കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നത് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അതിന്റെ പേരിൽ ആശങ്കയ്ക്ക് ഇടവേണ്ടെന്നും കാബിനറ്റ് അഫേഴ്‌സ് മിനിസ്റ്റർ   ഷേക്ക് മുഹമ്മദ് അൽ അബ്ദുള്ള അൽ സാബാ. ജനങ്ങൾക്കു മേൽ നികുതി ചുമത്താനോ ശമ്പളം കുറയ്ക്കാനോ ബെനിഫിറ്റുകൾ വെട്ടിച്ചുരുക്കാനോ ഉദ്ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കി. നികുതി ഈടാക്കുന്ന സാധ്യതകളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ലോകത്തെ മറ്റെല്ലായിടത്തും തന്നെ നികുതിയാണ് രാജ്യത്തിന്റെ പ്രധാനവരുമാനമാർഗമെങ്കിലും കുവൈറ്റിനെ സംബന്ധിച്ച് അതല്ല. ഷേക്ക് മുഹമ്മദ് ചൂണ്ടിക്കാട്ടി. എണ്ണവില താഴ്ന്നതിന്റെ പശ്ചാത്തലത്തിൽ നാഷണൽ അസംബ്ലിയിൽ ഇതു സംബന്ധിച്ച ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കു മേൽ അധികഭാരം ചുമത്തുന്ന യാതൊന്നും സർക്കാരിന്റെ ഭാഗത്തു നിന്ന് സമീപഭാവിയിൽ ഉണ്ടാകില്ല. അതേസമയം ചില സർക്കാർ ഏജൻസികളോട് 20-25 ശതമാനം ചെലവു ചുരുക്കൽ നടപടിക്ക് ആവശ്യപ്പെട്ടേക്കാം. എന്നാൽ അത് ഏതൊക്കെയാണെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. 23.2 ബില്യൺ ദിനാർ ചെലവുചുരുക്കലിനാണ് പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബജറ്റ് കമ്മിറ്റി തലവൻ അഡ്‌നൻ അബ്ദുൾ സമദ് ചൂണ്ടിക്കാട്ടി. പുതിയ ബജറ്റിനു കീഴിൽ ശമ്പളം, ബെനിഫിറ്റുകൾ എന്നിവയിലൊന്നും കുറവുകൾ വരുത്തിയിട്ടില്ലെന്നും പെട്രോൾ, വൈദ്യുതി എന്നിവയുടെ നിരക്ക് വർധിക്കുന്ന തരത്തിൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അബ്ദുൾ സമദ് വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രധാന പ്രൊജക്ടുകളെയൊന്നും ഇപ്പോഴത്തെ അവസ്ഥ ബാധിക്കില്ലെന്ന് പ്ലാനിങ് മിനിസ്റ്റർ ഹിന്ദ് അൽ സുബൈ പറഞ്ഞു. നിലവിലുള്ള 29 മെഗാ പ്രൊജക്ടുകളിൽ ചിലത് സ്വകാര്യ മേഖലയുമായി സഹകരിച്ച് പൂർത്തിയാക്കാനാണ് തീരുമാനമെന്നും അൽ സുബൈ കൂട്ടിച്ചേർത്തു.