ഋഷികേശ്: പുണ്യ നഗരങ്ങളിലൊന്നാണ് ഭാരതീയർക്ക് ഋഷികേശ്. എന്നാൽ, ഇംഗ്ലീഷുകാരികളായ മദാമ്മമാർക്ക് ഇത് പ്രണയകുടിരമാണ്. റാഫ്റ്റിങ്ങടക്കമുള്ള സാഹസിക വിനോദസഞ്ചാരത്തിന് പേരുകേട്ട ഋഷികേശിലെത്തുന്ന മദാമ്മമാരിൽപ്പലരും ഇവിടുത്തെ യുവാക്കളെ പ്രണയിച്ച് ഇവിടെത്തന്നെ ജീവിക്കുന്നതാണ് സമീപകാലത്തെ കാഴ്ച.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50-ഓളം മദാമ്മമാരാണ് ഋഷികേശിൽനിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയത്. റാഫ്റ്റിങ്ങിനായി 2008-ൽ ഋഷികേശിലെതത്ിയ ലിസെറ്റ് വാലെയിൻ റാഫ്റ്റിങ് ഇൻസ്ട്രക്ടറായ മുകേഷ് ജോഷിയുമായി ആദ്യദർശനത്തിൽത്തന്നെ അനുരക്തയാവുകയും ഒരുവർഷത്തിനുശേഷം വിവാഹം കഴിക്കുകയും ചെയ്തത് ഒരുദാഹരണം.

റാഫ്റ്റിങ്ങിന് മാത്രമായല്ല, യോഗ പഠിക്കാനായും ധാരാളം വിദേശികൾ ഇവിടെയെത്തുന്നു. അവരിൽപ്പലരും ഋഷികേശിൽനിന്നുതന്നെ അവരുടെ പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്നു. മുനി-കി-രേതി, ലക്ഷ്മൺ ഝൂല, തപോവൻ തുടങ്ങി നഗരത്തിലെ പല കോണുകളിലും വീട്ടമ്മമാരായ മദാമ്മമാരെ നിങ്ങൾക്ക് കണ്ടെത്താനാവും.

തങ്ങളുടെ രാജ്യത്തെ അസ്ഥിരമായ വിവാഹബന്ധങ്ങളിൽ മടുത്താണ് ഇവരിൽപ്പലരും ഇന്ത്യയിലേക്കെത്തുന്നത്. കുടുംബജീവിതത്തിന് മൂല്യം കൽപിക്കുന്ന ഇന്ത്യയിലെ സാമൂഹികാവസ്ഥ ഏറെ മനോഹരമാണെന്ന് അവർ പറയുന്നു. കുടുംബത്തിലൂന്നിയുള്ള ഇന്ത്യൻ സംസ്‌കാരത്തെ മനസ്സിലാക്കുന്ന സഞ്ചാരികൾ, ഋഷികേശിൽനിന്നുതന്നെ വരനെയും കണ്ടെത്തുന്നു.

ചുഴികളും പാറക്കെട്ടുകളും നിറഞ്ഞ ഒഴുക്കിലൂടെ റാഫ്റ്റിങ് നടത്തുന്ന ഇൻസ്ട്രക്ടർമാരും ഓപ്പറേറ്റർമാരുമാണ് പല വിദേശവനിതകളുടെയും മനസ്സ് കീഴടക്കിയത്. വിവാഹിതയാകുന്നതോടെ, ഇന്ത്യൻ രീതികളിലേക്ക് പൂർണമായി മാറാനും ഇവർ തയ്യാറാകുന്നു. സാരിയും ആചാരപ്രകാരമുള്ള ആഭരണങ്ങളും അവർ സ്വീകരിക്കുന്നു.