമ്പന് നിയമം പുല്ലാണ്; ബസിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും ഘടിപ്പിച്ചിട്ടില്ല; ബസിനുള്ളിലെ സ്മോക്കറും നീക്കം ചെയ്തിട്ടില്ല; കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി; കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്
പത്തനംതിട്ട: വിനോദ സഞ്ചാരികളെ ത്രില്ലടിപ്പിക്കാൻ ബസിന് മുകളിൽ പൂത്തിരി കത്തിച്ച 'കൊമ്പൻ' ബസിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. ബസിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും ഘടിപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ബസിനുള്ളിലെ സ്മോക്കറും നീക്കം ചെയ്തിട്ടില്ല. പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ബസിനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ ആഴ്ച, കൊല്ലം പെരുമൺ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിന്റെ വിനോദയാത്രയ്ക്ക് മുന്നോടിയായി ബസിന് മുകളിൽ പൂത്തിരി കത്തിച്ച ദൃശ്യങ്ങൾ പുറത്തെത്തിയതോടെയാണ് 'കൊമ്പൻ' വിവാദത്തിലായത്. പൂത്തിരിയിൽ നിന്ന് ബസിലേക്ക് പടർന്ന തീ ജീവനക്കാർ അണയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് ആലപ്പുഴയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
വിദ്യാർത്ഥികൾ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. അമ്പലപ്പുഴ വച്ച് ആർടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ കെ.സി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുന്നപ്രയിൽനിന്നും തകഴിയിൽനിന്നുമായി വാഹനങ്ങൾ പിടികൂടിയത്. വിദ്യാർത്ഥികൾ വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക പരിശോധനയിൽ, പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനം ഒരുക്കിയതായി കണ്ടെത്തി. ഇതിന് പിന്നാലെ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. സംഭവത്തിൽ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.. ഇതാദ്യമായല്ല, നിയമലംഘനങ്ങളുടെ പേരിൽ 'കൊമ്പൻ' പിടിയിലാകുന്നത്. ലേസർ, വർണ ലൈറ്റുകളുടെ ഉപയോഗം, അമിതമായ ശബ്ദം എന്നിവയുടെ പേരിൽ മുമ്പും മോട്ടോർ വാഹന വകുപ്പ് 'കൊമ്പന്' പിഴ ചുമത്തിയിരുന്നു.
പല സന്ദർഭങ്ങളിൽ പല കാരണങ്ങൾ കൊണ്ട് കൊമ്പൻ മോട്ടോർ വാഹന വകുപ്പിന്റെ കണ്ണിലെ കരടായിട്ടുണ്ട്. കൊല്ലം പെരുമൺ എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ മൈസൂറിലേക്കു വിനോദയാത്ര പുറപ്പെടുന്നതിനു മുമ്പായി പെരുമണ്ണിൽവച്ചായിരുന്നു പൂത്തിരി കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പത്തനംതിട്ട സ്വദേശി ജയപിള്ളയുടെ ഉടമസ്ഥതയിലുള്ള 'കൊമ്പൻ എന്ന പേരായ ടൂറിസ്റ്റ് ബസുകൾ ഇതോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞു.
ബസിനു മുകളിൽ നിന്ന് അകത്തേക്ക് തീപടരുമെന്ന അവസ്ഥയായിരുന്നു പൂത്തിരി കത്തിച്ചത് എന്നാണു മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടിയുമായി എംവിഡി രംഗത്തെത്തിയത്.
വാഹനത്തിന് മുകളിൽ സ്ഫോടക വസ്തുക്കൾ കത്തിക്കാൻ പാടില്ലെന്നിരിക്കെയാണ് പൂത്തിരി കത്തിച്ച് ആഘോഷം നടത്തിയത്. നിബന്ധനകൾക്ക് വിരുദ്ധമായി വാഹനത്തിന് രൂപമാറ്റവും വരുത്തിയിട്ടുണ്ട്. ഇത് പൂർവസ്ഥിതിയിലാക്കി വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള പത്തനംതിട്ട ആർടിഒയിൽ ഹാജരാക്കണമെന്ന് നോട്ടീസ് നൽകിയിരുന്നു.
2020ൽ ഇതേപോലെ വാഹന നിയമങ്ങൾ മറികടന്ന കുറ്റത്തിന് കൊമ്പന് എതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളും, ബസ് ഡ്രൈവർമാരും അഭ്യാസങ്ങളും സാഹസിക പ്രകടനങ്ങളും കാണിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ ആരംഭിച്ച ഓപ്പറേഷൻ തണ്ടറിന്റെ പരിശോധനയിലാണ് അന്ന് കൊമ്പൻ പിടിയിലായത്.
തിരുവനന്തപുരത്തെ വക്കത്തു നിന്ന് ശബരിമലയിലേക്ക് തീർത്ഥാടകരുമായി പോകാനെത്തിയ ബസാണ് അന്ന് ആർടിഒ പിടികൂടിയത്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാത് തുളയ്ക്കുന്ന സ്പീക്കറുകളും ഘടിപ്പിച്ചിരിക്കുന്നതിനാലാണ് ബസിൽ അധികൃതർ പരിശോധന നടത്തിയത്. അന്ന് ബസിന്റെ ബോഡി നിർമ്മാണം നിയമത്തിന് വിരുദ്ധമായാണെന്നു ആർടിഒ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ കൊമ്പനെ വരവേൽക്കാൻ ഒരുക്കിയ ബൈക്ക് റാലിയും മറ്റും ആ പ്രദേശത്ത് വലിയ ട്രാഫിക്ക് ബ്ലോക്കും സൃഷ്ടിച്ചിരുന്നു.
അതിനും ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് ഓൾ കേരള ഡ്രൈവേർസ് സമ്മേളനത്തിനിടെ അഭ്യാസ പ്രകടനം കാണിക്കുന്നതിനിടെ ആളെ ഇടിച്ചിട്ട കറ്റത്തിനും കൊമ്പൻ പിടിയിലായിരുന്നു. ഇത്തരത്തിൽ നിരവധി നിയമലംഘനങ്ങൾ കൊമ്പൻ ബസിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഓരോതവണയും മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തുകയും ബസ്സുകളെ പിടികൂടി പിഴ ഈടാക്കുകയും ചെയ്തിരുന്നു.
എന്നാൽ വീണ്ടും പഴയതുപോലെ നിയമലംഘനം നടത്തി വാർത്തകളിൽ ഇടം പിടിക്കുന്നതും കൊമ്പന്റെ പതിവായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്നതനുസരിച്ച് ആഘോഷങ്ങൾ നടക്കുമെന്നതിനാൽ ഇന്നത്തെ യുവതലമുറയിലെ ബഹുഭൂരിപക്ഷവും കൊമ്പൻ ബസിനാണ് പ്രാമുഖ്യം നൽകുന്നത്. അതേസമയം ബസ് നടത്തുന്ന പല നിയമലംഘനങ്ങളും അധികാരികളുടെ കണ്ണിൽപ്പെടാതെ പോകുകയാണ് പതിവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ