- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾ ആശുപത്രിയിൽ സ്റ്റോക്കില്ല; കുത്തിവയ്പിന് ഈടാക്കുന്നതു കൊള്ളവില; ഈടാക്കുന്ന തുകയ്ക്ക് ശരിയായ ബില്ലുമില്ല; ഇത് അനാസ്ഥയുടെ എസ്എടി മോഡൽ
തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും നാലു ലക്ഷത്തിലേറെപ്പേർക്ക് സൗജന്യ ചികിത്സ നൽകിയെന്നും കൊട്ടിഘോഷിക്കുന്ന സർക്കാർ, എസ്എടി ആശുപത്രിയുടെ അനാസ്ഥ കാണുന്നില്ലേ. മരുന്ന് സ്റ്റോക്കില്ലെന്നും പുറത്തുനിന്ന് വാങ്ങുകയാണെന്നും കാണിച്ച് കുരുന്നുകൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പിന് ഫീസ്
തിരുവനന്തപുരം: പതിനെട്ട് വയസുവരെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും നാലു ലക്ഷത്തിലേറെപ്പേർക്ക് സൗജന്യ ചികിത്സ നൽകിയെന്നും കൊട്ടിഘോഷിക്കുന്ന സർക്കാർ, എസ്എടി ആശുപത്രിയുടെ അനാസ്ഥ കാണുന്നില്ലേ. മരുന്ന് സ്റ്റോക്കില്ലെന്നും പുറത്തുനിന്ന് വാങ്ങുകയാണെന്നും കാണിച്ച് കുരുന്നുകൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പിന് ഫീസ് ഈടാക്കുകയാണ് ഈ സർക്കാർ ആശുപത്രി.
മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്കില്ലെന്നും പുറത്തുനിന്ന് വാങ്ങിയാണ് കുത്തിവയ്പിന് ഉപയോഗിക്കുന്നതെന്നുമാണ് ഇതിന് ജീവനക്കാരുടെ മറുപടി. എന്നാൽ, ഏറ്റവുമധികം കുട്ടികൾ ചികിത്സയ്‌ക്കെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലെ എസ്എടി ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല എന്ന വാദം ഒരിക്കലും അംഗീകരിക്കാവുന്നതല്ല. കുത്തിവയ്പിനുള്ള മരുന്നുകൾക്ക് പണം നൽകുന്നവർക്കാകട്ടെ കൃത്യമായ ബിൽ നൽകുന്ന കാര്യത്തിലും കടുത്ത വീഴ്ചയാണ് വരുത്തുന്നതെന്നും പരാതി ഉയർന്നു കഴിഞ്ഞു.
സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പതിനെട്ടു വയസിൽ താഴെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയുടെ നടപടി. മെഡിക്കൽ കോളേജുകൾക്കും എസ്എടി ഉൾപ്പെടെയുള്ള ആശുപത്രികൾക്കും ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിരിക്കെയാണ് ചികിത്സയ്‌ക്കെത്തുന്നവരിൽ നിന്ന് പണം ഈടാക്കുന്നത്.
കുഞ്ഞുങ്ങൾക്ക് ഒന്നര വയസാകുമ്പോഴുള്ള കുത്തിവയ്‌പ്പിന് 380 രൂപയാണ് എസ്എടി ആശുപത്രിയിലെ ഇമ്യൂണൈസേഷൻ കൗണ്ടറിൽ ഈടാക്കുന്നത്. ഒരുമാസത്തിനുശേഷം വീണ്ടുമുള്ള കുത്തിവയ്‌പ്പിന് വരുമ്പോൾ 700 രൂപ നൽകണമെന്നും ആവശ്യപ്പെടുന്നു. അടുത്ത തവണ വരുമ്പോൾ പണം കൊണ്ടുവരണമെന്ന് രക്ഷിതാക്കളോട് പറഞ്ഞയക്കുകയാണ് കൗണ്ടറിലെ ജീവനക്കാർ.
രക്ഷിതാക്കൾ ഇത് ചോദ്യംചെയ്യുമ്പോൾ കുത്തിവയ്പിനുള്ള മരുന്നുകൾക്ക് സർക്കാർ സപ്ലൈ ഇല്ലെന്ന വിശദീകരണമാണ് ജീവനക്കാർ പറയുന്നത്. പുറത്തു നിന്ന് വാങ്ങിവച്ചിരിക്കുകയാണ് മരുന്നുകളെന്നും അതിനാൽ കാശുകൊടുക്കണം എന്നും ജീവനക്കാർ പറയുന്നു. എന്നാൽ, പണം അടച്ചാലോ കൃത്യമായ ബില്ലും നൽകുന്നില്ല. ഇമ്യൂണൈസേഷൻ ക്ലിനിക്കിൽ നിന്ന് കുഞ്ഞിന്റെ പ്രതിരോധ കുത്തിവയ്പിനുള്ള തീയതി കുറിക്കുന്ന രേഖയിൽ വെറുതെ പേനകൊണ്ട് തുക കുത്തിക്കുറിച്ച് നൽകുക മാത്രമാണ് ജീവനക്കാർ ചെയ്യുന്നത്.
സർക്കാരിന്റെ 'ആരോഗ്യകിരണം' പദ്ധതി അനുസരിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന 18 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ. എത്ര വില കൂടിയ മരുന്നും സർക്കാർ ചെലവിൽ ആശുപത്രി അധികൃതർ വാങ്ങി നൽകണം. പദ്ധതിയുടെ ഭാഗമായി എസ്എടി ഉൾപ്പെടെ മെഡിക്കൽ കോളേജുകൾക്ക് 25ലക്ഷം രൂപ വീതം സർക്കാർ നൽകിയിട്ടുമുണ്ട്.
സൗജന്യ ചികിത്സയ്ക്ക് സർക്കാർ ഫണ്ടുൾപ്പെടെ നൽകുമ്പോഴാണ് കടുത്ത അനീതി ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. പുറത്ത് നിന്ന രക്ഷിതാക്കൾ വാങ്ങിയാൽ കൂടുതൽ വില നൽകേണ്ടി വരുമെന്ന വാദമാണ് ആശുപത്രി ജീവനക്കാരുടേത്. എന്നാൽ, അവശ്യ മരുന്നുകൾ എന്തുകൊണ്ട് ആവശ്യത്തിന് സ്റ്റോക്ക് ചെയ്യുന്നില്ല എന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.
പ്രശ്‌നത്തിൽ ആരോഗ്യവകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. നാലുലക്ഷത്തിലേറെ കുരുന്നുകൾക്ക് പദ്ധതിയിലൂടെ സൗജന്യ ചികിത്സ നൽകിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് എസ്എടി ആശുപത്രിയിൽ പിഞ്ചുകുഞ്ഞുങ്ങൾക്കായുള്ള പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തിൽ കടുത്ത അനാസ്ഥയുണ്ടാകുന്നത്.